പാസ്‌പോര്‍ട്ടില്‍ കുടുംബാംഗങ്ങളുടെ പേരുവിവരങ്ങള്‍ ചേര്‍ക്കേണ്ടെന്ന് ശുപാര്‍ശ

പാസ്‌പോര്‍ട്ടില്‍ കുടുംബാംഗങ്ങളുടെ പേരുവിവരങ്ങള്‍ ചേര്‍ക്കേണ്ടെന്ന് ശുപാര്‍ശ

ന്യൂഡെല്‍ഹി: ഭര്‍ത്താവിന്റെയോ ഭാര്യയുടേയൊ പിതാവിന്റെയോ പേര് നിര്‍ബന്ധമായും പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കണമെന്ന വ്യവസ്ഥ നീക്കം ചെയ്യണമെന്ന് പാസ്‌പോര്‍ട്ട് ചട്ടങ്ങളിലെ ഭേദഗതികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. പാസ്‌പോര്‍ട്ട് ഓര്‍ഗനൈസേഷനിലേയും വനിതാ ശിശുക്ഷേമ മന്ത്രാലയത്തിലേയും അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മൂന്നു മാസം മുന്‍പാണ് 1967ലെ ചട്ടത്തില്‍ ഭേദഗതികള്‍ നിര്‍ദേശിക്കാനായി സമിതി രൂപീകരിച്ചത്.

പാസ്‌പോര്‍ട്ടില്‍ ബന്ധുക്കളുടെ പേരുകള്‍ ചേര്‍ക്കുന്നത് അനാവശ്യമാണെന്നും വികസിത രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടില്‍ ഈ രീതി നിലവിലില്ലെന്നും വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി ചൂണ്ടിക്കാണിക്കുന്നു. ഈ വിവരങ്ങള്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ വേണ്ടതുണ്ടെങ്കിലും പാസ്‌പോര്‍ട്ടില്‍ അച്ചടിച്ച് ചേര്‍ക്കേണ്ടതില്ല. ഇതിന്റെ നടപടികളുടെ ഭാഗമായി പലപ്പോഴും സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ മാനുഷികമായി പരിഗണിക്കണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്.

വിഹാഹ മോചിതരായ സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍, ദത്തെടുത്തവര്‍, വാടകഗര്‍ഭപാത്രത്തില്‍ ജനിച്ചവര്‍, വിവാഹേതര ബന്ധത്തിലെ കുട്ടികള്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് നിലവിലെ വ്യവസ്ഥകള്‍ സാങ്കേതികമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Slider, Top Stories