പിഎന്‍ബിയുടെ അറ്റാദായത്തില്‍ 11.5 ശതമാനം ഇടിവ്

പിഎന്‍ബിയുടെ അറ്റാദായത്തില്‍ 11.5 ശതമാനം ഇടിവ്

ന്യൂഡെല്‍ഹി : പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അറ്റാദായം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 11.5 ശതമാനം കുറഞ്ഞു. 549.36 കോടി രൂപയാണ് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം കുറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 621.03 കോടി രൂപയായിരുന്നു. കിട്ടാക്കടം പെരുകിയതാണ് ബാങ്കിന് വിനയായത്. ഈ സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ അറ്റാദായം 306.36 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 57 ശതമാനത്തിന്റെ ഇടിവാണ് ആദ്യപാദത്തില്‍ നേരിട്ടിരുന്നത്. അതിനാല്‍ ബാങ്കിന്റെ അറ്റാദായം തിരിച്ചുവരവിന്റെ പാതയിലാണെന്നും ചുരുങ്ങിയ പാദങ്ങള്‍ക്കുള്ളില്‍ വളര്‍ച്ച കൈവരിക്കാനാകുമെന്നും വിലയിരുത്തലുകളുണ്ട്.

രണ്ടാം പാദത്തില്‍ ബാങ്കിന്റെ കിട്ടാക്കടം 34.6 ശതമാനം വര്‍ധിച്ച് 2533.76 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കിട്ടാക്കടം 1882.08 കോടി രൂപയായിരുന്നു. അനുവദിച്ച വായ്പകളിലെ മൊത്തം നിഷ്‌ക്രിയാസ്തിയുടെ അളവ് 13.63 ശതമാനമായി ഉയര്‍ന്നു. 2015-16ലെ രണ്ടാം പാദത്തില്‍ ഇത് 6.36 ശതമാനമായിരുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ അറ്റ നിഷ്‌ക്രിയാസ്തി 9.10 ശതമാനമായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3.99 ശതമാനമായിരുന്നു.

വരും സാമ്പത്തിക പാദങ്ങളില്‍ പടിപടിയായി അറ്റാദായം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ ഉഷ അനന്തസുബ്രഹ്മണ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കിട്ടാക്കടങ്ങളും നികുതികളും മറ്റും പരിഗണിക്കാതെ കണക്കാക്കുമ്പോള്‍ ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 12.7 ശതമാനം വര്‍ധിച്ച് 3,312.04 കോടി രൂപയിലെത്തിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Banking