ഇലക്ട്രിക്ക് വാഹനങ്ങള്‍: ജിഎസ്ടി പരിധിയില്‍ പെടുത്തരുതെന്ന് എസ്എംവിഇ

ഇലക്ട്രിക്ക് വാഹനങ്ങള്‍: ജിഎസ്ടി പരിധിയില്‍ പെടുത്തരുതെന്ന് എസ്എംവിഇ

ന്യൂഡെല്‍ഹി: ഇലക്ട്രിക്ക് വാഹനങ്ങളെ ചരക്കു സേവന നികുതി (ജിഎസ്ടി) പരിധിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ഇലക്ട്രിക്ക് വാഹന നിര്‍മാതാക്കളുടെ സംഘടന ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടു. സൊസൈറ്റി ഓഫ് മാനുഫാക്‌ചേഴ്‌സ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിള്‍സ് (എസ്എംവിഇ) ഡയറക്റ്റര്‍ സോഹീന്ദര്‍ ഗില്‍ ഇലക്ട്രിക്ക് വാഹന വിപണിക്ക് ജിഎസ്ടിയിലുള്ള ആശങ്കയറിച്ച് കത്തയച്ചു. ചരക്കു സേവന നികുതി വ്യവസ്ഥയില്‍ ഇലക്ട്രിക്ക് വാഹന വിപണിക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് വ്യക്തമാക്കിയ കത്തില്‍ ഈ വിപണിയെ ജിഎസ്ടി അഞ്ച് ശതമാന സ്ലാബില്‍ പെടുത്തുകയോ അല്ലെങ്കില്‍ ഒഴിവാക്കുകയോ ചെയ്യണമെന്നും ധനമന്ത്രാലയത്തോട് അഭ്യാര്‍ത്ഥിച്ചു.

ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ നിലവില്‍ നല്‍കുന്നുണ്ടെങ്കിലും ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ വിപണിക്ക് തിരിച്ചടി നേരിട്ടേക്കുമെന്ന ആശങ്കയാണ് ഈ മേഖലയിലെ കമ്പനികള്‍ക്കുള്ളത്.
ഇന്ത്യന്‍ വിപണിയില്‍ മൊത്തം വില്‍പ്പനയുടെ ഒരു ശതമാനം മാത്രമായ ഇലക്ട്രിക്ക് വാഹനങ്ങള്‍ ശൈശവ ഘട്ടത്തിലാണ്. അതേസമയം, അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ നാല് മുതല്‍ അഞ്ച് ശതമാനം വരെ വളര്‍ച്ച കൈവരിക്കാന്‍ ശേഷി ഈ മേഖലയ്ക്കുണ്ടെന്നാണ് വിലയിരുത്തലുകള്‍. നാല് ലക്ഷം ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങളും 5,000 കുറവ് ഇലക്ട്രിക്ക് കാറുകളുമാണ് നിലവില്‍ ഇന്ത്യന്‍ റോഡുകളിലുള്ളത്.
നിരത്തുകളിലെത്തിയ ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളില്‍ തന്നെ 95 ശതമാനവും മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയുള്ളതും രജസിട്രേഷനും ലൈസന്‍സും ആവശ്യമില്ലാത്തതുമാണ്. ലെഡ് ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂട്ടറുകള്‍ക്ക് വിലയും കുറവാണ്. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമസ്ഥയിലുള്ള റെവ മാത്രമാണ് ഇലക്ട്രിക്ക് കാറുകള്‍ വില്‍പ്പന നടത്തുന്നത്. ലിഥിയം ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്.
ദേശീയ ഇലക്ട്രിക്ക് മൊബിലിറ്റി വിഷന്‍ നടപ്പാക്കുന്നതോടെ ഈ വിപണിയില്‍ വന്‍ കുതിച്ചുചാട്ടം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക്ക് വാഹന വിപണി മെച്ചപ്പെടുന്നത് രാജ്യത്തെ കാര്‍ബണ്‍ മലിനീകരണം കുറയുന്നതിനും ക്രൂഡോയില്‍ ഇറക്കുമതി ചുരുക്കുന്നതിനും സഹായകരമാകുമെന്നാണ് എസ്എംവിഇ വിലിയരുത്തുന്നത്. ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പുതിയ സാങ്കേതികതയുടെ ആഗോള ഹബ്ബായി ഇന്ത്യ മാറുമെന്നും വ്യക്തമാക്കുന്നു.
വാഹന മലിനീകരണം കുറയ്ക്കുന്നതിന് ലോകത്തിലെ വിവിധ രാജ്യങ്ങള്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ പിന്തുണയോടെ ഇന്ത്യയിലും ഇത്തരം വാഹനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചാല്‍ ക്രൂഡോയില്‍ സബ്‌സിഡിക്കായി നല്‍കുന്ന വമ്പന്‍ തുക സര്‍ക്കാരിന് ലാഭമുണ്ടാക്കാന്‍ സാധിക്കുമെന്നും ഗില്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു.

Comments

comments

Categories: Auto