സൈറസ് മിസ്ട്രിക്ക് പകരം ഇന്ത്യ-യുകെ സിഇഒ ഫോറത്തെ അജയ് പിറമല്‍ നയിക്കും

സൈറസ് മിസ്ട്രിക്ക് പകരം  ഇന്ത്യ-യുകെ സിഇഒ ഫോറത്തെ അജയ് പിറമല്‍ നയിക്കും

 

ന്യൂഡെല്‍ഹി : ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ട്രിക്ക് പകരം ഇന്ത്യ-യുകെ സിഇഒ ഫോറത്തെ വ്യവസായി അജയ് പിറമല്‍ നയിക്കും. യുകെ പ്രധാനമന്ത്രി തെരേസ മേയുടെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഉച്ചകോടി നടക്കുന്നത്. ഒക്ടോബര്‍ 24ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ട്രിയെ നീക്കിയതാണ് ഇന്ത്യ-യുകെ സിഇഒ ഫോറത്തിലും അദ്ദേഹത്തിന്റെ സ്ഥാനചലനത്തിന് കാരണമായത്.

ടാറ്റ സണ്‍സ് ഡയറക്റ്റര്‍മാരിലൊരാളായ അജയ് പിറമല്‍ (61) മിസ്ട്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുന്നതിനെയും രത്തന്‍ ടാറ്റയെ ഇടക്കാല ചെയര്‍മാനായി നിയമിക്കുന്നതിനെയും അനുകൂലിച്ചിരുന്നു. രണ്ട് മാസം മുമ്പാണ് ടാറ്റ സണ്‍സ് ബോര്‍ഡില്‍ നോണ്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്ററായി പിറമല്‍ ഗ്രൂപ്പ് ചെയര്‍മാനെ ഉള്‍പ്പെടുത്തിയത്.

സൈറസ് മിസ്ട്രിക്ക് പകരം ഇന്ത്യ-യുകെ സിഇഒ ഫോറത്തെ ആര് നയിക്കുമെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ രഹസ്യ സ്വഭാവം സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴും അജയ് പിറമലിന്റെ നിയമനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല.

ഇന്ന് ന്യൂ ഡെല്‍ഹിയില്‍ തെരേസ മെയ് സര്‍ക്കാര്‍-വ്യവസായ പ്രതിനിധികളുമായി വിശദമായ കൂടിക്കാഴ്ച്ചകള്‍ നടത്തും. നാളെ ബെംഗളൂരുവില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ടെക്‌നോളജി കമ്പനി സിഇഒ മാര്‍ എന്നിവരെ അവര്‍ കാണുന്നുണ്ട്.
യൂറോപ്യന്‍ യൂണിയന് പുറത്തുനടത്തുന്ന തന്റെ ആദ്യ സന്ദര്‍ശനത്തില്‍ തെരേസ മേ യുടെ കൂടെ നൂറോളം വ്യവസായ പ്രമുഖരുണ്ടാകും. സ്റ്റാന്‍ഡേഡ് ലൈഫ്, ബാര്‍ക്ലെയ്‌സ്, ഗ്ലാക്‌സോസ്മിത്‌ക്ലൈന്‍ എന്നിവയുടെ പ്രതിനിധികള്‍ സിഇഒ ഫോറത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ബ്രിട്ടീഷ് സര്‍വകലാശാലകള്‍ എന്നിവയും ഉച്ചകോടിയില്‍ സാന്നിധ്യമറിയിക്കും.

Comments

comments

Categories: Branding