ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനാകില്ലെന്ന് ബിസിസിഐ

ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനാകില്ലെന്ന് ബിസിസിഐ

 

മുംബൈ: ലോധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കാനാകില്ലെന്ന് ബിസിസിഐ. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ സത്യവാങ്മൂലത്തിലാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്. ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറും സെക്രട്ടറി അജയ് ഷിര്‍ക്കെയും ഇ-മെയിലിലൂടെയാണ് നിലപാട് അറിയിച്ചത്.

രണ്ട് ആഴ്ചയ്ക്കുള്ളില്‍ ബിസിസിഐ യോഗങ്ങളുടെ മിനുട്‌സ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സത്യവാങ്മൂലം നല്‍കണമെന്ന് കഴിഞ്ഞ മാസം 21-ാം തിയതി സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്.

1975ലെ തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ബിസിസിഐയ്ക്ക് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ വേണമെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ വാദം.

ലോധ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഭൂരിഭാഗം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും അറിയിച്ചതോടെയാണ് ബിസിസിഐ ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്. അതേസമയം, സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഫണ്ട് നല്‍കരുതെന്നടക്കമുള്ള ലോധ കമ്മിറ്റിയുടെ പല നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും സത്യവാങ്മൂലത്തിലൂടെ ബിസിസിഐ സമ്മതിച്ചു.

Comments

comments

Categories: Sports