യുഎസില്‍ വെന്നിക്കൊടി പാറിക്കാന്‍ ലുലു

യുഎസില്‍ വെന്നിക്കൊടി പാറിക്കാന്‍ ലുലു

 

ന്യൂ ജേഴ്‌സി: പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലുലു ഗ്രൂപ്പ് ന്യുജേഴ്‌സിയില്‍ ഭക്ഷ്യ സംസ്‌കരണ-ലോജിസ്റ്റിക്‌സ് കേന്ദ്രം ആരംഭിച്ചുകൊണ്ട് യുഎസിലേക്ക് ചുവടുവെക്കുന്നു. ‘വൈ ഇന്റര്‍നാഷണല്‍ യുഎസ് ‘എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ച സെന്റര്‍ ന്യൂ ജേഴ്‌സി ബെര്‍ജന്‍ കൗണ്ടിയിലെ ലിന്‍ഢസ്റ്റ് മേയര്‍ റോബര്‍ട്ട് ഗിയാന്‍ ജെറുസോയും, എഡ്ജ്‌വാട്ടര്‍ മേയര്‍ മൈക്കല്‍മക് പാര്‍ട്ട് ലാന്‍ഡും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സെലക്ട് യുഎസ്എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിനയ് തുമ്മലപ്പള്ളി, ചൂസ് ന്യു ജേഴ്‌സി സിഇഒ മിഷെല്‍ ബ്രൗണ്‍, ഉന്നതഉദ്യോഗസ്ഥര്‍, അമേരിക്കന്‍ ഇന്ത്യന്‍ ബിസിനസ് സമൂഹത്തിലെ പ്രമുഖര്‍ എന്നിവരടക്കം നിരവധി പേര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അഷ്‌റഫ് അലി, ലുലു ഡയറക്ടര്‍ അല്ത്താഫ്, വൈ ഇന്റര്‍നാഷണല്‍ യുഎസ് റീജണല്‍ മാനേജര്‍ സ്‌കോട് വെബ്ബര്‍ എന്നിവരും സംബന്ധിച്ചു.

20 മില്യണ്‍ യുഎസ് ഡോളറിന്റെ പ്രാരംഭ മുതല്‍ മുടക്കില്‍ ആരംഭിച്ച കേന്ദ്രം വടക്കേ അമേരിക്കയിലെ ഭക്ഷ്യ, ഭക്ഷ്യോതര ഫ്രോസണ്‍ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച ശേഷം കയറ്റുമതി ചെയ്ത് ലുലു ഗ്രൂപ്പിന്റെ ഗള്‍ഫ്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിവടങ്ങളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലൂടെ വിപണിയിലെത്തിക്കുകയാണ് ചെയ്യുക. ഉന്നത ഗുണനിലവാരമുള്ള’മേഡ് ഇന്‍ യുഎസ്എ’ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുക, വിവിധ രാജ്യങ്ങളിലേക്കുള്ള ഡേറ്റ് കോഡിങ്ങ്, അറബിക് ലേബലുകള്‍, ഭക്ഷ്യ സംസ്‌കരണം മുതലായവയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ കാര്യങ്ങളാണ് പുതിയ കേന്ദ്രത്തിലുള്ളത്.

അമേരിക്കയിലും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചതിലൂടെ ഗുണനിലവാരമുള്ള കൂടുതല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ തദ്ദേശീയര്‍ക്ക് 75 ഓളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രവര്‍ത്തനം പൂര്‍ണ്ണ തോതിലാകുന്നതോടെ ഇരുനൂറോളം പുതിയ തൊഴിലവസരങ്ങളും ഉണ്ടാകും. വരും വര്‍ഷങ്ങളില്‍ അമേരിക്കയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും യൂസഫലി പറഞ്ഞു. 100 കോടിരൂപയുടെ വിറ്റുവരവാണ് ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ കേന്ദ്രത്തിലൂടെ പ്രതീക്ഷിക്കുന്നതെന്നും യൂസഫലി പറഞ്ഞു.

ഗള്‍ഫ്‌രാജ്യങ്ങളില്‍ ശക്തമായസന്നിധ്യമുള്ള ലുലു പ്രവര്‍ത്തന മേഖല അമേരിക്കയിലേക്കും വ്യാപിപ്പിച്ചത് വാണിജ്യമേഖലയില്‍ പുത്തനുണര്‍വ് ഉണ്ടാക്കുമെന്ന് ചൂസ് ന്യു ജേഴ്‌സി സിഇഒ, മിഷെല്‍ ബ്രൗണ്‍ പറഞ്ഞു. അമേരിക്കയിലെ ഭക്ഷ്യ-ഭക്ഷ്യേതര നിര്‍മ്മാതാക്കള്‍ക്ക് പുതിയ ഇതിലൂടെ പുതിയ വിപണി തുറന്ന് കിട്ടുമെന്നും അവര്‍ പറഞ്ഞു. അമേരിക്കയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി രൂപീകരിച്ച സെലക്ട് യുഎസ്എ പദ്ധതി പ്രകാരമാണ് ലുലു ഗ്രൂപ്പ് നിക്ഷേപം നടത്തിയിട്ടുള്ളത്.

Comments

comments

Categories: Branding, Slider