യുഎസ് തെരഞ്ഞെടുപ്പ് ഫലം നിയമപോരാട്ടത്തിലേക്ക് നയിക്കുമെന്ന് സൂചന

യുഎസ് തെരഞ്ഞെടുപ്പ് ഫലം നിയമപോരാട്ടത്തിലേക്ക് നയിക്കുമെന്ന് സൂചന

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. സമീപകാല ചരിത്രത്തില്‍ ഇല്ലാത്തവിധം അത്യന്തം ആവേശകരമായ അന്ത്യത്തിലേക്ക് പ്രചരണമെത്തിയിരിക്കുന്നു. ട്രംപും ഹിലരിയും ലീഡ് നിലയില്‍ ഏറെക്കുറെ തുല്യ നിലയിലെത്തുകയും ചെയ്തിട്ടുണ്ട്. ആരും വിജയിക്കാമെന്ന അവസ്ഥ. പക്ഷേ, വിജയി ആരായാലും ഇപ്രാവിശ്യത്തെ തെരഞ്ഞെടുപ്പ് ഫലം കോടതി കയറുമെന്ന് ഉറപ്പായിട്ടുണ്ട്.

വിജയിക്കുന്ന സ്ഥാനാര്‍ഥി വ്യക്തമായ ലീഡ് നേടിയില്ലെങ്കില്‍, 2000ല്‍ ബുഷ്-അല്‍ഗോര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് സംഭവിച്ചതു പോലെ 2016ലെ ഫലത്തിനും കോടതി കയറേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
2000ല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഫ്‌ളോറിഡയിലെ ഭൂരിപക്ഷത്തെക്കുറിച്ച് അവ്യക്തതയും ആശയക്കുഴപ്പവും വന്നു. ഇതേത്തുടര്‍ന്നു ഫലം സുപ്രീം കോടതിയിലെത്തുകയും ചെയ്തു.
സമാനമായൊരു സാഹചര്യം ഇപ്രാവിശ്യം പ്രതീക്ഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, ട്രംപ് ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. ഹിലരിയുടെ വിജയം അംഗീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ കൃത്രിമത്വമുണ്ടെന്നും ട്രംപ് ആരോപിച്ചതിന്റെ പശ്ചാത്തലത്തില്‍ 2000ലേതു പോലൊരു നിയമയുദ്ധം ഇപ്രാവിശ്യത്തെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം പ്രതീക്ഷിക്കാമെന്നു തന്നെയാണു സൂചന.
ട്രംപ്, ഹിലരി ചേരികള്‍ നിയമ പോരാട്ടം നടത്താനുള്ള തയാറെടുപ്പുകള്‍ അണിയറയില്‍ നടത്തുന്നതായിട്ടാണ് സൂചന. ട്രംപ് വിഭാഗം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാണിച്ച് കോടതിയില്‍ കേസ് സമര്‍പ്പിക്കാനൊരുങ്ങുകയാണ്. മറുവശത്ത് ട്രംപ് ചേരിയാകട്ടെ, ഹിലരിക്കെതിരേയുള്ള ഇ-മെയ്ല്‍ വിവാദത്തെക്കുറിച്ചുള്ള അന്വേഷണത്തെ ഒബാമ ഭരണകൂടവും അറ്റോര്‍ണി ജനറല്‍ ലൊറേറ്റ ലിഞ്ചും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് ആരോപിക്കുന്നു.

Comments

comments

Categories: World