കാലാവസ്ഥ വ്യതിയാനം ചെറുക്കാന്‍ എണ്ണ, വാതക കമ്പനികള്‍ കൈകോര്‍ക്കുന്നു

കാലാവസ്ഥ വ്യതിയാനം ചെറുക്കാന്‍  എണ്ണ, വാതക കമ്പനികള്‍ കൈകോര്‍ക്കുന്നു

 

ന്യൂഡെല്‍ഹി: കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാന്‍ എണ്ണ, വാതക കമ്പനികളുടെ സഖ്യം. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ തടയുന്നതിനു സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യകള്‍ ആവിഷ്‌കരിക്കുന്നതിന് പത്തു കമ്പനികള്‍ ചേര്‍ന്ന് ഒരു ബില്ല്യണ്‍ ഡോളര്‍ മൂലധനമുള്ള നിക്ഷേപ സ്ഥാപനം രൂപീകരിച്ചു.
സൗദി ആരാംകോ, ബ്രിട്ടീഷ് പെട്രോളിയം (ബിപി), ഇഎന്‍ഐ, സ്റ്റാറ്റ്ഓയില്‍ എന്നിവ ഉള്‍പ്പെടെയുള്ള കമ്പനികളുടെ കൂട്ടായ്മയാണ് കാലാവസ്ഥ വ്യതിയാനത്തെ തടയാന്‍ ചരിത്രത്തിലാദ്യമായി ഇത്രയും തുക നിക്ഷേപിച്ചത്. കഴിഞ്ഞ വര്‍ഷം 200 രാജ്യങ്ങള്‍ ഒപ്പിട്ട പാരിസ് ഉടമ്പടിയുടെ ചുവടുപിടിച്ചാണിത്. കാര്‍ബണ്‍ സ്വാംശീകരണം, ശേഖരണം, ഉപയോഗം എന്നിവയ്ക്കുള്ള സാങ്കേതിക വിദ്യകള്‍ ആവിഷ്‌കരിക്കുന്നതിനും മീതൈന്‍ പ്രസരണം കുറയ്ക്കുന്നതിനും ഈ തുക വിനിയോഗിക്കും. സര്‍വകലാശാലകളുമായും സ്റ്റാര്‍ട്ടപ്പുകളുമായും സഹകരിച്ചാവും സാങ്കേതിക വിദ്യകള്‍ കണ്ടെത്തുക. എന്ന
ാല്‍ സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള വൈദ്യുതി എന്നിവയെ നിക്ഷേപം പിന്തുണയ്ക്കുന്നില്ല. ഇതാദ്യമായാണ് പരസ്പ്പരമുള്ള മത്സരം മറന്ന് ഇത്രയും കമ്പനികള്‍ പരിസ്ഥിതിക്കുവേണ്ടി ഒന്നിക്കുന്നത്. ബില്ല്യണ്‍ ഡോളര്‍ ഒരു തുടക്കം മാത്രം. കാര്‍ബണ്‍ പ്രസരണം കുറയ്ക്കുകയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുകയുമാണ് ലക്ഷ്യം- സൗദി ആരാംകോ ചീഫ് എക്‌സിക്യൂട്ടിവ് അമീര്‍ നാസര്‍ പറഞ്ഞു.
ബില്ല്യണ്‍ ഡോളര്‍ എന്നത് നല്ല നിക്ഷേപം തന്നെ. ഈ തുക കാര്യക്ഷമമായി വിനിയോഗിക്കാന്‍ സ്വകാര്യ നിക്ഷേപ സ്ഥാപനങ്ങളുമായും വെഞ്ച്വര്‍ കാപ്പിറ്റലുകളുമായും ചര്‍ച്ച നടത്തിവരുന്നെന്ന് റെപ്‌സോള്‍ സിഇഒ ജോസു ജോന്‍ ഇമാസ് വ്യക്തമാക്കി.
കാലാവസ്ഥ മാറ്റത്തെ മറികടക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ബിപി സിഇഒ ബോബ് ഡഡ്‌ലെ പറഞ്ഞു. ഹരിതഗൃഹ വാതക പ്രസരണം കുറയ്ക്കുന്നതിന് നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ ബിപി കാഴ്ചവയ്ക്കുന്നുണ്ട്. അതിനൊപ്പം ലോകത്തിന്റെ ഊര്‍ജ്ജ ആവശ്യകതയോട് നീതി പുലര്‍ത്താനും സാധിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പത്തു കമ്പനികളുടെ ഈ കൂട്ടായ്മയെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഡഡ്‌ലെ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഒറ്റരാത്രികൊണ്ട് ഓയിലിന്റെയും ഗ്യാസിന്റെയുമൊക്കെ ഉപയോഗം അവസാനിപ്പിക്കാനാവില്ലെന്നും ആ യാഥാര്‍ത്ഥ്യം ഏവരും അംഗീകരിക്കണമെന്നും ഇഎന്‍ഐ തലവന്‍ ക്ലോഡിയോ ഡെസ്‌കാല്‍സി ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy