ടൂറിസം മേഖലയ്ക്ക് കൈത്താങ്ങ്

ടൂറിസം മേഖലയ്ക്ക് കൈത്താങ്ങ്

reghuകേരളത്തിന്റെ നാവിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണ് കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയ്ക്കുള്ളത്. ഇപ്പോള്‍ മത്സരവള്ളംകളികളുടെയും, കനാലുകളുടെയും കയര്‍ വ്യവസായത്തിന്റെയും വിശാലമായ ബീച്ചിന്റെയും ഒക്കെ പേരിലാണ് ആലപ്പുഴ അറിയപ്പെടുന്നത്. ഹൗസ്‌ബോട്ട് യാത്രയാണ് ആലപ്പുഴ സഞ്ചാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന മറ്റൊരു മറക്കാനാവാത്ത അനുഭവം. പഴയ കെട്ടുവള്ളങ്ങളാണ് ഇവിടെ പരിഷ്‌കരിച്ച് ഹൗസ് ബോട്ടുകളാക്കി മാറ്റിയിരിക്കുന്നത്. ടണ്‍ കണക്കിന് അരിയും സുഗന്ധദ്രവ്യങ്ങളും മറ്റും അകലെയുള്ള കമ്പോളങ്ങളിലെത്തിക്കാനാണ് മുന്‍പ് വലിയ കെട്ടുവള്ളങ്ങള്‍ ഉപയോഗിച്ചിരുന്നത്. മരപ്പലകകള്‍ കയറുപയോഗിച്ച് വരിഞ്ഞുകെട്ടി നിര്‍മിക്കുന്നതിനാലാണ് കെട്ടു വള്ളങ്ങള്‍ക്ക് ആ പേരു ലഭിച്ചത്. ആധുനികകാലത്തെ ഹൗസ്‌ബോട്ടുകള്‍ ഒരു ആഡംബര ഹോട്ടലിലെ സൗകര്യങ്ങളെ വെല്ലുന്നവയാണ്. എയര്‍കണ്ടീഷന്‍ ചെയ്ത കിടപ്പുമുറികള്‍, അത്യാധുനിക ടോയ്‌ലറ്റ്, സ്വീകരണമുറി, അടുക്കള, ബാല്‍ക്കണി തുടങ്ങിയവയെല്ലാം ഇത്തരം ഹൗസ്‌ബോട്ടുകളിലുണ്ട്.

ആലപ്പുഴയെക്കുറിച്ചും അതിന്റെ ടൂറിസം സാധ്യതകളെക്കുറിച്ചും പറയുമ്പോള്‍ ഒട്ടുംതന്നെ അവഗണിക്കാനാവാത്ത പേരാണ് ആലപ്പി ടൂറിസം ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന എടിഡിസി. പ്രദേശത്തിന്റെ ടൂറിസം സാധ്യതകള്‍ ഇത്രത്തോളം പരിപോഷിപ്പിക്കുന്ന മറ്റൊരു സ്ഥാപനം കേരളത്തില്‍ തന്നെ അപൂര്‍വമായിരിക്കും. ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ സഹകരണ സംരംഭമാണിത്. 1987-ല്‍ 100 അംഗങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സെക്രട്ടറി ടിജി. രഘുവും പ്രസിഡന്റ് ജി. മുകുന്ദന്‍പിള്ളയുമാണ്.
”എടിഡിസിയെന്നത് ടൂറിസം മേഖലയില്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ സഹകരണ സ്ഥാപനമാണ്. എടിഡിസി രജിസ്റ്റര്‍ ചെയ്യുന്നത് 1987-ലാണ്. ഇതിനും പത്ത ്‌വര്‍ഷം മുന്‍പുതന്നെ ഞാന്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. ആലപ്പുഴ മുതല്‍ കൊല്ലം വരെയുള്ള ലോകത്തിലെ ഏറ്റവും മനോഹരമായ ബോട്ട് യാത്രയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചത് ഇക്കാലത്താണ്. ഇതിനെത്തുടര്‍ന്നാണ് കോളേജ് വിദ്യാഭ്യാസത്തിനുശേഷം ഈ മേഖലയിലേക്ക് കടന്നുവരുന്നത്. കുട്ടനാട് ട്രാവല്‍സ് എന്ന പേരിലാണ് ആദ്യ സംരംഭത്തിന് തുടക്കമിട്ടത്, ” എടിഡിസിയുടെ തുടക്കത്തെക്കുറിച്ച് സെക്രട്ടറി ടി.ജി. രഘു പറയുന്നു.

kerala-boat-housesഹൗസ്‌ബോട്ടുകളുടെ പിറവി
ചരക്കുകള്‍ കൈമാറ്റം ചെയ്യാനും മറ്റുമായി ഉപയോഗിച്ചിരുന്ന വള്ളങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുന്നത് പ്രയോജനപ്പെടുത്താനാവുമെന്ന ആശയത്തില്‍ നിന്നാണ് ഹൗസ്‌ബോട്ടുകളുടെ പിറവിയെന്ന് രഘു പറയുന്നു. വിദേശികള്‍ക്ക് ഇതിനോടുള്ള പ്രിയം തിരിച്ചറിഞ്ഞതും ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ജോലിയില്ലാതെ കിടക്കുന്ന ഒരു വള്ളം വാങ്ങി അതില്‍ ഒരു ബെഡ്‌റൂമും, സിറ്റൗട്ടും, ടോയ്‌ലറ്റ് സംവിധാനങ്ങളും മറ്റും ഏര്‍പ്പെടുത്തി. ഇതു പിന്നീട് കേരളത്തിന്റെ ടൂറിസം സംസ്‌കാരത്തിന്റെ തന്നെ മുഖമുദ്രയായി. ‘എടിഡിസിയുടെ നിയന്ത്രണത്തിലുള്ള ഈ ബോട്ടാണ് കേരളത്തിലെ ആദ്യ ഹൗസ് ബോട്ട്. ഞങ്ങളുടെ കീഴില്‍ അഞ്ച് ബോട്ടുകള്‍ വരെ വന്ന ശേഷമാണ് ആലപ്പുഴയിലുള്ള മറ്റുള്ളവര്‍ ഈ രംഗത്തു സാന്നിധ്യമറിയിക്കുന്നത്. ഹൗസ്‌ബോട്ടുകളുടെ വളര്‍ച്ച ഇങ്ങനെ അത്യധികം വേഗത്തിലായി. ഇപ്പോള്‍ 1200-ഓളം ഹൗസ് ബോട്ടുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു,” ഹൗസ്‌ബോട്ടുകളെന്ന ആശയം കേരളത്തിന്റെ ടൂറിസം രംഗത്തുണ്ടായതിനെക്കുറിച്ച് രഘു ഓര്‍മിക്കുന്നു. പിന്നീടങ്ങോട്ട് ഹൗസ് ബോട്ടുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായിരുന്നു എല്ലാവരും മുന്‍ഗണന നല്‍കിയത്. വള്ളങ്ങള്‍ക്ക് ജോലിയില്ലാതാവുകയും ഇത്തരത്തില്‍ തൊഴില്‍ സാധ്യതകള്‍ നഷ്ടപ്പെടുകയും കാര്‍ഷികരംഗം തകര്‍ച്ചയിലേക്ക് നീങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ഹൗസ് ബോട്ട് സംസ്‌കാരത്തെ ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇന്ന് കേരള ടൂറിസത്തിന്റെ മുഖമുദ്ര തന്നെയാണ് ഇത്തരം ഹൗസ് ബോട്ടുകള്‍.
slider4ഇന്ന് എടിഡിസിയുടെ നിയന്ത്രണത്തിലുള്ള ഹൗസ് ബോട്ടുകളും ആഡംബര ബോട്ടുകളുമെല്ലാം 1995-ല്‍ സ്ഥാപിച്ച കേരള ബാക്ക്‌വാട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴയില്‍ മാത്രമായി 15 ബോട്ടുകളാണ് കേരള ബാക്ക്‌വാട്ടേഴ്‌സിന് കീഴിലുള്ളത്. എസി പ്രീമിയം, എസി ഡീലക്‌സ്, പന്റിംഗ് എന്നീ മൂന്ന് വിഭാഗങ്ങളിലുള്ള ഹൗസ് ബോട്ടുകളാണ് എടിഡിസിയുടെ നിയന്ത്രണത്തിലുള്ളത്. മൂന്ന് എസി പ്രീമിയം ഡീലക്‌സ് ഹൗസ് ബോട്ടുകളാണ് എടിഡിസിക്കുള്ളത്. ലിവിംഗ് ഏരിയ, കിടപ്പു മുറി, അറ്റാച്ച്ഡ് ബാത്ത് റൂം തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്. കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍, പൂക്കള്‍ ഉപയോഗിച്ചുള്ള അലങ്കാരങ്ങള്‍, തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകള്‍. ഇതോടൊപ്പം 10 എസി ഡീലക്‌സ് ഹൗസ് ബോട്ടുകളും, രണ്ടു പന്റിംഗ് ഹൗസ് ബോട്ടുകളും സ്ഥാപനത്തിന് കീഴിലുണ്ട്.
യാത്രകളെ സ്‌നേഹിക്കുന്നവര്‍ക്ക് മുന്നില്‍ ആകര്‍ഷകമായ പാക്കേജുകളാണ് എടിഡിസി മുന്നോട്ടുവയ്ക്കുന്നത്. ആലപ്പുഴ, കയര്‍ വില്ലേജ് ലേക്ക് റിസോര്‍ട്ട് തുടങ്ങിയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മൂന്നുദിവസത്തെ പാക്കേജ്, കേരള ടൂര്‍ പാക്കേജ്, തുടങ്ങിയവ ചുരുങ്ങിയ ദിവസങ്ങളിലുള്ള പാക്കേജുകളായും നീണ്ട പാക്കേജുകളായും ഇവിടെ നിന്നു ലഭ്യമാക്കുന്നു. മികച്ച ആയുര്‍വേദ പാക്കേജുകളാണ് ഇവിടത്തെ ഏറ്റവും ജനപ്രിയമായ മറ്റൊരു ഘടകം. വണ്‍വീക്ക് പാക്കേജ്, ടു വീക്ക് പാക്കേജ്, ത്രീ വീക്ക് പാക്കേജ്, സ്‌പെഷ്യല്‍ പാക്കേജ് തുടങ്ങി വൈവിധ്യങ്ങളേറെയുള്ള പാക്കേജുകളാണ് ഇവിടെ ഒരുക്കുന്നത്.

slider3ലക്ഷ്യം കേരള വിനോദ സഞ്ചാര മേഖലയുടെ സമഗ്ര വികസനം
ആലപ്പുഴയുടെ പുതിയ മുഖത്തിന്റെ ഉപജ്ഞാതാക്കളെന്നുതന്നെ എടിഡിസിയെ വിശേഷിപ്പിക്കാനാവും. ഇപ്പോഴുള്ള ബോട്ടുകള്‍ നിലനിര്‍ത്തിക്കൊണ്ടു പോകാനാണ് സ്ഥാപനം ശ്രമിക്കുന്നത്. കയര്‍ വില്ലേജ് ഉള്‍പ്പടെ പ്രദേശത്തിന്റെ തൊഴില്‍ മേഖലയെയും വരുമാനത്തെയും സമ്പുഷ്ടമാക്കുന്ന നിരവധി പദ്ധതികള്‍ എടിഡിസിയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ജനങ്ങള്‍ എടിഡിസിയെ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ടെന്നും രഘു പറയുന്നു. ”ലോക ടൂറിസത്തിന്റെ മുഖമുദ്ര തന്നെയായി ഹൗസ് ബോട്ടുകള്‍ മാറിയിരിക്കുന്നു. പതിനായിരങ്ങളാണ് ഇതിലൂടെ ഉപജീവനം നടത്തുന്നത്. ആലപ്പുഴയെ സംബന്ധിച്ചും ഇതിലൂടെ ധാരാളം നേട്ടങ്ങളുണ്ടായിട്ടുണ്ട്,” രഘു വ്യക്തമാക്കുന്നു.

slider2കേരളത്തിലെ ആദ്യത്തെ ആന റാലിയുടെ സംഘാടകര്‍ എന്ന പേരിലാണ് കേരളത്തിലെ ടൂറിസം രംഗത്ത് തങ്ങളുടേതായ സ്ഥാനം എടിഡിസി ഉറപ്പിക്കുന്നത്. 1989 ഓഗസ്റ്റ് 11-നാണ് ഇത് സംഘടിപ്പിച്ചത്. ഇതിന് പിന്നാലെ 1990 ഓഗസ്റ്റ് 12-ന് കേരളത്തിലെ ആദ്യത്തെ മോട്ടോര്‍ ബോട്ട് റാലിയും ഇവരുടെ നേതൃത്വത്തില്‍ അരങ്ങേറി. കേരള ടൂറിസം കലണ്ടറില്‍ ഇന്ന് അടയാളപ്പെടുത്തിയിരിക്കുന്ന പ്രമുഖ ആഘോഷങ്ങളും ചടങ്ങുകളുമെല്ലാം ആദ്യകാലങ്ങളില്‍ എടിഡിസിയുടെ ആഭിമുഖ്യത്തില്‍ അവതരിപ്പിക്കപ്പെട്ടവയാണ്. ഹൗസ് ബോട്ടിന്റെ സില്‍വര്‍ ജൂബിലിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കായുള്ള ആലോചന ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2016 നവംബര്‍ 15-ന് ഈ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. ലേക്ക് പാലസ് ഹോട്ടലില്‍ വച്ചാണ് ഇത് നടത്തുന്നത്. കേരളത്തിലെ മുഴുവന്‍ ഹൗസ് ബോട്ട് ഉടമകളും ഇവിടെ സംഗമിക്കും.
”10 മുറികള്‍ വരെയുള്ള ഹൗസ് ബോട്ടുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. 25 മുറികളുള്ള ഒരു മിനിഷിപ്പ് ആലപ്പുഴയുടെ നീറ്റിലിറക്കാനും ഇപ്പോള്‍ ലക്ഷ്യമിടുന്നുണ്ട്. എട്ടുമണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ വരെ ഇതില്‍ യാത്ര ചെയ്യാനാവും. കൊച്ചി മുതല്‍ ആലപ്പുഴ വരെയായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. ഒരു ബോട്ടിന് 20 കോടി രൂപ വരെ മുടക്കുമുതലുള്ള വമ്പന്‍ പദ്ധതിയാണിത്,” ഭാവി പദ്ധതികളെക്കുറിച്ച് രഘു പറയുന്നു.

Comments

comments

Categories: FK Special