ഇന്ത്യന്‍ വംശജര്‍ക്ക് ദ്രുതഗതിയില്‍ വിസാ നടപടി പൂര്‍ത്തിയാക്കും: തെരേസ മേ

ഇന്ത്യന്‍ വംശജര്‍ക്ക് ദ്രുതഗതിയില്‍ വിസാ നടപടി പൂര്‍ത്തിയാക്കും: തെരേസ മേ

 

ന്യൂഡല്‍ഹി: ഇന്ത്യയെ മുഖ്യ വ്യാപാര പങ്കാളിയാക്കാന്‍ ലക്ഷ്യമിടുന്ന ബ്രിട്ടന്‍, ഇന്ത്യന്‍ വംശജര്‍ക്കുള്ള വിസ നടപടി ലഘൂകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ന്യൂഡല്‍ഹിയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
യുകെയില്‍ നിരന്തരമായി വരികയും ഇരുരാജ്യങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രേരകമാവുകയും ചെയ്യുന്ന ഇന്ത്യന്‍ വംശജര്‍ക്കു യുകെയില്‍ പ്രവേശിക്കുന്നതിനുള്ള വിസാ നടപടിക്രമങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ സംവിധാനമൊരുക്കുമെന്നു മേ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ സിഐഐ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മേ.
ബിസിനസ് മേഖലയില്‍ ബ്രിട്ടന്‍ ഇന്ത്യയോട് തുറന്ന സമീപനം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു എന്നതാണ് മേ നടത്തിയ ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.
ഇരുരാജ്യങ്ങള്‍ തമ്മില്‍ ബിസിനസ്, വ്യവസായം, കയറ്റുമതി, ഇറക്കുമതി, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ കാര്യങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ യുകെ, യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കുന്നതു വരെ കാത്തിരിക്കേണ്ടതില്ലെന്നും ഇന്ത്യയെ തെരേസ മേ ഓര്‍മിപ്പിച്ചു.
വര്‍ധിച്ച സഹകരണത്തിലൂടെ ഭാവിയില്‍ ഇരുരാജ്യങ്ങളും അവസരങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മേ പറഞ്ഞു.

ജുലൈ 13ന് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷം യൂറോപിനു പുറത്തു തെരേസ മേ നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദര്‍ശനം കൂടിയാണിത്. ബ്രിട്ടന്റെ ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സ്, ഇന്റര്‍നാഷണല്‍ ട്രേഡ് മിനിസ്റ്റര്‍ ഗ്രെഗ് ഹാന്‍ഡ്‌സ് എന്നിവരും 40 അംഗ ബിസിനസ്, വിദ്യാഭാസ മേഖലയിലെ പ്രതിനിധി സംഘവും മേയെ അനുഗമിക്കുന്നുണ്ട്.

ബ്രെക്‌സിറ്റിനു ശേഷമുള്ള ബ്രിട്ടന്‍ ശക്തരാണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമത്തിലാണു മേ. ഇന്ത്യന്‍ സന്ദര്‍ശനം ഈ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്നും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണു കഴിഞ്ഞ ദിവസം ലണ്ടന്‍ കോടതി പുറപ്പെടുവിച്ച വിധിയും ഇമിഗ്രേഷന്‍ നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതും. യൂറോപ്യന്‍ യൂണിയന്‍(ഇയു) അംഗത്വം ഉപേക്ഷിക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക നടപടി ക്രമം ആരംഭിക്കുന്നതിനു മുന്‍പ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തണമെന്ന ലണ്ടന്‍ കോടതിയുടെ വിധിയാണു സര്‍ക്കാരിന് തിരിച്ചടിയായത്. ബ്രിട്ടനില്‍ ജോലിക്കും പഠനത്തിനും ശ്രമിക്കുന്ന ഇന്ത്യക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് ബ്രിട്ടന്റെ പുതിയ ഇമിഗ്രേഷന്‍ നിയമം. ഇന്ത്യയുമായുള്ള ബ്രിട്ടന്റെ ബന്ധത്തിനു തടസം സൃഷ്ടിച്ചിരിക്കുന്നത് ഇമിഗ്രേഷന്‍ നയമാണ്.
മേയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഇമിഗ്രേഷന്‍ നിയന്ത്രണം ഉന്നയിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കെടുത്താല്‍ യുകെയില്‍ പഠനത്തിന് പോകുന്ന ഇന്ത്യാക്കാരുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. ഇമിഗ്രേഷന്‍ നിയമം യുകെ കര്‍ശനമാക്കിയതാണ് ഇതിനു കാരണം. യുകെ വിട്ട് ഇപ്പോള്‍ കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനത്തിന് പോകുന്ന പ്രവണതയാണ് മുന്‍ വര്‍ഷങ്ങളില്‍ പ്രകടമായത്. യുകെയില്‍ ഉന്നത പഠനം നടത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു വിസാ നിയന്ത്രണം തടസമാകരുതെന്ന് ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്.
ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയന്റെ വിപണി വിട്ട് ഇന്ത്യ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേക്ക് വ്യാപാര ബന്ധം സ്ഥാപിക്കാന്‍ തയാറെടുക്കുന്ന ബ്രിട്ടന്, ഇമിഗ്രേഷന്‍ നിയമത്തിലെടുത്തിരിക്കുന്ന പുതിയ തീരുമാനം തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പാണ്.
ബ്രെക്‌സിറ്റ് ഫലം പുറത്തുവന്നതിനു ശേഷം ബ്രിട്ടന്റെ നാണയമായ പൗണ്ട് സ്റ്റെര്‍ലിംഗിന്റെ മൂല്യത്തിലുണ്ടായ വന്‍ ഇടിവ് ഇന്ത്യ-യുകെ വ്യാപാര,വാണിജ്യ ബന്ധത്തെ ബാധിക്കുമെന്ന് ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ മേ, കൗശലപൂര്‍വ്വം തെരഞ്ഞെടുത്തതാണ് ഇന്ത്യാ സന്ദര്‍ശനമെന്നു വേണം അനുമാനിക്കാന്‍. കാരണം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്പദ്‌രംഗമാണ് ഇന്ത്യയുടേത്. സാമ്പത്തിക നയങ്ങളില്‍ ഉദാരസമീപനവും ഇന്ത്യ പുലര്‍ത്തുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്റെ വിപണിയേക്കാള്‍ സാധ്യത ഇന്ത്യന്‍ വിപണിയില്‍ ബ്രിട്ടന്‍ കാണുന്നുണ്ട്. മറ്റേതൊരു വന്‍കിട രാജ്യത്തേക്കാളും ഇന്ത്യയുടെ ജിഡിപി, വളര്‍ച്ച കൈവരിക്കുന്നുണ്ട്. ഏഴ് ശതമാനമാണ് ഇന്ത്യയുടെ പ്രതിവര്‍ഷ ജിഡിപി വളര്‍ച്ച. ഈ വര്‍ഷം പുറത്തിറക്കിയ ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മത്സരക്ഷമതാ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 39ല്‍നിന്നും 16ലേക്ക് കുതിച്ചുയരുകയുണ്ടായി. യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലിയെയും പോര്‍ച്ചുഗലിനെയും ഗ്രീസിനെയും മറികടന്നാണ് ഇന്ത്യ മുന്നേറിയതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഇത്തരം ഘടകങ്ങള്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ബ്രിട്ടനെ പ്രേരിപ്പിക്കുന്നുണ്ട്.

Comments

comments

Categories: Slider, Top Stories