ഗ്രേറ്റ് ഇന്ത്യന്‍ റെയ്ല്‍ ഐഡിയ ബസാര്‍: റെയ്ല്‍വേ നവീകരണത്തിന് ലഭിച്ചത് 1,10,000 നിര്‍ദേശങ്ങള്‍

ഗ്രേറ്റ് ഇന്ത്യന്‍ റെയ്ല്‍ ഐഡിയ ബസാര്‍:  റെയ്ല്‍വേ നവീകരണത്തിന് ലഭിച്ചത് 1,10,000 നിര്‍ദേശങ്ങള്‍

 

ന്യൂഡെല്‍ഹി : ഗ്രേറ്റ് ഇന്ത്യന്‍ റെയ്ല്‍ ഐഡിയ ബസാറിലേക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. ഇന്ത്യന്‍ റെയ്ല്‍വെയെ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ജീവനക്കാരില്‍ നിന്നു ക്ഷണിച്ചുകൊണ്ട് തുടങ്ങിയ സംരംഭത്തിലേക്ക് ഇതുവരെ ഒരു ലക്ഷത്തി പതിനായിരത്തോളം ആശയങ്ങളാണ് ലഭിച്ചത്. രണ്ട് മാസത്തോളം നീണ്ടുനിന്ന പരിപാടിയില്‍ രാജ്യത്തെ പതിനേഴ് സോണുകളില്‍ നിന്നായി റെയ്ല്‍വേയുടെ പതിമൂന്ന് ലക്ഷത്തോളം ജീവനക്കാര്‍ പങ്കാളികളായി. നിങ്ങള്‍ ഇന്ത്യയുടെ റെയ്ല്‍വേ മന്ത്രിയായാല്‍ ? എന്ന വിഷയത്തിലാണ് ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയത്. ഗ്യാങ്മാന്‍ മുതല്‍ ജനറല്‍ മാനേജര്‍ വരെയുള്ള ഓരോ ജീവനക്കാരനും കുറഞ്ഞത് ഒരു നിര്‍ദ്ദേശമെങ്കിലും സമര്‍പ്പിക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നു.

യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരന് കണക്ഷന്‍ തീവണ്ടി സംബന്ധിച്ച സന്ദേശം അയയ്ക്കുക, പോര്‍ട്ടര്‍മാരെ തെരയുന്നതിനടക്കം സൗകര്യമുള്ള മൊബീല്‍ ആപ്പ് വികസിപ്പിക്കുക, ടെലിവിഷന്‍ സൗകര്യമുള്ള കൂപ്പെ, ഇന്ത്യന്‍ റെയില്‍വേയുടെ സ്വന്തം വിനോദ ചാനല്‍, പാന്‍ട്രി കാര്‍ നിര്‍ത്തലാക്കി പായ്ക്കറ്റുകളില്‍ ഡ്രൈ ഫുഡ് വിതരണം, എല്ലാ കംപാര്‍ട്ടുമെന്റുകളിലും സിസിടിവി ക്യാമറ തുടങ്ങി വൈവിധ്യമാര്‍ന്ന നിര്‍ദേശങ്ങളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

ന്യൂ ഡെല്‍ഹിയിലെ റെയ്ല്‍ ഭവനില്‍ നവംബര്‍ 1 വരെ ഒരു ലക്ഷത്തി പതിനായിരത്തോളം ആശയങ്ങളാണ് ലഭിച്ചത്. ഇവയില്‍ 1,400 നിര്‍ദേശങ്ങള്‍ ജോയന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരടങ്ങിയ ഏഴംഗ സമിതി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തുകഴിഞ്ഞു. ഇതില്‍നിന്ന് തെരഞ്ഞെടുക്കുന്ന 15 മികച്ച നിര്‍ദേശങ്ങള്‍ നവംബര്‍ 18 മുതല്‍ 20 വരെ ഹരിയാണയിലെ സൂരജ്കുണ്ഡില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിക്കും. വികാസ് ശിബിര്‍ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ റെയ്ല്‍വേ മന്ത്രി സുരേഷ് പ്രഭു, ഉന്നത റെയ്ല്‍വെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

15 മികച്ച നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി 650 റെയ്ല്‍വേ ജീവനക്കാര്‍ക്കൊപ്പം യോഗാഭ്യാസങ്ങള്‍ നടത്തും. സമ്മേളനത്തില്‍ ഇന്ത്യന്‍ റെയ്ല്‍വെയ്ക്കായി അഞ്ച് വര്‍ഷത്തെ വികസന കാഴ്ച്ചപ്പാടും പ്രധാനമന്ത്രി അവതരിപ്പിക്കും.

Comments

comments

Categories: Branding