ഡിജിറ്റല്‍ ലോകത്ത് കവര്‍ച്ചയും പിടിച്ചുപറിയും വ്യാപകമാകുന്നു

ഡിജിറ്റല്‍ ലോകത്ത് കവര്‍ച്ചയും പിടിച്ചുപറിയും വ്യാപകമാകുന്നു

 

ന്യൂഡെല്‍ഹി : ഡിജിറ്റല്‍ ലോകത്ത് കവര്‍ച്ചയും പിടിച്ചുപറിയും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ പണാപഹരണമാണ് ഇപ്പോഴത്തെ പ്രവണത. റാന്‍സംവെയര്‍ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കംപ്യൂട്ടറുകള്‍ ആക്രമിച്ച് ഡാറ്റ ബ്ലോക്ക് ചെയ്യുകയും തുടര്‍ന്ന് ബിറ്റ്‌കോയിന്‍ പോലുള്ള വിര്‍ച്ച്വല്‍ കറന്‍സിയിലൂടെ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്നത് പതിവായിരിക്കുന്നത്.

ഇത്തരം തട്ടിപ്പുകള്‍ക്ക് രാജ്യാതിര്‍ത്തികളോ നിയന്ത്രണ രേഖകളോ ഇല്ലെന്നതാണ് വാസ്തവം. ജനുവരിയില്‍ രാജ്യത്തെ മൂന്ന് ബാങ്കുകളുടെയും ഒരു മരുന്ന് കമ്പനിയുടെയും കംപ്യൂട്ടര്‍ സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഫെബ്രുവരിയില്‍ ഭോപ്പാലിലെ പിഎച്ച്ഡി ഗവേഷകനായ ചന്ദ്രഭൂഷണ്‍ ത്രിപാഠിയുടെ ലാപ്‌ടോപ്പിലെ എല്ലാ വിവരങ്ങളും അപ്രത്യക്ഷമായി. ജൂലൈയില്‍ അമൃത്‌സറിലെ ആയുര്‍വേദ മരുന്ന് കമ്പനിയായ ശ്രീ ധന്വന്തരി ഹെര്‍ബല്‍സിന്റെ ജീവനക്കാരുടെ കംപ്യൂട്ടറുകള്‍ ലോഗ് ഔട്ട് ചെയ്യപ്പെട്ട നിലയിലായിരുന്നു.

ഫോണ്‍വിളിയിലൂടെ വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ് നടത്തുന്ന രീതി ഇപ്പോള്‍ കംപ്യൂട്ടര്‍ സ്്രകീനില്‍ പോപ് അപ് സന്ദേശങ്ങള്‍ അയക്കുന്നതിലേക്ക് വഴിമാറിയിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളും ബ്രൗസിംഗ് ഹിസ്റ്ററിയും ഫോട്ടോകളുമെല്ലാം ഒരൊറ്റ കീബോര്‍ഡ് ക്ലിക്കിലൂടെ സ്വന്തമാക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുന്നു. ഡൗണ്‍ലോഡ് ചെയ്യപ്പെട്ട് ഉടന്‍ തന്നെ റാന്‍സംവെയര്‍ സിസ്റ്റത്തെ ആക്രമിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ പതിയെ രണ്ട് ദിവസത്തിനുള്ളില്‍ അത് വിവിധമേഖലകളില്‍ കൈവെച്ച് തുടങ്ങും. പ്രത്യക്ഷത്തില്‍ ഹാനികരമല്ലെന്ന് തോന്നുന്നതരത്തിലാണ് റാന്‍സംവെയര്‍ സോഫ്റ്റ്‌വെയറുകള്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ മറഞ്ഞിരുന്ന് നിങ്ങളുടെ സിസ്റ്റത്തിലെ എല്ലാ വിവരങ്ങളും ചോര്‍ത്താന്‍ ഇതിനാകുമെന്ന് കെപിഎംജി ഇന്ത്യയിലെ ഐടി ഉപദേശകനും സൈബര്‍ സുരക്ഷയുടെ ചുമതല വഹിക്കുന്നയാളുമായ അനില്‍ ഗുപ്ത ചൂണ്ടിക്കാണിക്കുന്നു.
കംപ്യൂട്ടറുകളെയും ലാപ്‌ടോപുകളെയും പുറമേ സ്മാര്‍ട്ട്‌ഫോണുകളെയും ടാബ് ലെറ്റുകളെയും വിവിധ സര്‍വറുകളെയും വെയറബിള്‍ ഡിവൈസുകളെയും ആക്രമിക്കാന്‍ റാന്‍സംവെയറുകള്‍ക്കാകുമെന്നതാണ് ഏറ്റവും അപകടകരമായ വസ്തുത. വ്യക്തികള്‍ മുതല്‍ അന്താരാഷ്ട്ര ബിസിനസ് സംരംഭങ്ങള്‍ക്ക് വരെ ഒരേപോലെ ഭീഷണിയായി മാറാന്‍ റാന്‍സംവെയറിന് സാധിക്കുന്നത് അതുകൊണ്ടാണ്.

Comments

comments

Categories: Slider, Tech