ജനാധിപത്യം സഞ്ചരിക്കുന്നത് ഇരുണ്ട മണിക്കൂറുകളിലൂടെ: രാഹുല്‍; സോണിയയുടെ അഭാവത്തില്‍ അധ്യക്ഷനായി

ജനാധിപത്യം സഞ്ചരിക്കുന്നത് ഇരുണ്ട മണിക്കൂറുകളിലൂടെ: രാഹുല്‍; സോണിയയുടെ അഭാവത്തില്‍ അധ്യക്ഷനായി

ന്യൂഡല്‍ഹി: മോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് ജനാധിപത്യം ഇരുണ്ട മണിക്കൂറുകളിലൂടെയാണ് സഞ്ചരിക്കുന്നതെന്നും ഭരണത്തിന്റെ ലഹരി തലയ്ക്ക് പിടിച്ച മോദി സര്‍ക്കാര്‍ എതിര്‍ക്കുന്നവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ മോദിക്കെതിരേ വിമര്‍ശനങ്ങളുടെ കെട്ടഴിച്ചത്. സോണിയയുടെ അഭാവത്തില്‍ രാഹുലാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. ആദ്യമായിട്ടാണ് പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ അധ്യക്ഷ സ്ഥാനം വഹിച്ചത്.
ദേശീയ സുരക്ഷയുടെ പേരില്‍ സാധാരണ പൗരന്മാരെ ചോദ്യങ്ങള്‍ ചോദിച്ച് ഭയപ്പെടുത്തുകയാണെന്നും രാഹുല്‍ പറഞ്ഞു. യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ മന്‍മോഹന്‍ സിംഗ്, പി. ചിദംബരം, ഗുലാം നബി ആസാദ്, ജനാര്‍ദ്ദന്‍ ദ്വിവേദി, അഹ്മദ് പട്ടേല്‍, അംബിക സോണി, എ.കെ. ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
ഈ മാസം 16ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുകയാണ്. സമ്മേളനത്തില്‍ ഉന്നയിക്കേണ്ട കാര്യങ്ങളെക്കുറിച്ച് തന്ത്രം മെനയേണ്ടതിനെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്തു.
അതേസമയം കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുലിനെ പരിഗണിക്കുന്ന കാര്യങ്ങളൊന്നും യോഗം ചര്‍ച്ച ചെയ്തില്ല. അടുത്ത വര്‍ഷം നടക്കുന്ന യുപി, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്താല്‍ മതിയെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

Comments

comments

Categories: Politics

Related Articles