അഖിലേഷ്-ശിവ്പാല്‍ പോര്: സില്‍വര്‍ ജൂബിലി ആഘോഷവേദിയിലും തര്‍ക്കം

അഖിലേഷ്-ശിവ്പാല്‍ പോര്:  സില്‍വര്‍ ജൂബിലി ആഘോഷവേദിയിലും തര്‍ക്കം

ലക്‌നൗ(യുപി): സമാജ്‌വാദി പാര്‍ട്ടിയിലെ പോരിന് ശമനമായെന്ന് പറയുമ്പോഴും തര്‍ക്കം മൂര്‍ച്ഛിക്കുന്നതായി മാറുന്നു എന്നതിനു തെളിവായി മാറി പുതിയ സംഭവവികാസങ്ങള്‍. ശനിയാഴ്ച ലക്‌നൗവില്‍ നടന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പുകഴ്ത്തി സംസാരിച്ച മന്ത്രി ജാവേദ് ആബിദിയെ പാര്‍ട്ടി ചെയര്‍മാനും മുലായം സിങ്ങ് യാദവിന്റെ അനുജനുമായ ശിവ്പാല്‍ യാദവ് തള്ളി മാറ്റി.

സംസാരിക്കാന്‍ അനുവദിക്കാതെയായിരുന്നു ഈ നടപടി. മുലായം അടക്കം വേദിയിലിരിക്കുമ്പോഴായിരുന്നു ശിവ്പാലിന്റെ നടപടി. നേതാക്കള്‍ ഇടപെട്ടാണ് ശിവ്പാലിനെ അനുനയിപ്പിച്ചത്. ഇത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്നു മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രസംഗിച്ചെങ്കിലും ഈ വിഷയങ്ങളൊന്നും പരാമര്‍ശിച്ചില്ല. താന്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവില്ലെന്നു ശിവ്പാല്‍ പ്രസംഗത്തില്‍ പ്രഖ്യപിക്കുകയും ചെയ്തു. എന്നാല്‍ ആ സ്ഥാനത്തേക്ക് അഖിലേഷ് യാദവിന്റെ പേര് അദ്ദേഹം നിര്‍േദശിച്ചുമില്ല. പാര്‍ട്ടിക്കു വേണ്ടി രക്തം നല്‍കാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ മുഖ്യമന്ത്രിയാകാന്‍ താനില്ല. നിങ്ങള്‍ക്ക് എത്രവേണമെങ്കിലും എന്നെ അപമാനിക്കാമെന്നും ശിവ്പാല്‍ പറഞ്ഞു.
വേദിയിലുണ്ടായിരുന്ന മുലായം ഇരുവരും വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍ മൗനം അവലംബിച്ചു.
മുന്‍പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, ആര്‍എല്‍ഡി നേതാവ് അജിത് സിംഗ്, ഐഎന്‍എല്‍ഡി നേതാവ് അഭയ് ചൗട്ടാല, ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരത് യാദവ്, രാംജത് മലാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Comments

comments

Categories: Politics