ബാങ്കുകള്‍ സ്വകാര്യ മേഖലയിലെ നിക്ഷേപം ഉയര്‍ത്തണം: അരുണ്‍ ജെയ്റ്റ്‌ലി

ബാങ്കുകള്‍ സ്വകാര്യ മേഖലയിലെ നിക്ഷേപം ഉയര്‍ത്തണം: അരുണ്‍ ജെയ്റ്റ്‌ലി

 

ഗുരുഗ്രാം : ബാങ്കുകള്‍ സ്വകാര്യ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് സഹായിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആവശ്യപ്പെട്ടു. സമ്പദ് വ്യവസ്ഥ കുതിച്ചുയരുന്നതിന് സ്വകാര്യ മേഖലയുടെ വികാസം വലിയ തോതില്‍ ആവശ്യമാണ്. രാജ്യത്തെ ആഭ്യന്തര നിക്ഷേപം വെല്ലുവിളിയായി തുടരുന്നതായി പറഞ്ഞ ജയ്റ്റ്‌ലി സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതഗതിയിലാക്കുന്നതിന് ബാങ്കിംഗ് മേഖല കോര്‍പ്പറേറ്റുകളെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടു.

വിദേശ നിക്ഷേപത്തിന്റെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി ഇന്ത്യ മാറിയത് കേന്ദ്ര സര്‍ക്കാര്‍ നേരിട്ടുള്ള വിദേശ നിക്ഷേപ നയം ഉദാരമാക്കിയതിനാലാണ്. വിദേശ നിക്ഷേപകര്‍ക്ക് ലോകത്ത് ഏറ്റവുമധികം റിട്ടേണ്‍ ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണെന്ന് ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് പൊതുനിക്ഷേപവും വിദേശ മൂലധന നിക്ഷേപവും നല്ല നിലയിലാണ്. എന്നാല്‍ ആഭ്യന്ത നിക്ഷേപമാണ് വെല്ലുവിളി നേരിടുന്നത്. ഉത്സവകാലത്ത് രാജ്യത്തെ നഗര-ഗ്രാമീണ മേഖലകളിലെ വില്‍പ്പനയില്‍ പ്രകടമായ ഉണവവ്വ് പ്രതീക്ഷ പകരുന്നതാണ്. എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച വേഗം കൈവരിക്കുന്നതിന് ആഭ്യന്തര നിക്ഷേപം വന്‍തോതില്‍ വര്‍ധിക്കേണ്ടതുണ്ടെന്നും ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

കോര്‍പ്പറേറ്റുകള്‍ വെല്ലുവിളി നേരിടുന്ന സന്ദര്‍ഭത്തില്‍ ബാങ്കുകള്‍ക്ക് സുപ്രധാന പങ്കാണ് വഹിക്കാനുള്ളത്. കടം തിരിച്ചുപിടിക്കുന്നതില്‍ അസാധാരണമായ കാലതാമസമാണ് ബാങ്കുകള്‍ നേരിടുന്നതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും ധനകാര്യ മന്ത്രി നിര്‍ദ്ദേശിച്ചു.

Comments

comments

Categories: Slider, Top Stories