റോഡ് അപകടങ്ങള്‍ വലിയ വെല്ലുവിളി

റോഡ് അപകടങ്ങള്‍  വലിയ വെല്ലുവിളി

 

റോഡ് സേഫ്റ്റി എന്‍ജിനീയറിംഗ് മെഷേഴ്‌സിന്റെ ഭാഗമായുള്ള ഒരു സെമിനാറില്‍ അടുത്തിടെ സംസാരിക്കവെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ റോഡ് അപകടങ്ങളുടെ നിരക്ക് 50 ശതമാനം കുറയ്ക്കുമെന്നാണ്. ഇതിനായി നിരവധി കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍ മാത്രമല്ല അപകടങ്ങള്‍ കുറയ്ക്കാന്‍ ചെയ്യേണ്ടത്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ കണക്കുകള്‍ അനുസരിച്ച് 2014ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 4.5 ലക്ഷം റോഡ് അപകടങ്ങളാണ്. ഇത് 1.4 ലക്ഷം പേരുടെ മരണത്തിനും ഇടയാക്കി. ഇതില്‍ .8 ശതമാനം കേസുകള്‍ മാത്രമാണ് റോഡിന്റെ പ്രശ്‌നം കൊണ്ടുണ്ടായത്. റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ കണക്കെടുത്താല്‍ റോഡിന്റെ പ്രശ്‌നം കൊണ്ട് മരണപ്പെട്ടത് ഒരു ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ്.

69 ശതമാനത്തോളം റോഡ് അപകട കേസുകളും സംഭവിക്കുന്നത് ശ്രദ്ധയില്ലാത്ത ഡ്രൈവിംഗും ഓവര്‍ സ്പീഡും മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ വണ്ടി ഓടിക്കുന്നത് കാരണവുമാണ്. മോശം കാലാവസ്ഥാ പ്രശ്‌നങ്ങളും അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ സിക്കിം, മിസോറാം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് അടിസ്ഥാന സൗകര്യത്തിലെ പ്രശ്‌നം കൊണ്ട് കൂടുതല്‍ അപകടങ്ങളുണ്ടാകുന്നത്. ബാക്കിയുള്ള മിക്ക സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ റോഡ് അപകടമരണങ്ങള്‍ വലിയ തോതിലുണ്ടാകുന്നില്ല.

2010 മുതല്‍ 2015 വരെ റോഡ് അപകടങ്ങള്‍ കാരണം മരിച്ചവരുടെ എണ്ണത്തില്‍ ശരാശരി 1.2 ശതമാനമാണ് വര്‍ധന. 2014ല്‍ മാത്രം വര്‍ധന 3.6 ശതമാനമായി. റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഒരുക്കാന്‍ വന്‍തുക മുടക്കുന്നതിനോടൊപ്പം തന്നെ മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശ്രമം വേണം. എങ്കില്‍ മാത്രമേ വാഹനാപകടമരണങ്ങള്‍ കുറയ്ക്കാന്‍ സാധിക്കൂ.

Comments

comments

Categories: Editorial