കാനായിയുടെ കാവ്യശില്‍പ്പങ്ങള്‍

കാനായിയുടെ കാവ്യശില്‍പ്പങ്ങള്‍

പാലോട് ദിവാകരന്‍

പ്രകൃതിക്കിണങ്ങുവിധം തുറസായ സ്ഥലങ്ങളില്‍ ശില്‍പ്പങ്ങള്‍ പണിതുയര്‍ത്തി വിമര്‍ശനങ്ങളും വിവാദങ്ങളും നേരിടേണ്ടിവന്നപ്പോഴും തന്റെ ആശയാവിഷ്‌കാരത്തിന്റെ അന്തസത്തയില്‍ ഉറച്ചുനിന്നുകൊണ്ട് അവയെയെല്ലാം അതിജീവിക്കുവാന്‍ ജന്മസിദ്ധമായ കഴിവുകളുള്ള കാനായി കുഞ്ഞിരാമന് സാധിച്ചു. കാനായി കൊത്തിയിട്ടുള്ള ശില്‍പ്പങ്ങള്‍ വ്യക്തമായ ആശയങ്ങളും സന്ദേശങ്ങളും നല്‍കുന്നവയാണ്. അവ കാണണമെങ്കില്‍, അവയെ അടുത്തറിയണമെങ്കില്‍ മൂല്യച്യുതി ബാധിക്കുന്ന മനസിനു പകരം തെളിമയുള്ള മനസുണ്ടാകണം. അത്തരം മനസുകള്‍ക്കേ ശ്ലീലത്തേയും അശ്ലീലത്തേയും തിരിച്ചറിയാനാകു.

മഹാകവി കുട്ടമത്തിന്റെ നാടായ കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ ഗ്രാമത്തില്‍ 1937ലാണ് കാനായി കുഞ്ഞിരാമന്‍ ജനിച്ചത്. പിതാവ് കോണ്‍ഗ്രസ് നേതാവും സമ്പന്നനുമായ പി പി രാമനും മാതാവ് കുട്ടമത്ത് സ്വദേശിയും കുടുംബിനിയുമായ കെ മാധവിയുമാണ്. പിതാവിന്റെ തറവാട്ടിലായിരുന്നു കുഞ്ഞിരാമന്റെ ബാല്യം കടന്നുപോയത്. പഠിക്കാന്‍ മോശമായിരുന്ന കുഞ്ഞിരാമന് കലയോടായിരുന്നു അഭിനിവേശം. ചെറുപ്പം മുതലേ വരയ്ക്കുമായിരുന്നു. കര്‍ഷക മുതലാളി എന്നറിയപ്പെട്ടിരുന്ന അച്ഛന് തൊഴിലാളികളായി നിത്യവും എണ്‍പതോളം പേരാണ് ഉണ്ടായിരുന്നത്. അവര്‍ക്കൊപ്പം ഒരാളായിരുന്നു കുഞ്ഞിരാമനും. പാടത്തു പണിയെടുക്കുന്ന സ്ത്രീകള്‍ക്കൊപ്പം കളിമണ്ണ് കുഴച്ച് കുഞ്ഞിരാമന്‍ ചില രൂപങ്ങളുണ്ടാക്കും. കാള, ആന, മനുഷ്യന്‍ അങ്ങനെ മുന്നില്‍ തെളിയുന്ന രൂപങ്ങള്‍. രൂപങ്ങളെ കണ്ട് വിലയിരുത്തുന്നതും അഭിനന്ദിക്കുന്നതുമൊക്കെ ഒപ്പമുള്ള കര്‍ഷകത്തൊഴിലാളികളാണ്. അച്ഛന് കലയോട് കലിയാണ്. കള്ളു കുടിയന്മാരെപ്പോലെ തന്നെ കലാകാരനും കുടുംബം നശിപ്പിക്കുമെന്നാണ് അച്ഛന്റെ ധാരണ.

കുഞ്ഞിരാമന്‍ ഒരിക്കല്‍ കളിമണ്ണില്‍ പച്ചക്കറി സാധനങ്ങള്‍ ഉണ്ടാക്കി അവയില്‍ വിവിധ നിറങ്ങളുള്ള പെയിന്റടിച്ച് ഉണക്കാന്‍ മുറ്റത്തു വച്ചിരുന്നു. വെണ്ടയ്ക്ക, വഴുതനങ്ങ, മാങ്ങ, പപ്പായ, അങ്ങിനെയുളള ഫലങ്ങളെയാണ് കളിമണ്ണിലുണ്ടാക്കി നിറം പുരട്ടിവച്ചത് ഇത് കുഞ്ഞിരാമന്റെ അച്ഛന്‍ കണ്ടു. അച്ഛന്‍ അദ്ദേഹത്തിന്റെ അമ്മയോടു പറഞ്ഞു. ”പച്ചക്കറികള്‍ക്കൊക്കെ എന്തു വിലയാ… ഇതൊക്കെ എന്തിനാ നശിപ്പിക്കുന്നത.് കാശുകൊടുത്തു വാങ്ങുന്നതല്ലെ”. മുത്തശ്ശിയുടെ വിശദീകരണമിതായിരുന്നു-”ഇതൊക്കെ രാമന്റെ കൈപ്പണികളാണ്. അല്ലാതെ വില കൊടുത്തൊന്നും വാങ്ങിയതല്ല”. അച്ഛന്‍ കുഞ്ഞിരാമനെ വിളിച്ച് അരിശത്തോടെ പറഞ്ഞു- ഒന്നുകില്‍ പാടത്തു പണിയണം. അല്ലെങ്കില്‍ പഠിക്കണം”. ഇതാവര്‍ത്തിച്ചാല്‍ നല്ല പെട വച്ചുതരും.

നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ ഉദ്ദേശം 15 കിലോമിറ്റര്‍ ദൂരം നടന്നുപോയാണ് ഒന്‍പതിലും പത്തിലും കുഞ്ഞിരാമന്‍ പഠിച്ചത്. പിതാവ് ഒരു കാശുപോലും കുഞ്ഞിരാമന് കൊടുക്കില്ല. പ്രഭാത ഭക്ഷണം കഴിച്ചിറങ്ങിയാല്‍ പിന്നെ എന്തെങ്കിലും കഴിക്കണമെങ്കില്‍ വീട്ടില്‍ മടങ്ങിയെത്തണം. കൊച്ചുകൊച്ച് പടങ്ങള്‍ വരച്ച് കൊടുത്ത് കിട്ടുന്ന തുശ്ച വരുമാനമാകും ചിലപ്പോഴൊക്കെ എന്തെങ്കിലുമൊക്കെ കഴിക്കാന്‍ കുഞ്ഞിരാമനെ സഹായിക്കാറ്. ചെറുവത്തൂര്‍ റെയ്ല്‍വെ സ്റ്റേഷന് സമീപം തുന്നല്‍കച്ചവടം നടത്തിയിരുന്ന കാവേരി കൃഷ്ണന്റെ ഒരു പടം കാനായി കുഞ്ഞിരാമന്‍ പെന്‍സില്‍കൊണ്ട് വരച്ചുകൊടുത്തു. ചിത്രം കണ്ട് സന്തുഷ്ടനായ കൃഷ്ണന്‍ അതിനെ കടയില്‍ തൂക്കിയിട്ടു.

1956ല്‍ കൃഷ്ണന്‍ സെക്രട്ടറിയായുള്ള കണ്ണൂര്‍ ടെയിലേഴ്‌സ് അസോസിസേയഷന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഒരു ചിത്രം കാനായിയെകൊണ്ട് വരപ്പിക്കുകയും അത് സമ്മേളന ജാഥയുടെ മുന്‍നിരയില്‍ കട്ടൗട്ടാക്കി ഉപയോഗിക്കുകയും ചെയ്തിരുന്നു. സ്‌കൂൡ പോകുന്നുവെന്നും പറഞ്ഞിറങ്ങുന്ന കുഞ്ഞിരാമന്‍ കൃഷ്ണന്റ കടയിലിരുന്നാണ് നെഹ്രുവിന്റെ പടം വരച്ചത്. ജാഥയ്ക്ക് മുന്നില്‍ രണ്ട് ചക്രം വച്ച് അതിന്മേല്‍ നെഹ്രുചിത്രം പ്രദര്‍ശിപ്പിച്ച് നീങ്ങിയപ്പോള്‍ സാക്ഷാല്‍ നെഹ്രു നടന്നുപോകുന്നതുപോലെയാണ് പലര്‍ക്കും തോന്നിയത്. ജില്ലാ സമ്മേളനമൊക്കെ കഴിഞ്ഞ് കൃഷ്ണന്‍ ഈ ചിത്രം തന്റെ കടയിലെ ഒരു പീഠത്തില്‍ പൊതുജനങ്ങള്‍ക്കുവേണ്ടി പ്രദര്‍ശിപ്പിച്ചിരുന്നു. അത് ശരിക്കും കാനായി കുഞ്ഞിരാമനെ സംബന്ധിച്ചിടത്തോളം വലിയൊരംഗീകാരമായി.

ഒരു ദിവസം എറണാകുളത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമ്മേളനം കഴിഞ്ഞ് ജവഹര്‍ലാല്‍ നെഹ്രു മംഗലാപുരത്തേയ്ക്ക് ട്രയ്‌നില്‍ പോകുകയായിരുന്നു. വണ്ടി ചെറുവത്തൂര്‍ സ്റ്റേഷനില്‍ നിറുത്തുകയുണ്ടായി. വണ്ടിയില്‍ ആവശ്യമായ വെള്ളം നിറയ്ക്കുന്നതിന് വേണ്ടിയായിരുന്നു അവിടെ നിറുത്തിയത്. നെഹ്രു യാത്ര ചെയ്തിരുന്ന കമ്പാര്‍ട്ട്‌മെന്റ് നിന്നത് തന്റെ ഫോട്ടോ പ്രദര്‍ശിപ്പിച്ചിരുന്ന കടക്കു മുന്നിലാണ്. ചിത്രം കണ്ട നെഹ്രു വണ്ടിയില്‍ നിന്നും പുറത്തേക്കിറക്കി ചിത്രത്തിനടുത്തേക്കു നീങ്ങി. നെഹ്രുവിന്റെ ചിത്രം നെഹ്രു തന്നെ നോക്കി നില്‍ക്കുന്നു. ആര്‍ക്കും അതൊരത്ഭുത കാഴ്ചയായിരുന്നു”. നെഹ്രു നെഹ്രുവിനെ കാണുന്ന കാഴ്ച. അടുത്ത ദിവസം ഈ സംഭവം പത്രങ്ങളില്‍ വാര്‍ത്തയായി. അങ്ങനെ കാനായിയെ സംബന്ധിച്ച് അവിചാരിതമായ വലിയൊരംഗീകാരം കൂടി കൈവന്നു. അന്നുമുതല്‍ കാനായി ജനങ്ങള്‍ക്കു മുന്നിലൊരു കലാകാരനായി. അപ്പോഴും വീട്ടുകാരുടെ പ്രതികരണം കുഞ്ഞിരാമനെ വേദനിപ്പിച്ചു. ”നല്ല വീട്ടിലെ കുട്ടികള്‍ക്കിതു പറ്റിയ പണിയല്ല.” കുഞ്ഞിരാമന്റെ ചുറ്റുപാടുകള്‍ നോക്കിയും കണ്ടുംനിന്ന കൃഷ്ണകുമാര്‍ സാര്‍ പറഞ്ഞു. ”പത്താതരം കഴിഞ്ഞാലുടന്‍ മദ്രാസില്‍ പോയി തുടര്‍ പഠനം നടത്തണം”.

ഇതിനിടയില്‍ ചെറുവത്തൂര്‍ സ്റ്റേഷനടുത്തുളള പഞ്ചായത്തുവക വായനശാലയിലും കാനായി എത്തിയിരുന്നു. അവിടത്തെ പുസ്തകങ്ങളില്‍ കൂടിയാണ് ചിത്രകലയേയും ശില്‍പ്പകലയേയും കുറിച്ച് മനസിലാക്കിയത്. പിതാവിന്റെ ഇഷ്ടമില്ലായ്മയും കര്‍ക്കശനിലപാടുമൊക്കെ ചെറുവത്തൂര്‍ ഗ്രാമം വിടാന്‍ കുഞ്ഞിരാമനെ പ്രേരിപ്പിച്ചു. ഒരു സുഹൃത്തിനൊപ്പം നാടുവിടുകയും ചെയ്തു. മദ്രാസിലെത്തിയ കുഞ്ഞിരാമന്‍ ‘മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റില്‍’ ചേര്‍ന്നു. അതിനും ഒരു പശ്ചാത്തലമുണ്ട്. സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ കാന്റിനില്‍ ഒരു സഹായത്തിനായി കുഞ്ഞിരാമനെ ഉള്‍പ്പടുത്തുകയായിരുന്നു. യാതൊരു വരുമാനവുമില്ലാതിരുന്ന കുഞ്ഞിരാമന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോയ് ചൗധരിയുടേയും അധ്യാപകനായ കെസിഎസ് പണിക്കരുടേയും കാരുണ്യം തുടര്‍ പഠനത്തിന് സഹായമൊരുക്കി. കാന്റീനിലെ ജോലിയും പഠനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോയി കുഞ്ഞിരാമന്‍. തുടര്‍ന്ന് കുഞ്ഞിരാമന്‍ കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് നേടി ഇംഗ്ലണ്ടിലേക്ക് പോകുകയും അവിടെ മൂന്ന് വര്‍ഷക്കാലം ശില്‍പ്പകലാപഠനം നടത്തുകയും ചെയ്തു. ഇംഗ്ലിഷ് വിദ്യാഭ്യാസം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയ കാനായി കുഞ്ഞിരാമന് അവിടെ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനായ എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ നല്‍കിയ സഹായം മലമ്പുഴ യക്ഷി നിര്‍മ്മാണത്തിന് വഴിയൊരുങ്ങി.

കേരള കലാ ചരിത്രത്തില്‍ തന്നെ ഒരു ശില്‍പ്പിയുടെ വൈദഗ്ധ്യത്തെ വിളിച്ചോതുന്ന ചൈതന്യവത്തായ ഒരു നിര്‍മ്മിതിയാണ് മലമ്പുഴ യക്ഷി. വളരെയധികം ഒച്ചപ്പാടുകള്‍ക്ക് സാക്ഷ്യം വഹിച്ചതാണ് ഈ ശില്‍പ്പം. ഇതില്‍ അശ്ലീലം കണ്ടെത്താനാകില്ലാ എന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് കാനായി തന്റെ ശില്‍പ്പ നിര്‍മ്മാണം തുടങ്ങിയത്. അതിന്റെ പേരില്‍ ശില്‍പ്പിക്ക് ഒട്ടേറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ ചെന്നാല്‍ സാധാരണ ഭക്തന്മാര്‍ തങ്ങള്‍ കാണുന്ന സ്ത്രീ- പുരുഷ നഗ്‌ന ശില്‍പ്പങ്ങളില്‍ അശ്ലീലം ദര്‍ശിക്കുന്നില്ല. മറിച്ച് അതൊക്കെ ദിവ്യ സങ്കല്‍പ്പ ഭക്തിമയ രസപ്രധാനമായ ശില്‍പ്പങ്ങള്‍ മാത്രം. അമ്പലത്തിന്റെ ചുറ്റുവട്ടത്തിന് പുറത്ത് ഇത്തരം ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കപ്പെട്ടാല്‍ അതില്‍ അശ്ലീലം ദര്‍ശിക്കാനാകുന്നു. കലാകാരനെന്ന നിലയ്ക്കും ഒരു മനുഷ്യസ്‌നേഹിയെന്ന നിലയ്ക്കും അത്തരം പ്രവണതകളോട് യോജിക്കുവാന്‍ ശില്‍പ്പിക്ക് കഴിയുന്നില്ല.

എന്തുകൊണ്ട് അത്തരമൊന്ന് പൊതുസ്ഥലത്ത് നിര്‍മ്മിച്ചുകൂടാ. അതിനെയൊരു പരീക്ഷണമായിട്ടാണ് ശില്‍പ്പി കണ്ടത്. കാണുന്നവരുടെ മനസിലാണ് അശ്ലീലം. അല്ലാതെ വസ്തുവിലല്ല. പ്രകൃതി തന്നെ നഗ്നമാണ്. പാലക്കാട് നിന്ന് കിഴക്കോട്ട് നോക്കിയാല്‍ കാണുന്ന മലകളും മൊട്ടക്കുന്നുകളും നഗ്‌നമായി കാണാം. ശില്‍പ്പത്തിന്റെ എതിര്‍വശത്ത് ഒരു കുന്നുണ്ട്. അതില്‍ ഒരു സ്ത്രീയുടെ നഗ്നത നിദര്‍ശിക്കാനാകുമെന്ന് ശില്‍പ്പി പറയുന്നു. കല ബോധവല്‍ക്കരിക്കാനുള്ളതാണ്. അല്ലാതെ രസിപ്പിക്കാനുള്ളതല്ല. അതായത് മനുഷ്യനെ ശുദ്ധീകരിക്കാനുള്ളത്. അമ്മ പ്രകൃതിയില്‍ തികഞ്ഞ നിവൃതിയോടെയിരിക്കുന്നതായി യക്ഷിയിലൂടെ കാണാം. അവര്‍ ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്ന അവസ്ഥയിലാണ്. രതിവികാരമുണര്‍ത്താന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. തികച്ചും പൂര്‍ണ്ണനഗ്നത. അതു മനസിലാക്കാനുള്ള ശാസ്ത്രീയ ബോധമാണ് മനുഷ്യന് വേണ്ടത്.

മലമ്പുഴയില്‍ ആദ്യം ‘നന്ദി’ എന്ന ശില്‍പ്പമാണ് നിര്‍മ്മിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ആ ശില്‍പ്പ നിര്‍മ്മാണം വഴിമുട്ടി. പിന്നെ അസ്വസ്ഥമായ മനസുമായുള്ള പകലുകളും രാവുകളും. ശില്‍പ്പമുണ്ടാകണം. അതേതുതരം ശില്‍പ്പമായിരിക്കണം. അതിനൊരുത്തരം തേടുകയാണ് മനസ്. ഒടുവില്‍ പാലക്കാടന്‍ കുന്നുകളിലെ ഏകാന്തനിമിഷങ്ങള്‍ ഉത്തരം നല്‍കി. മാറിടം കാട്ടിനില്‍ക്കുന്ന ഒരു യക്ഷി. ഉത്മാദിനിയായ യക്ഷി. നിലാവില്‍ നിഴല്‍പോലെ ഉയര്‍ന്നു നില്‍ക്കുന്ന മലകള്‍ക്ക് ചാരുത പകരുന്ന യക്ഷി. സാമ്പത്തിക നേട്ടമായിരുന്നില്ല ശില്‍പ്പിയുടെ ഉന്നം. പ്രകൃതിക്കിണങ്ങുന്ന നാടും നാട്ടുകാരും അറിയുന്ന ഒരു യക്ഷി. മലമ്പുഴയിലെ ഡാമിനോടടുത്ത് പൊതുജനങ്ങള്‍ക്കായി ഒരുക്കുന്ന പാര്‍ക്കിലെ ആകര്‍ഷണീയമായി യക്ഷി പൂര്‍ണ്ണതനേടി. ആ യക്ഷിയില്‍ അശ്ലീലം കണ്ടവരേറെ. അമ്മയെ ദര്‍ശിച്ചവര്‍ അതിലേറെ. പ്രതിമക്കെതിരെ അവിടവിടെ പ്രതിഷേധ സ്വരങ്ങളുയര്‍ന്നു. കാലം അവയൊക്കെ സാന്ത്വനപ്പെടുത്തി. ശില്‍പ്പിയെ പലരും അടുത്തറിയാന്‍ ശ്രമിച്ചു; അംഗീകാരങ്ങള്‍ കൊണ്ടു മൂടി.

കലാകാരനെന്ന നിലയ്ക്ക് കുഞ്ഞിരാമന്‍ ആദ്യം ചെയ്ത ശില്‍പ്പം അമ്മയാണ്. 1960ലാണ് ഈ ശില്‍പ്പം ചെയ്തത്. അന്നു മുതലേ മാതൃത്വത്തിന്റെയും പ്രകൃതി സൗന്ദര്യത്തിന്റെയും ഓര്‍മ്മയുണര്‍ത്തുന്ന ശില്‍പ്പങ്ങളാണ് കാനായി ചെയ്തിട്ടുള്ളത്.  കേരളത്തില്‍ ചെയ്ത ഏറ്റവും വലിയ ശില്‍പ്പമാണ് മുക്കോലപ്പെരുമാള്‍. കേരളത്തിലെ ആധുനിക ശില്‍പ്പകലയുടെ ആദ്യ കാഴ്ചയായിരുന്നു അത്. തെയ്യത്തിന്റെ രൂപകല്‍പ്പനകളാലുള്ള ”മുക്കോലപ്പെരുമാളിന്റെ വിഷയം കാലമാണ്” ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങളുടെ സമാഗമമാണ് ആ സൃഷ്ടി. കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മകളിലൂടെ ഇന്ന് ജീവിക്കുകയും നാളെയെ പ്രതീക്ഷയോടെ നോക്കിക്കാണുകയുമാണ് ത്രിക്കണ്ണുകളുള്ള ഈ ശില്‍പ്പം. നാലടി ഉയരമുള്ള ഒരു സ്റ്റേജിലാണ് ഈ ശില്‍പ്പങ്ങള്‍ ഉറപ്പിച്ചിട്ടുള്ളത്. ശില്‍പ്പങ്ങള്‍ക്കു മുന്നില്‍ രണ്ടായി മുറിച്ച നാളികേരം. ഇത് പ്രപഞ്ച സത്യത്തിന്റെ ഉള്ളറകള്‍ തേടുന്ന മനസും ഭൗതികാവസ്ഥയുടെ ഓര്‍മ്മപ്പെടുത്തലും സ്ത്രീ പുരുഷ സാന്നിധ്യവുമാണെന്നാണ് ശില്‍പ്പിയുടെ വിലയിരുത്തല്‍. മൂന്ന് കാലങ്ങളേയും മൂന്നു ദിക്കുകളേയും സന്നിവേശിപ്പിച്ചിരിക്കുന്ന മുക്കോലപ്പെരുമാള്‍ കാലത്തിന്റെ പ്രതീകമായ ഒരു ഇന്‍സ്റ്റലേഷന്‍ കൂടിയാണ്. മൂന്ന് ശില്‍പ്പങ്ങളിലൂടെ കാലങ്ങളെയും മൂന്നു ദിക്കുകളെയും സന്നിവേശിപ്പിച്ചിരിക്കുന്നു.

1970-71ല്‍ അമ്പലമേട്ടില്‍ നിര്‍മ്മിച്ച ”ഉര്‍വരത” സ്ത്രീപുരുഷലയനത്തിനെ ഓര്‍മ്മിപ്പിക്കുന്നു. ശില്‍പ്പത്തില്‍ ശിവലിംഗവും അതിനുമുകളില്‍ ചാഞ്ഞ സ്ത്രീ പ്രകൃതിപോലെ തിറ രൂപവും കാണാം. തെയ്യം, തിറ മുതലായ നാടന്‍ കലയുടെ രൂപത്തെ അടിസ്ഥാനമാക്കി ചെയ്ത ഒരാധുനിക രൂപം കൂടിയാണ് ഉര്‍വരത. ഉര്‍വരതയുടെ സവിശേഷതകളെ ശില്‍പ്പി കൂടുതലായി വിവരിക്കുന്നു. ”ചുവട്ടില്‍ ഉര്‍വരതയുടെ ബിംബമായി മുറിച്ചുവച്ച നാളികേരം, നാളികേരത്തിന്റെ മുറികള്‍ രണ്ട് അര്‍ത്ഥതലങ്ങളാണ് കാഴ്ച്ചക്കാരന് നല്‍കുന്നത്. മൂന്ന് കുഴികളുള്ള അഥവാ കണ്ണുകളുള്ള മുകള്‍ ഭാഗം വാങ്ങലിന്റേതും (സ്ത്രീ) കൂര്‍ത്ത കീഴ്പകുതി കൊടുക്കലിന്റേതു (പുരുഷന്‍)മാണ്. ഈ സ്ത്രീ-പുരുഷ ബിംബങ്ങളില്‍ ജ്വലിച്ച പുരുഷത്ത്വത്തിന്റെ ഊര്‍ജ്ജ പ്രസരണമാണ,് ചലിച്ചുകൊണ്ടിരിക്കുന്ന തൂക്കിയിടപ്പെട്ട ചങ്ങലയിലെ കൂര്‍ത്ത ജലതുള്ളി പോലെ”. ജീവന്റെ പ്രഭവ സ്ഥാനമായ ജലം തന്നെയാണ് ഉര്‍വരതയുടെ നിര്‍മ്മിതിക്കുവേണ്ടതെന്നുകണ്ട ശില്‍പ്പി ചെറിയൊരു പൊയ്കയിലാണ് ശില്‍പ്പത്തിന് സ്ഥാനം കണ്ടതും.

കൊല്ലത്തെ കാര്‍ത്തിക ഹോട്ടലില്‍ പണിത ദ്വാരപാലകര്‍ ഫൗണ്ടന്‍ ശില്‍പ്പം അവിടത്തെ ചുറ്റുപാടുകള്‍ മനസിലാക്കികൊണ്ടാണ് ശില്‍പ്പി ചെയ്തിട്ടുള്ളത്. പാതിമണ്ണിലാണ്ടതുപോലെ കാണുന്ന അര്‍ധ അമൂര്‍ത്ത ശില്‍പ്പങ്ങളില്‍ വളരെ ലളിതമായവയാണ് കണ്ണൂര്‍ പയ്യാമ്പലത്തെ വിശ്രമിക്കുന്ന ആള്‍രൂപങ്ങള്‍. കേരളത്തിലാദ്യമായി ടൈല്‍സ് ഒട്ടിച്ച് കൊണ്ട് നിര്‍മ്മാണം നടത്തിയിട്ടുള്ള ശില്‍പ്പങ്ങള്‍ കാഴ്ചക്കാര്‍ക്ക് ഇരിക്കുവാനും ചാഞ്ഞുകിടക്കുവാനും വിശ്രമിക്കുവാനുമൊക്കെ അവസരവും നല്‍കുന്നുണ്ട്.

കാനായി കുഞ്ഞിരാമന്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ പ്രൊഫസറായിരിക്കുന്ന സന്ദര്‍ഭത്തിലാണ് വേളിയില്‍ ഒരു ശില്‍പ്പം നിര്‍മ്മിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ സൂചിപ്പിച്ചത്. ശില്‍പ്പ നിര്‍മ്മാണത്തിന് അനുയോജ്യമാണോ എന്നറിയാന്‍ ശില്‍പ്പി നേരിട്ട് സ്ഥലം സന്ദര്‍ശിച്ചു. ചതുപ്പുനിലമായിരുന്നു, രാജാവിന്റെ ഭൂമി ഗവണ്‍മെന്റ് വാങ്ങിയതാണ്. പ്രാദേശികമായൊരന്വേഷണം നടത്തി. തികച്ചും ദരിദ്രരായ ആള്‍ക്കാരായിരുന്നു അവിടത്തുകാര്‍. മീന്‍പിടുത്തം തൊഴിലാക്കിയവര്‍. പല വീടുകളും പട്ടിണിയിലാണ്. ശില്‍പ്പ നിര്‍മ്മാണത്തിന്് ഒരാള്‍ എത്തിയെന്നറിഞ്ഞപ്പോള്‍ പ്രദേശത്തെ ആള്‍ക്കാര്‍ ക്ഷുഭിതരായി. അവര്‍ പട്ടിണികൊണ്ട് പൊറുതി മുട്ടുമ്പോള്‍ ഇവിടെ വേണ്ടത് ഫാക്റ്ററികളാണ്. അല്ലാതെ കല്ലില്‍ കൊത്തുന്ന പ്രതിമകളല്ല. അവരുടെ ജീവിത പ്രാരാബ്ധങ്ങള്‍ വാക്കുകളിലൂടെ പുറത്തുവന്നത് കണ്ട് ശില്‍പ്പിയുടെ മനസ് ആര്‍ദ്രമായി. ഇവിടം ശില്‍പ്പ നിര്‍മ്മാണത്തിന് അനുയോജ്യമല്ലെന്നു തന്നെ തോന്നി. പട്ടിണിയുള്ളിടത്തെന്തു ശില്‍പ്പം. ആദ്യമായാണ് ശില്‍പ്പി ഇത്തരമൊരവസ്ഥ നേരിടുന്നത്.

ഏറെ നാളത്തെ ആലോചനക്കൊടുവില്‍ കാനായിക്കും ഒരു യുക്തി തോന്നി. ശില്‍പ്പ നിര്‍മ്മാണത്തിലൂടെ തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമല്ലോ. കാനായിയും ഭാര്യ നളിനിയും കൂടി വീടുകള്‍ കയറിയിറങ്ങി. പ്രദേശവാസികളില്‍ ബോധവല്‍ക്കരണം നടത്തി. ശില്‍പ്പ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ ഇവിടുള്ളവര്‍ക്കൊക്കെ ജോലി ചെയ്യാനാകും. പ്രാദേശിക വികസനമുണ്ടാകും. ടൂറിസം പരിപോഷിപ്പിക്കാനാവും. നിങ്ങള്‍ക്കും തലമുറകള്‍ക്കും അഭിമാനിക്കാന്‍ കഴിയും. ശില്‍പ്പിയും ഭാര്യയും ആ പാവപ്പെട്ട വീടുകളില്‍ നിന്നും ഭക്ഷണം കഴിച്ചു. അവര്‍ക്ക് വാക്കുകൊടുത്തു. ആദ്യം ആയിരക്കണക്കിന് ലോറി മണ്ണിറക്കി. ചതുപ്പു നിലങ്ങള്‍ നികത്തി ഒരു വില്ലെജ് സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. അതുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് അവിടത്തെ തൊഴിലാളികളെ തന്നെ ഏര്‍പ്പാടാക്കി. മിക്കവാറും ഒരു വീട്ടില്‍ നിന്ന് ഒരാള്‍ എന്ന കണക്കില്‍. എങ്കിലും ചില അവസരവാദികള്‍ പണിക്ക് തടസം നില്‍ക്കാന്‍ ശ്രമിച്ചു. ക്രമേണ എല്ലാവരും സഹകരിക്കാന്‍ തുടങ്ങി. വെട്ടാനും കിളയ്ക്കാനുമൊന്നുമറിയാത്തവരെപ്പോലും പഠിപ്പിച്ചെടുത്തു. ശില്‍പ്പി തന്നെ മണ്‍കുട്ടകള്‍ തൊഴിലാളികള്‍ക്ക് പിടിച്ചുകൊടുത്തു. ഒരു തൊഴിലാളിയേയും മറ്റു സ്ഥലങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തില്ല. നാടു നന്നാക്കാന്‍ നാട്ടുകാര്‍ മാത്രം. ഗ്രാമ പൂര്‍ത്തീകരണത്തിനുശേഷമാണ് ശില്‍പ്പങ്ങളുടെ പണി തുടങ്ങാനായത്.

മദ്യപാനവും പിടിച്ചുപറിയുമൊക്കെ തൊഴിലായി സ്വീകരിച്ചവര്‍പോലും അതൊക്കെ മതിയാക്കി കാനായിക്കൊപ്പം സഹകരിച്ചു. ആ സഹകരണം നന്മയുടെ നല്ല നാളുകളെ സൃഷ്ടിച്ചു. നിയമപാലകര്‍പോലും ഈ മാറ്റത്തെ അതിശയത്തോടെയാണ് കണ്ടത്. വളരെ കുറഞ്ഞ തുക ചെലവിട്ടാണ് വേളിയിലെ ശില്‍പ്പമൊരുക്കിയത്. മന്ത്രി ഗംഗാധരന്‍ കെടിടിസി ചെയര്‍മാനായി വന്നപ്പോള്‍ ശില്‍പ്പ നിര്‍മ്മാണത്തെ കുറിച്ചും വേണ്ടിവന്ന തുകയെ കുറിച്ചും അന്വേഷിച്ചു. ഒരു നാലു കോടിയെങ്കിലുമാകില്ലേ? ചോദ്യം കേട്ട കാനായി ചെലവായ തുകയെക്കുറിച്ച് പറഞ്ഞപ്പോള്‍ ചെയര്‍മാന്‍ അതിശയിച്ചുനിന്നു.

Comments

comments

Categories: FK Special