ചൈന-പാക്ക് സാമ്പത്തിക ഇടനാഴി ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധം

ചൈന-പാക്ക് സാമ്പത്തിക ഇടനാഴി  ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധം

ജയ് കുമാര്‍ വെര്‍മ

46 ബില്ല്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന 3,000 കിലോ മീറ്റര്‍ നീളമുള്ള ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) പ്രശ്‌നബാധിത പ്രദേശമായ ബലോചിസ്ഥാനിലെ ഗദ്വാര്‍ തുറമുഖത്തെയും ചൈനയുടെ സ്വയം ഭരണ പ്രദേശമായ സിന്‍ജിയാങ്ങിനെയും പരസ്പരം ബന്ധിപ്പിക്കുന്നു. ചൈനയുടെ സ്വപ്‌ന പദ്ധതിയായ വണ്‍-ബെല്‍റ്റ്-വണ്‍-റോഡിന്റെ വിപുലീകരണമാണ് ഇത്. പാക്ക് അധീന കശ്മീരിന്റെ ഭാഗമായ ഗില്‍ജിത്, ബാള്‍ട്ടിസ്ഥാന്‍ പ്രദേശങ്ങളില്‍ക്കൂടിയാണ് ഈ ഇടനാഴി കടന്നുപോകുന്നത്. അതിനാല്‍, ഇത് ഇന്ത്യയുടെ ഭൂമിശാസ്ത്ര, നയതന്ത്ര താല്‍പര്യങ്ങള്‍ക്കെതിരാണെന്ന് പറയേണ്ടിവരും. മുന്‍കാല പ്രവര്‍ത്തികളില്‍ നിന്ന് വഴിമാറി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ, 2014 ഡിസംബറില്‍ ഖുന്‍ഞ്ചെറാബ് പാസിനെക്കുറിച്ച് പരാമര്‍ശിക്കുകയും, ഗില്‍ജിത്, ബാള്‍ട്ടിസ്ഥാന്‍ പ്രദേശങ്ങള്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ്, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ പ്രദേശങ്ങള്‍ പാക്കിസ്ഥാന്റെ ഭാഗമാണോയെന്ന് ചൈന ഉറപ്പുവരുത്തേണ്ടതായിരുന്നുവെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാടെന്തെന്ന് ആരായണമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി നിരവധി അടിസ്ഥാന സൗകര്യങ്ങള്‍, ജലവൈദ്യുത പദ്ധതികള്‍, വ്യവസായ പാര്‍ക്കുകള്‍, റെയ്ല്‍ പാതകള്‍, റോഡുകള്‍, ദേശീയ പാതകള്‍ എന്നിവ പാക്ക് അധിനിവേശ കശ്മീരില്‍ ചൈന നിര്‍മിക്കും. ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള 12,000 കിലോ മീറ്റര്‍ ദൂരത്തെ ഇത് കുറയ്ക്കുകയും ചെയ്യും.

അതേസമയം, ഈ സിപിഇസി പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ കുതിച്ച് ചാട്ടം സൃഷ്ടിക്കുമെന്നും ആ രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും പാക്ക് നേതാക്കള്‍ വിശദീകരിക്കുന്നു. നേരിട്ട് ഏകദേശം 700000 തൊഴിലുകള്‍ സാമ്പത്തിക ഇടനാഴി സംഭാവന ചെയ്യുമെന്ന് പാക്കിസ്ഥാനിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവയ്ക്കിടയില്‍, തദ്ദേശീയമായി പണം കണ്ടെത്തേണ്ട പ്രധാന പദ്ധതികള്‍ക്കുവേണ്ടി എങ്ങനെ ഫണ്ടിംഗ് നടത്തുമെന്നാണ് പാക്കിസ്ഥാനിലെ നേതാക്കള്‍ ആശങ്കപ്പെടുന്നത്. മന്ത്രിസഭയിലെ ഇക്കണോമിക് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയെ ഫണ്ടിംഗ് കൈകാര്യം ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, പാക്കിസ്ഥാന്റെ ധനസ്ഥിതി പരുങ്ങലിലാണെന്നും വലിയ പദ്ധതികള്‍ക്കായി പണം കണ്ടെത്തുന്നത് പ്രയാസമേറിയ കാര്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇടനാഴി തങ്ങളുടെ പ്രദേശത്തു കൂടിയാണ് കടന്നുപോകുന്നതെങ്കിലും അതിന്റെ നേട്ടങ്ങള്‍ പഞ്ചാബികള്‍ അട്ടിമറിക്കുമെന്ന കടുത്ത വിമര്‍ശനമുയരുന്നുണ്ട്. ഇതിനോടകം തന്നെ കുറച്ച് ചൈനക്കാരെ കൊന്നതായി പാക്കിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പായ തെഹ്‌രിക് ഇ താലിബാന്‍ അവകാശപ്പെട്ടിട്ടുണ്ട്. ബലോചിസ്ഥാനിലെ വിമതരും സാമ്പത്തിക ഇടനാഴിക്കെതിരാണ്. സംസ്ഥാനത്തിന്റെ താല്‍പര്യത്തിനെതിരാണിതെന്ന് അവര്‍ വാദിക്കുന്നു. പദ്ധതി പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയില്ലെന്ന് അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

അതേസമയം, ബലോചിലെയും സിന്ധിലെയും പ്രക്ഷോഭകാരികളെ ഉപയോഗിച്ച് ഇന്ത്യ സിപിഇസിയുടെ നിര്‍മാണത്തെ തടസപ്പെടുത്തുകയാണെന്ന് പാക്കിസ്ഥാന്‍ ആരോപിക്കുന്നു. 2016 മെയില്‍ കറാച്ചിയില്‍ ഒരു ചൈനീസ് തൊഴിലാളി കൊല്ലപ്പെട്ടുവെന്നും ആ ചെയ്തി ഇന്ത്യയുടെ പിന്തുണയില്‍ അരങ്ങേറിയതാണെന്നുമാണ് പാക്കിസ്ഥാന്‍ പറയുന്നത്. എന്നാല്‍, ഈ ആരോപണം ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്. സാമ്പത്തികമായ കാര്യങ്ങള്‍ക്കു മാത്രമെ ഈ ഇടനാഴി ഉപയോഗിക്കൂവെന്ന് ചൈനയും പാക്കിസ്ഥാനും അവകാശപ്പെടുമ്പോഴും അതിനുമപ്പുറത്തേക്ക് ഇതിന് ചില നയതന്ത്ര പ്രാധാന്യമുള്ളതായി ഇന്ത്യയും യുഎസും കണക്കുകൂട്ടുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയ്ക്ക് ആധിപത്യമുറപ്പിക്കുന്നതിന് ഭാവി തുറമുഖമായി ഗദ്വാര്‍ പ്രവര്‍ത്തിക്കും. കൂടാതെ അറേബ്യന്‍ സമുദ്രത്തില്‍ക്കൂടി ആധിപത്യമാകുന്നതോടെ ചൈനയിലേക്ക് 35 ശതമാനവും എണ്ണ ഇറക്കുമതി ചെയ്യുന്ന സ്‌ട്രെയിറ്റ് ഓഫ് ഹോര്‍മുസില്‍ നിന്നുള്ള ദൂരപരിധിയും കുറയും. എന്നാല്‍ സിപിഇസിയില്‍ പ്രധാന മുസ്ലിം ഭൂരിപക്ഷ മേഖലയായ ഷിന്‍സിയാങ് പ്രവിശ്യയെ ബന്ധിപ്പിക്കുന്നത് ചൈനയ്ക്കു ഭീഷണിയായേക്കും. ചൈനീസ് പ്രവിശ്യയിലെ അടിച്ചമര്‍ത്തപ്പെട്ട മുസ്ലിങ്ങള്‍ക്ക് പാക്കിസ്ഥാനിലെ മുസ്ലിം മതമൗലികവാദികള്‍ ധനസഹായം നല്‍കുകയും ഒപ്പം വിഘടന പ്രസ്ഥാനം ശക്തിപ്പെടുകയും ചെയ്യും. കൂടാതെ, പാക്കിസ്ഥാനി ജിഹാദികള്‍ ഉറപ്പായും ഇസ്ലാമിക് ചിന്തകള്‍ ചൈനയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും.

സാമ്പത്തിക, പ്രതിരോധ പങ്കാളിത്തത്തിലൂടെ പാക്കിസ്ഥാന്‍, മ്യാന്‍മര്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മാലെദ്വീപ്, സൊമാലിയ തുടങ്ങിയ രാജ്യങ്ങളുമായി ചൈന ഇതിനോടകം ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പുതിയ സാമ്പത്തിക ഇടനാഴി കൂടി വരുന്നതോടെ ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് ഇന്ത്യ തിരിച്ചറിയുന്നു. ഇടനാഴി പൂര്‍ത്തിയാകുന്നതോടെ പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ ചൈനയുടെ സാന്നിധ്യം വര്‍ധിക്കുകയും ചെയ്യും. അത് ഇന്ത്യ്ക്ക് ഹാനികരമാണ്. സിപിഇസിയെ സംബന്ധിച്ച് യുക്തിപരമായ ദീര്‍ഘകാല നയം ഇന്ത്യ ആവിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യയിലെ പൊതുജനങ്ങളുടെ വൈകാരിക പ്രകടനത്തിനിടയില്‍ അതത്ര എളുപ്പമാകില്ല.

പക്ഷേ, ചൈനയും പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഇത് വളരെ അത്യാവശ്യമാണ്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കെതിരായതിനാല്‍, ഇന്ത്യ തീര്‍ച്ചയായും ഇടനാഴിയെ എതിര്‍ക്കണം. എന്നാല്‍, അതൊരിക്കലും ഒരു തുറന്ന പോരിലേക്കെത്തുന്ന തരത്തിലാകരുത്. പദ്ധതിയില്‍ നിന്ന് ചൈനയെ പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാകണം. എന്നാല്‍, അതത്ര എളുപ്പമാകില്ല. സെപ്റ്റംബര്‍ നാലിന് ചൈനയില്‍ നടന്ന ജി20 സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സിപിഇസി പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയിരുന്നു.

ചൈനയുമായി വളരെയധികം അടുക്കാന്‍ ശ്രമിക്കുന്നതിനൊപ്പം ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്തായ റഷ്യയുമായും പാക്കിസ്ഥാന്‍ അടുത്തിടെ വല്ലാതെ ലോഹ്യം കാണിക്കുന്നുണ്ട്. റഷ്യയും ചൈനയും തമ്മിലുള്ള സൗഹൃദവും വര്‍ധിക്കുന്നു. അതിനാല്‍, ചൈന-റഷ്യ-പാക്കിസ്ഥാന്‍ അച്ചുതണ്ട് സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അത് അംഗീകരിക്കാനും പ്രയാസമാണ്. ഇന്ത്യയിലെ നയതന്ത്ര വിദഗ്ധര്‍ ഇക്കാര്യം മനസിലാക്കുകയും വേണം. അതേസമയം, ഇന്ത്യ-യുഎസ് ബന്ധം ദിനംപ്രതി ദൃഢമാവുകയാണ്. ഇതിനെ മറികടക്കാന്‍ പാക്കിസ്ഥാനുമായും ചൈനയുമായുള്ള അടുപ്പം റഷ്യ വീണ്ടും കൂട്ടുകയും ചെയ്യും.

(ഡെല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നയതന്ത്ര വിദഗ്ധനാണ് ലേഖകന്‍)

Comments

comments

Categories: FK Special
Tags: China, economic, Pak