ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിക്ക് ജയം, സിറ്റിക്ക് സമനില

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്:  ചെല്‍സിക്ക് ജയം, സിറ്റിക്ക് സമനില

 
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് എവര്‍ട്ടണെയാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ഈഡന്‍ ഹസാര്‍ഡിന്റെ ഡബിളും അലോന്‍സോ, ഡീഗോ കോസ്റ്റ, പെഡ്രോ എന്നിവരുടെ ഗോളുകളുമാണ് ചെല്‍സിക്ക് മികച്ച വിജയം സമ്മാനിച്ചത്. അതേസമയം, കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം മൈതാനത്ത് സമനില വഴങ്ങി.

മത്സരത്തിന്റെ 19-ാം മിനുറ്റില്‍ തന്നെ ഈഡന്‍ ഹസാര്‍ഡ് ചെല്‍സിയെ മുന്നിലെത്തിച്ചു. തൊട്ടടുത്ത മിനുറ്റില്‍ മാര്‍ക്കോസ് അലോന്‍സോയും ചെല്‍സിക്കായി ലക്ഷ്യം കണ്ടു. 42-ാം മിനുറ്റില്‍ ഡീഗോ കോസ്റ്റയും വലകുലുക്കി. രണ്ടാം പകുതിയുടെ 56-ാം മിനുറ്റിലായിരുന്നു ഹസാര്‍ഡിന്റെ രണ്ടാം ഗോള്‍. 65-ാം മിനുറ്റില്‍ പെഡ്രോ റോഡ്രിഗസും വലകുലുക്കിയതോടെ എവര്‍ട്ടണിന് മേലുള്ള ആധിപത്യം ചെല്‍സി പൂര്‍ണമാക്കി.

ഇരുപത്തി മൂന്ന് പാസുകള്‍ക്ക് ശേഷമായിരുന്നു ബെല്‍ജിയം സ്‌ട്രൈക്കര്‍ ഈഡന്‍ ഹസാര്‍ഡിന്റെ രണ്ടാം ഗോള്‍. മത്സരം പത്ത് മിനുറ്റ് ബാക്കിനില്‍ക്കെ ഹസാര്‍ഡിനെ പിന്‍വലിച്ചപ്പോള്‍ എഴുന്നേറ്റ് നിന്ന് ആരാധകര്‍ താരത്തോടുള്ള ആദരവും പ്രകടിപ്പിച്ചു. ടീം 3-4-3 ശൈലി സ്വീകരിച്ചതോടെയാണ് ചെല്‍സി വിജയ വഴിയിലേക്ക് തിരിച്ചെത്തിയത്.

അതിനുശേഷം പരിശീലകനായ അന്റോണിയോ കോന്റെയുടെ തന്ത്രങ്ങള്‍ക്ക് കീഴില്‍ സീസണിലെ ആറ് ഹോം മത്സരങ്ങളില്‍ അഞ്ചിലും ചെല്‍സി വിജയം കണ്ടു. 3-4-3 ഫോര്‍മേഷന്‍ സ്വീകരിച്ചതിന് ശേഷം പതിനാറ് ഗോളുകളാണ് സീസണിലെ ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്നും ചെല്‍സി സ്വന്തമാക്കിയത്. അതേസമയം, വഴങ്ങിയത് ഒരു ഗോളും.

മിഡില്‍സ്‌ബോറോയ്‌ക്കെതിരെയായിരുന്നു സൂപ്പര്‍ പരിശീലകനായ പെപ് ഗ്വാര്‍ഡിയോളയ്ക്ക് കീഴിലിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റി സമനില വഴങ്ങിയത്. സെര്‍ജിയോ അഗ്യൂറോ 43-ാം മിനുറ്റില്‍ നേടിയ ഗോളിലൂടെ കളിയിലുടനീളം മുന്നിട്ട് നിന്നത് സിറ്റിയായിരുന്നു. എന്നാല്‍ ഇഞ്ചുറി സമയത്ത് ഡച്ച് താരം മാര്‍ട്ടിന്‍ ഡി റൂണ്‍ മിഡില്‍സ്ബറോയ്ക്ക് സമനില നേടിക്കൊടുത്തു.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി അര്‍ജന്റൈന്‍ താരമായ സെര്‍ജിയോ അഗ്യൂറോ നേടിയ 150-ാം ഗോള്‍ കൂടിയായിരുന്നു മിഡില്‍സ്ബറോയ്‌ക്കെതിരായത്. ബെല്‍ജിയത്തിന്റെ കെവിന്‍ ഡി ബ്രൂയിന്‍ നല്‍കിയ ക്രോസില്‍ നിന്നായിരുന്നു അഗ്യൂറോയുടെ ഗോള്‍. മത്സരത്തില്‍ ഗോള്‍ ലക്ഷ്യമാക്കിയുള്ള അഗ്യൂറോയുടെ 18-ാം ഷോട്ടിലായിരുന്നു വല കുലുങ്ങിയത്.

ഇതോടെ പ്രീമിയര്‍ ലീഗില്‍ എതിരാളികളായി വന്ന 30 ക്ലബുകളില്‍ 28 ടീമുകള്‍ക്കെതിരെയും ഗോള്‍ നേടാനായെന്ന നേട്ടവും സെര്‍ജിയോ അഗ്യൂറോ സ്വന്തമാക്കി. അതേസമയം, മത്സരത്തില്‍ ഒരു സുവര്‍ണാവസരം അഗ്യൂറോ നഷ്ടപ്പെടുത്തി. മിഡില്‍സ്ബറോയ്ക്ക് വേണ്ടി മിഡ്ഫീല്‍ഡര്‍ മാര്‍ട്ടിന്‍ ഡി റൂണിന്റെ ആദ്യ ഗോളായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായത്.

സമനില ഗോള്‍ വന്നതിന് പിന്നാലെ ലഭിച്ച തുറന്ന അവസരം സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ പോവുകയും ചെയ്തു. ബാഴ്‌സലോണയില്‍ ഗ്വാര്‍ഡിയോള കോച്ചായിരുന്നപ്പോള്‍ ടീമിന്റെ ഒന്നാം ഗോള്‍ കീപ്പറായിരുന്ന വിക്ടര്‍ വാല്‍ഡസായിരുന്നു മിഡില്‍സ്ബറോയുടെ വല കാത്തത്. 2009 നവംബറിന് ശേഷം ആദ്യമായാണ് സിറ്റി തുടര്‍ച്ചയായ മൂന്ന് ഹോം മത്സരങ്ങളില്‍ സമനില വഴങ്ങുന്നത്.

പതിനൊന്ന് മത്സരങ്ങളില്‍ നിന്നും 25 പോയിന്റുമായി ചെല്‍സിയാണ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. സമനില വഴങ്ങിയതിനാല്‍ രണ്ടാം സ്ഥാനത്തേക്കിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 24 പോയിന്റാണ്. പത്ത് മത്സരങ്ങളില്‍ നിന്നും 23 പോയിന്റ് വീതമുള്ള ആഴ്‌സണല്‍, ലിവര്‍പൂള്‍ ടീമുകള്‍ ആദ്യ സ്ഥാനക്കാര്‍ക്ക് ഭീഷണിയായി തൊട്ടുപിന്നിലുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ സണ്ടര്‍ ലാന്‍ഡ് ബേണ്‍മൗത്തിനെയും ബേണ്‍ലി ക്രിസ്റ്റല്‍ പാലസിനെയും പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സണ്ടര്‍ലാന്‍ഡിന്റെ ജയം. ബേണ്‍ലിയുടേത് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കും. അതേസമയം, വെസ്റ്റ് ഹാം-സ്‌റ്റോക് സിറ്റി മത്സരം സമനിലയില്‍ കലാശിച്ചു.

Comments

comments

Categories: Sports