ഇന്ത്യയിലെ ആദ്യ യുനെസ്‌കോ ചെയര്‍ അമൃത സര്‍വകലാശാലയ്ക്ക്

ഇന്ത്യയിലെ ആദ്യ യുനെസ്‌കോ ചെയര്‍ അമൃത സര്‍വകലാശാലയ്ക്ക്

 

കൊച്ചി: ലിംഗ സമത്വത്തിലും വനിതാ ശാക്തീകരണത്തിലുമുള്ള ഇന്ത്യയിലെ ആദ്യത്തെ യുനെസ്‌കോ ചെയര്‍ ആയി അമൃത സര്‍വകലാശാലയെ ഐക്യാരാഷ്ടസഭ
ഔദ്യോഗികമായി അംഗീകരിച്ചു. പാരീസില്‍ അമൃത സര്‍വകലാശാല ചാന്‍സിലര്‍ അമൃതാനന്ദമയീ ദേവി പങ്കെടുത്ത ആത്മീയപരിപാടിയില്‍ യുനെസ്‌കോ ചെയറിന്റെ ഔദ്യോഗിക സമര്‍പ്പണം നടന്നു.

യുനെസ്‌കോയിലെ ഇന്ത്യയുടെ അംബാസിഡറും സ്ഥിരം പ്രതിനിധിയുമായ രുചിര കാമ്പോജ്, യുനെസ്‌കോ ഉന്നത വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. പീറ്റര്‍ വെല്‍സ് ഉള്‍പ്പെടെയുള്ള അതിഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. അമൃത സര്‍വകലാശാലയ്ക്കുവേണ്ടി വൈസ് ചാന്‍സിലര്‍ ഡോ. പി വെങ്കട് രംഗന്‍ ഒപ്പിട്ട കരാര്‍ ഡോ. വെല്‍സിന് കൈമാറി. വികസനം, സമാധാനം, മാറ്റങ്ങളെ ഉള്‍ക്കൊള്ളല്‍ തുടങ്ങിയവയ്ക്ക് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തോളം ശക്തമായ മറ്റൊന്നും ഇല്ലെന്ന് ഡോ. പീറ്റര്‍ വെല്‍സ് ചൂണ്ടിക്കാട്ടി. ഈ സന്ദര്‍ഭത്തില്‍ അമൃതപോലുള്ള സര്‍വകലാശാലകള്‍ക്ക് പലതും ചെയ്യാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൈപുണ്യവും ആരോഗ്യവും മുതല്‍ കാലാവസ്ഥാവ്യതിയാനം വരെയും, മൊബീല്‍ സാങ്കേതികവിദ്യകളിലെ ആപ്ലിക്കേഷനുകളിലും ആക്രമണസാധ്യതകളുടെ മുന്‍കൂട്ടിയുള്ള നിര്‍ണയം ഉള്‍പ്പടെ വിവിധ കാര്യങ്ങള്‍ക്കുള്ള ഉപാധികള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഗവേഷണവും പ്രവര്‍ത്തനവും സംയോജിപ്പിച്ചായിരിക്കും യുനെസ്‌കോ ചെയര്‍ പ്രവര്‍ത്തിക്കുക. മനുഷ്യാവകാശങ്ങളിലും സമാധാനത്തിലും പുരോഗതിയിലും മുന്‍നിരക്കാരാകുന്നതിനുവേണ്ടി യോജിച്ചു പ്രവര്‍ത്തിക്കുകയായിരിക്കും സമാന മാനുഷിക അജണ്ടകളുള്ള അമൃത സര്‍വകലാശാലയും യുനെസ്‌കോയും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള ആക്രമണസാഹചര്യങ്ങളെ വിവിധ തലങ്ങളിലും വ്യത്യസ്ത കാഴ്ചപ്പാടുകളിലും അമൃത സര്‍വകലാശാല അടയാളപ്പെടുത്തിയിട്ടുണ്ട്. ഗവേഷണ, പഠന, പരിശീലനങ്ങളിലൂടെയും മികച്ച രീതികളുടെ പങ്കിടലുകളിലൂടെയും ലോകത്തെമ്പാടും പകര്‍ത്താനാകുന്ന
തരത്തില്‍ ഏറ്റവും മികച്ച സാധ്യമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനാണ് ശ്രമം.

ഏറെ പുരോഗമിച്ച രാജ്യങ്ങളില്‍പോലും ലിംഗസമത്വ, സ്ത്രീശാക്തീകരണ മേഖലകളില്‍ ഇത്തരത്തിലുള്ള പ്രതിജ്ഞാബദ്ധമായ ശ്രമങ്ങള്‍ വളരെക്കുറവാണെന്നിരിക്കെ ഇന്ത്യയില്‍ ആദ്യമായി ഇങ്ങിനെയൊന്നു സ്ഥാപിക്കപ്പെടുന്നതിന് പ്രസക്തി ഏറെയാണെന്ന് അമൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പി വെങ്കട് രംഗന്‍
പറഞ്ഞു. സുരക്ഷ, വിദ്യാഭ്യാസം, നൈപുണ്യവികസനം, സാമൂഹ്യ സാംസ്‌കാരിക അന്തരീക്ഷം, കാലാവസ്ഥാവ്യതിയാനം, ദുരന്ത സാധ്യതകള്‍, ആരോഗ്യം, മാലിന്യനിര്‍മാര്‍ജ്ജനം തുടങ്ങിയവയിലൂന്നിയ പ്രശ്‌നസാധ്യതാനിര്‍ണയമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

1992ല്‍ സ്ഥാപിതമായ യുനെസ്‌കോ ചെയര്‍ പ്രോഗ്രാം 128 രാജ്യങ്ങളില്‍ നിന്നുള്ള എഴുനൂറോളം സര്‍വകലാശാലകളുള്‍പ്പെട്ട ആഗോള ശൃംഖലയാണ്. അറിവിന്റെ
പങ്കിടലിലൂടെയും സഹകരണപ്രവര്‍ത്തനങ്ങളിലൂടെയും സ്ഥാപനപരമായ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള രാജ്യാന്തരതലത്തിലെ അന്തര്‍സര്‍വകലാശാല സഹകരണവും നെറ്റ്‌വര്‍ക്കുമാണ് ഇത് പ്രോല്‍സാഹിപ്പിക്കുന്നത്. വെല്ലുവിളികളെ നേരിടാനും അവരവരുടെ സമൂഹത്തിന്റെ വികസനത്തിനാവശ്യമായ സംഭാവനകള്‍ നല്‍കാനും പര്യാപ്തമായ വിധത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ വിഭവങ്ങളുടെ സഞ്ചയം സൃഷ്ടിക്കലാണ് ആഗോള തലത്തിലുള്ള ഈ നെറ്റ്‌വര്‍ക്കിലൂടെ ചെയ്യുന്നത്.

Comments

comments

Categories: Education, Slider