പ്രതിസന്ധികളിലെ അവസരം

പ്രതിസന്ധികളിലെ അവസരം

ജോബിന്‍ എസ് കൊട്ടാരം

2007 ജനുവരി 12, തണുത്തുറഞ്ഞ ഒരു ശരത്കാല  പ്രഭാതമായിരുന്നു അത്. വളരെ തിരക്കേറിയ ലാ എന്‍ഫന്റ് പ്ലാസ സബ്‌വേ സ്റ്റേഷനില്‍ നിന്ന് ബേസ്‌ബോള്‍ തൊപ്പിയും നീല ജീന്‍സുമണിഞ്ഞ ഒരാള്‍ വയലിന്‍ വായിക്കുകയായിരുന്നു. തിരക്കേറിയ ആ സബ്‌വേ സ്റ്റേഷനുള്ളില്‍ നിന്ന് തന്റെ വിരലുകളുടെ മാന്ത്രിക സ്പര്‍ശത്താല്‍ അത്ഭുതാവഹമായ സംഗീതം തന്നെ അദ്ദേഹം സൃഷ്ടിച്ചു. നാല്‍പ്പത്തിയഞ്ചു മിനുറ്റോളം ദൈര്‍ഘ്യമുള്ള സോളോ പ്രസന്റേഷനായിരുന്നു അത്. ആ നാല്‍പ്പത്തിയഞ്ചു മിനുറ്റിനുള്ളില്‍ ഏകദേശം 1097 യാത്രക്കാര്‍ അതുവഴി കടന്നുപോയി. പക്ഷേ, പലരും അദ്ദേഹം വയലിന്‍ വായിക്കുന്നത് ശ്രദ്ധിച്ചതേയില്ല.

മൂന്നു മിനുറ്റു കഴിഞ്ഞപ്പോള്‍ ഒരു മധ്യവയസ്‌കന്‍ വയലിനിസ്റ്റിനെ ഏതാനും നിമിഷങ്ങള്‍ ശ്രദ്ധിച്ചു. അതിനു ശേഷം അയാളുടെ തിരക്കുകളിലേക്ക് അയാളും ഊളിയിട്ടു. നാലാമത്തെ മിനുറ്റില്‍ അതുവഴി വന്ന ഒരു സ്ത്രീ ഒരു ഡോളറിന്റെ നോട്ട് വയലിനിസ്റ്റിന്റെ നേര്‍ക്ക് എറിഞ്ഞിട്ട് കടന്നുപോയി. അതായിരുന്നു അയാള്‍ക്ക് ലഭിച്ച ആദ്യത്തെ സംഭാവന. എട്ടു മിനുറ്റ് കഴിഞ്ഞപ്പോഴേയ്ക്കും ഒരു മെലിഞ്ഞ മനുഷ്യന്‍ വയലിനിസ്റ്റ് നില്‍ക്കുന്നതിനരികിലേക്ക് വന്ന് അയാളുടെ പെര്‍ഫോമന്‍സ് വീക്ഷിക്കുവാനാരംഭിച്ചു. കുറച്ചുനേരം വയലിനിസ്റ്റിനെ ശ്രദ്ധിച്ചശേഷം തന്റെ വാച്ചില്‍ നോക്കിയിട്ട് അയാളും അവിടെ നിന്ന് കടന്നുകളഞ്ഞു.

മുക്കാല്‍ മണിക്കൂര്‍ നേരത്തെ പെര്‍ഫോമന്‍സിനിടയില്‍ വയലിനിസ്റ്റിന് ഏറ്റവുമധികം ശ്രദ്ധകിട്ടിയത് മൂന്നു വയസ്സുള്ള ഒരു കുട്ടിയില്‍ നിന്നാണ്. വിടര്‍ന്ന കണ്ണുകളോടെ, സാകൂതം അവന്‍ അയാളുടെ പ്രകടനം വീക്ഷിച്ചുകൊണ്ടിരുന്നു. എന്നാല്‍ മൂന്നു മിനുട്ടു കഴിഞ്ഞപ്പോള്‍ ആ ബാലന്റെ അമ്മ വന്ന് നിര്‍ബന്ധപൂര്‍വ്വം അവനെ അവിടെ നിന്നും കൂട്ടിക്കൊണ്ടുപോയി. അവന്റെ പ്രായത്തിലുള്ള ഏതാനും കുട്ടികള്‍ കൂടി ആ വയലിനിസ്റ്റിന്റെ പ്രകടനം കാണുവാനെത്തി. പക്ഷേ, മനോഹരമായ ആ സംഗീതം ആസ്വദിക്കാന്‍ തിരക്കുള്ള മാതാപിതാക്കള്‍ അവരെ സമ്മതിച്ചില്ല. 1097 യാത്രികരില്‍ വെറും ആറുപേര്‍ മാത്രമാണ് കുറച്ചു സമയമെങ്കിലും ആ മനോഹരമായ പ്രകടനം കാണുവാനായി സമയം ചെലവഴിച്ചത്.

ഇരുപതോളം യാത്രക്കാര്‍ ആരാണ് വയലിന്‍ വായിക്കുന്നതെന്നുപോലും ശ്രദ്ധിക്കാതെ നാണയത്തുട്ടുകള്‍ അയാള്‍ക്ക് നേരെ വലിച്ചെറിഞ്ഞു. മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹത്തിന് മുക്കാല്‍ മണിക്കൂറില്‍ ലഭിച്ചത് വെറും 32 ഡോളര്‍ മാത്രമായിരുന്നു. അദ്ദേഹം തന്റെ പ്രകടനം അവസാനിപ്പിച്ചപ്പോള്‍ ഒരു വലിയ നിശബ്ദത ആ സബ്‌വേ സ്റ്റേഷനിലുണ്ടായി. പക്ഷേ, ഒരാള്‍പോലും ആ പ്രകടനത്തെ അഭിനന്ദിക്കുവാന്‍ മുതിര്‍ന്നില്ല. എന്നാല്‍ അതുവഴി കടന്നുപോയ 1097 യാത്രക്കാരും മനസ്സിലാക്കാതെ പോയ ഒരു യാഥാര്‍ത്ഥ്യമുണ്ടായിരുന്നു. അവിടെ പ്രകടനം നടത്തിയത് ലോകത്തെ ഏറ്റവും വിഖ്യാതനായ വയലിനിസ്റ്റ് ജോഷ്വാ ബെല്ലായിരുന്നു എന്ന സത്യമായിരുന്നത്. പ്രതിഭകള്‍ക്കു മാത്രം ചെയ്യുവാന്‍ കഴിയുന്ന ആറു പ്രകടനങ്ങളുടെ മേളനമായ സോണാറ്റാസ് ആന്‍ഡ് പാര്‍ട്ടിറ്റാസ് എന്ന അതുല്യമായ നമ്പരാണ് അദ്ദേഹത്തിന്റെ വയലിനില്‍ നിന്നും ഉതിര്‍ന്നു വീണത്.

ഏതാണ്ട് 400 വര്‍ഷം പഴക്കമുള്ള, പതിനെട്ട് കോടി രൂപ വിലവരുന്ന വയലിനിലാണ് ജോഷ്വാ ബെല്‍ പ്രകടനം നയിച്ചതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവര്‍ ആ യാത്രക്കാരില്‍ ആരുമുണ്ടായിരുന്നില്ല.  തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന മനോഹരങ്ങളായ സംഭവങ്ങളോട് ആളുകള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് തിരിച്ചറിയുവാന്‍ വേണ്ടി വാഷിങ്ടണ്‍ പോസ്റ്റ് സംഘടിപ്പിച്ച ഒരു സോഷ്യല്‍ എക്‌സ്‌പെരിമെന്റിന്റെ ഭാഗമായാണ് ജോഷ്വാ ബെല്‍ ഈ പ്രകടനം കാഴ്ചവച്ചത്. ജോഷ്വാ ബെല്ലിന്റെ പ്രകടനം ഒപ്പിയെടുക്കാന്‍ നിരവധി ഒളി കാമറകള്‍ സബ്‌വേ സ്റ്റേഷനിലുടനീളം വച്ചിരുന്നു. ഈ സംഭവം നടക്കുന്നതിന്റെ തലേ രാത്രി വിഖ്യാതമായ ബോസ്റ്റണ്‍ തിയേറ്ററില്‍ അദ്ദേഹം ഒരു പ്രകടനം കാഴ്ചവച്ചിരുന്നു. നിറഞ്ഞ സദസ്സാണ് നൂറു കണക്കിന് ഡോളര്‍ നല്‍കി അദ്ദേഹത്തിന്റെ പ്രകടനം കാണുവാന്‍ തലേരാത്രി എത്തിയത്. വാഷിങ്ടണ്‍ പോസ്റ്റിലെ ജീന്‍പെയിന്‍ ഗാര്‍ട്ടന്‍ ഈ സാമൂഹിക പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പുസ്തകമെഴുതി ‘ദ ഫിഡ്‌ലര്‍ ഇന്‍ ദ സബ്‌വേ’. ആ പുസ്തകത്തിന് അദ്ദേഹത്തിന് പുലിറ്റ്‌സര്‍ സമ്മാനം ലഭിക്കുകയും ചെയ്തു.

തിരക്കു നിറഞ്ഞ ജീവിതത്തിനിടയിലും ആനന്ദം പകരുന്ന ഒട്ടേറെ കാര്യങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ടെന്ന യാഥാര്‍ത്ഥ്യം ഈ അനുഭവം നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ പലപ്പോഴും ആ യാഥാര്‍ത്ഥ്യം കണ്ടെത്തുവാനോ തിരിച്ചറിയുവാനോ നമുക്ക് കഴിയാതെ പോകുന്നു വെന്നതാണ് ഏറെ സങ്കടകരമായ കാര്യം.  ലക്ഷ്യത്തിനുവേണ്ടി കണ്ണടച്ച് പരക്കം പായുമ്പോള്‍ ചുറ്റുപാടും ആസ്വദിക്കാന്‍ പറ്റുന്ന പല കാര്യങ്ങളും നമുക്ക് നഷ്ടമാകുന്നുവെന്ന് തിരിച്ചറിയുക. ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയില്‍ സന്തോഷത്തോടെ ജീവിതം ആസ്വദിക്കാന്‍ തുറന്ന മനസും തുറന്ന കണ്ണുകളും ഉള്ളവര്‍ക്ക് സാധിക്കും. നിസാരമെന്നു കരുതി നമ്മള്‍ പലതിനെയും അവഗണിക്കുന്നതിനുള്ള കാര്യം ഒരു പക്ഷേ അവയുടെ മൂല്യം മനസിലാക്കാത്തതു കൊണ്ടായിരിക്കാം. ജീവിതത്തില്‍ ചെറുതെന്ന് വിചാരിക്കുന്ന കാര്യങ്ങളായിരിക്കാം വലിയ സന്തോഷങ്ങളിലേക്ക് നമ്മെ നയിക്കുന്നത്.

ചിന്ത

ഒരു മോശം ആപ്പിള്‍ കഴിച്ചിട്ടില്ലെങ്കില്‍ ഒരിക്കലും ഒരു നല്ല ആപ്പിളിനെ നാം പ്രശംസിക്കുകയില്ല. അതുപോലെ ജീവിതാനുഭവങ്ങള്‍ ജീവിതത്തെ കൂടുതല്‍ മനസിലാക്കുന്നതിനാണ്. പ്രയാസമേറിയ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ഓരോന്നിന്റെയും വില നാം മനസിലാക്കുന്നത്.

(ഇന്റര്‍നാഷണല്‍ മോട്ടിവേഷണല്‍ സ്പീക്കറും സൈക്കോളജിസ്റ്റും എഴുത്തുകാരനുമാണ് ലേഖകന്‍. മൊബീല്‍: 9447259402)

Comments

comments

Categories: FK Special