ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ സാംസംഗ് ഗാലക്‌സി എസ്8ല്‍ ഉള്‍പ്പെടുത്തും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ സാംസംഗ് ഗാലക്‌സി എസ്8ല്‍ ഉള്‍പ്പെടുത്തും

സിയോള്‍: സാംസംഗ് ഇലക്ട്രോണിക്‌സ് കമ്പനി ലിമിറ്റഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ ഡിജിറ്റല്‍ അസിസ്റ്റന്‍സ് സെര്‍വീസ് സംവിധാനം ഗാലക്‌സി എസ്8 സ്മാര്‍ട്ട് ഫോണുകളില്‍ ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചു. ഗാലക്‌സി നോട്ട് 7ന്റെ കാര്യത്തില്‍ നേരിടേണ്ടി വന്ന തിരിച്ചടിയില്‍ നിന്നുള്ള കരകയറ്റത്തിന്റെ ഭാഗമായാണ് സാംസംഗിന്റെ ഈ നടപടിയെന്ന് സാങ്കേതിക മേഖലയിലെ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

ആഗോളതലത്തിലെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ സാംസംഗ് ഒക്‌റ്റോബറില്‍ വിവ് ലാബ്‌സിനെ ഏറ്റെടുത്തിരുന്നു. സാന്‍ജോസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിവ് ലാബ്‌സിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം ഗാലക്‌സി എസ് 8 നിര്‍മാണത്തിന് ഉപയോഗപ്പെടുത്താനാണ് സാംസംഗ് പദ്ധതിയിടുന്നത്. വോയ്‌സ് അസിസ്റ്റന്റ് സേവനങ്ങളും വിയറബ്ള്‍ ടെക്‌നോളജി ഉപകരണങ്ങളും സാംസംഗ് ബ്രാന്‍ഡില്‍ വിപുലീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഗാലക്‌സി എസ്8 സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമാകുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കാന്‍ സാംസംഗ് തയാറായിട്ടില്ല. അടുത്ത വര്‍ഷം ആദ്യമാകുമ്പോഴേക്കും ഗാലക്‌സി എസ്8 വില്‍പ്പനയ്ക്കായെത്തുമെന്നാണ് ടെക് നിരീക്ഷകര്‍ നല്‍കുന്ന സൂചന. തേഡ് പാര്‍ട്ടി സെര്‍വീസുകള്‍ സീമാതീതമായി നിര്‍വഹിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍ച്ചേര്‍ക്കലിലൂടെ സാധ്യമാക്കുകയെന്ന് സാംസംഗ് വൃത്തങ്ങള്‍ വ്യക്തമാക്കി.

സാംസംഗ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിലേക്ക് ഡെവലപ്പര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ചേര്‍ക്കാന്‍ സാധിക്കുമെന്ന് കമ്പനിയുടെ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് റീ ഇന്‍ ജോംഗ് പറഞ്ഞു.

ആല്‍ഫബെറ്റ് ഇന്‍കിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളില്‍ മേല്‍ക്കൈ. എങ്കിലും ആമസോണ്‍ ഡോട്ട് കോം, ആപ്പിള്‍, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളും സ്വന്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ പുതിയ പദ്ധതികള്‍ മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്.

Comments

comments

Categories: Tech