ഉല്‍പ്പാദനം ഔട്ട്‌സോഴ്‌സ് ചെയ്യുന്ന കമ്പനികള്‍ക്ക് 35 ശതമാനം നികുതി ചുമത്തും ഡൊണാള്‍ഡ് ട്രംപ്

ഉല്‍പ്പാദനം ഔട്ട്‌സോഴ്‌സ് ചെയ്യുന്ന കമ്പനികള്‍ക്ക് 35 ശതമാനം നികുതി ചുമത്തും ഡൊണാള്‍ഡ് ട്രംപ്

 
വാഷിംഗ്ടണ്‍ : ജീവനക്കാരെ പിരിച്ചുവിട്ട് ഉല്‍പ്പാദനം മറ്റ് രാജ്യങ്ങളിലേക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്ന യുഎസ് കമ്പനികള്‍ക്കുമേല്‍ 35 ശതമാനം നികുതി ചുമത്തുമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ടാമ്പ, ഫ്‌ളോറിഡ, വില്‍മിംഗ്ടണ്‍, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലെ വിവിധ തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിക്കുകയായിരുന്നു ട്രംപ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെതിരെ താന്‍ തീര്‍ച്ചയായും വിജയിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് ആത്മവിസ്വാസം പ്രകടിപ്പിച്ചു.
അമേരിക്കയുടെ സമ്പത്തും അഭിവൃദ്ധിയും മറ്റ് രാഷ്ട്രങ്ങള്‍ കവര്‍ന്നെടുക്കുന്നത് താന്‍ തടയുമെന്ന് ടാമ്പയില്‍ നടന്ന റാലിയില്‍ ട്രംപ് പറഞ്ഞു. ഇക്കാര്യം എത്രയും വേഗം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അമേരിക്കയിലെ ഏതെങ്കിലും കമ്പനി തങ്ങളുടെ തൊഴിലാളികളെ പിരിച്ചുവിട്ട് ഉല്‍പ്പാദനം മറ്റൊരു രാജ്യത്ത് നടത്തുകയും തിരിച്ച് വീണ്ടും കപ്പലേറ്റി അമേരിക്കയിലേക്ക് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരികയും ചെയ്താല്‍ ആ ചരക്കുകള്‍ക്ക് 35 ശതമാനം നികുതി ഈടാക്കുമെന്ന് ട്രംപ് യോഗങ്ങളില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു..

നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രീമെന്റ് (നാഫ്റ്റ), ട്രാന്‍സ്-പസഫിക് പാര്‍ട്ണര്‍ഷിപ്പ് (ടിപിപി) എന്നീ വ്യാപാര-വാണിജ്യ ഉടമ്പടികള്‍ക്കെതിരെയും ട്രംപ് നിലപാട് വ്യക്തമാക്കി. ഇവയെല്ലാം യുഎസ്സില്‍നിന്ന് തൊഴിലുകള്‍ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ട്രംപിന്റെ വാദം. ആഗോളവത്ക്കരണവും സാങ്കേതികവിദ്യാ മുന്നേറ്റവും കാരണം ഇല്ലാതായ ഉല്‍പ്പാദന മേഖലയിലെ തൊഴിലുകള്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തു.

മേല്‍പ്പറഞ്ഞ വ്യാപാര കരാറുകള്‍ അമേരിക്കയ്ക്ക് ഒരു ഗുണവും ചെയ്യുന്നില്ല. ഇവ അമേരിക്കക്ക് ഗുണകരമാകുന്നവിധം പുനഃക്രമീകരിക്കും. അതേസമയം കോര്‍പ്പറേറ്റ് നികുതി 35 ല്‍നിന്ന് 15 ശതമാനത്തിലേക്ക് കുറയ്ക്കുന്നത് തൊഴിലവസരങ്ങള്‍ തിരികെ കൊണ്ടുവരുന്നതിന് സഹായകമാകുമെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, World