ഇന്ത്യയില്‍ ഉല്‍പ്പാദ യൂണിറ്റ് ആരംഭിക്കാന്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് ആപ്പിള്‍

ഇന്ത്യയില്‍ ഉല്‍പ്പാദ യൂണിറ്റ് ആരംഭിക്കാന്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് ആപ്പിള്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐ ഫോണ്‍ ഉല്‍പ്പാദകരായ ആപ്പിള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. ഇന്‍ഫൊര്‍മേഷന്‍ ഐടി മന്ത്രാലയത്തിനും റവന്യു മന്ത്രാലയത്തിനും ഇതുസംബന്ധിച്ച് ആപ്പിള്‍ കത്തയച്ചിട്ടുണ്ട്. വ്യവസായ നയരൂപീകരണ മന്ത്രാലയം ഇക്കാര്യത്തിലെ തങ്ങളുടെ അഭിപ്രായം രണ്ടു മന്ത്രാലയങ്ങളെയും അറിയിക്കും. ഇതിനു ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.

നേരത്തേ ഇന്ത്യയില്‍ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നത് വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കണമെന്ന ആപ്പിളിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. 30 ശതമാനം വിഭവ സമാഹരണം ഇന്ത്യയില്‍ നിന്നു തന്നെ നടത്തണമെന്ന നിബന്ധനയായിരുന്നു ആപ്പിളിന് വിലങ്ങുതടിയായത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കാന്‍ പ്രോല്‍സാഹനം തേടിക്കൊണ്ടുള്ള ആപ്പിളിന്റെ ശ്രമങ്ങള്‍ ശ്രദ്ധേയമാകുന്നത്. റീഫര്‍ബിഷ്ഡ് മൊബീല്‍ ഫോണുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി നടത്തി വില്‍ക്കുന്നതിനുള്ള ആപ്പിളിന്റെ ശ്രമവും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു.
രാജ്യത്തെ ഇലക്ട്രോണിക് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് നിലവില്‍ മോഡിഫൈഡ് സ്‌പെഷല്‍ ഇന്‍സെന്റിവ് പാക്കേജ് സ്‌കീമിനു കീഴില്‍ വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. പ്രത്യേക സാമ്പത്തിക മേഖലകളിലെ നിക്ഷേപത്തിന് വിവിധ സബ്‌സിഡികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായുള്ള സാമ്പത്തിക സഹായങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്.
നൂതന ആശയങ്ങളുടെ അടിസ്ഥാനത്തിലും നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തിലും പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി എന്ന നിലയില്‍ പ്രാദേശികമായി വിഭവങ്ങള്‍ കണ്ടെത്തുന്നതില്‍ പരിമിതിയുണ്ടെന്നാണ് ആപ്പിള്‍ ചൂണ്ടിക്കാണിക്കുന്നത്. നിവവില്‍ യുഎസിനു പുറമേ കൊറിയ, ജപ്പാന്‍ തുടങ്ങിയ അഞ്ചു രാഷ്ട്രങ്ങളില്‍ക്കൂടി ആപ്പിളിന് ഉല്‍പ്പാദന യൂണിറ്റുകളുണ്ട്.

Comments

comments

Categories: Slider, Top Stories