ബുന്ദസ് ലിഗ: ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് തകര്‍പ്പന്‍ വിജയം

ബുന്ദസ് ലിഗ:  ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് തകര്‍പ്പന്‍ വിജയം

 

ബെര്‍ലിന്‍: ബുന്ദസ് ലിഗയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഹാംബര്‍ഗിനെയാണ് ബൊറൂസിയ ഡോര്‍ട്മുണ്ട് പരാജയപ്പെടുത്തിയത്. ഗാബോണ്‍ സ്‌ട്രൈക്കര്‍ പിയെറി എമെറിക് ഓബമെയാംഗിന്റെ നാല് ഗോള്‍ മികവിലായിരുന്നു ബൊറൂസുയ ഡോര്‍ട്ട്മുണ്ടിന്റെ അനായാസ ജയം.

ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്കായി നിശ്ചയിച്ചിരുന്ന ടീമില്‍ നിന്നും പുറത്തിരുത്തിയ പിയെറി എമെറിക് ഓബമെയാംഗിന്റെ തകര്‍പ്പന്‍ തിരിച്ചുവരവായിരുന്നു ഹാംബര്‍ഗിനെതിരായത്. മത്സരത്തിന്റെ നാലാം മിനുറ്റിലാണ് ഓബമെയാംഗ് ആദ്യ ഗോള്‍ നേടിയത്. 23, 27, 48 മിനുറ്റുകളിലായിരുന്നു ഗാബോണ്‍ താരത്തിന്റെ മറ്റ് ഗോളുകള്‍. 76-ാം മിനുറ്റില്‍ ഡെംബെലെയും ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് വേണ്ടി ഗോള്‍ നേടി.

ഹാംബര്‍ഗിനായി രണ്ട് ഗോളുകളും സ്വന്തമാക്കിയത് നിക്കോളായ് മുള്ളറായിരുന്നു. പത്ത് മത്സരങ്ങളില്‍ നിന്നും പതിനെട്ട് പോയിന്റുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ബുന്ദസ് ലിഗയുടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. അതേസമയം, ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ബയണ്‍ മ്യൂണിക് സമനില വഴങ്ങി. ടിഎസ്ജി 1899താണ് ജര്‍മന്‍ വമ്പന്മാരെ ഒരു ഗോളിന്റെ സമനിലയില്‍ കുടുക്കിയത്.

ബുന്ദസ് ലിഗയിലെ മറ്റ് മത്സരങ്ങളില്‍ ബയെര്‍ ലെവര്‍ക്യൂസന്‍, എഫ്‌സി ഓഗ്‌സ്ബര്‍ഗ്, വിഎഫ്എല്‍ വോള്‍സ്ബര്‍ഗ് ടീമുകള്‍ വിജയിച്ചു. ബയെര്‍ ലെവര്‍ക്യൂസന്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എസ്‌വി ഡര്‍മസ്റ്റാഡിനെയും എഫ്‌സി ഓഗ്‌സ്ബര്‍ഗ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എഫ്‌സി ഇന്‍ഗ്ലോസ്റ്റാഡിനെയും തോല്‍പ്പിച്ചപ്പോള്‍ 3-0ത്തിന് സ്‌പോര്‍ട്‌സ് ക്ലബിനെതിരെയായിരുന്നു വിഎഫ്എല്‍ വോള്‍സ്ബര്‍ഗിന്റെ ജയം.

Comments

comments

Categories: Sports