യുകെ വിസാ നയ പരിഷ്‌കരണം: ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് തിരിച്ചടി

യുകെ വിസാ നയ പരിഷ്‌കരണം:  ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് തിരിച്ചടി

 

ലണ്ടന്‍: യൂറേപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ ശ്രമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി യുകെ വിസ പോളിസി പരിഷ്‌കരിച്ചു. വിസാ നയ പരിഷ്‌കരണം ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കും പ്രത്യേകിച്ച് ഐടി പ്രൊഫഷണലുകള്‍ക്കും വലിയ തിരിച്ചടിയാകും. യുകെ ആഭ്യന്തര മന്ത്രാലയമാണ് പുതിയ വിസാ നയം പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു ദിവസങ്ങള്‍ക്ക് മുന്‍പാണ് വിസാ നയത്തില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായതെന്നതും ശ്രദ്ധേയമാണ്.

പുതിയ വിസാ നയം പ്രകാരം നവംബര്‍ 24നു ശേഷം ടയര്‍2 ഐസിടി (യുകെയിലെ കമ്പനിയുടെ വിദേശ രാജ്യങ്ങളിലുള്ള ബ്രാഞ്ചുകളില്‍ നിന്നും ജീവനക്കാരെ യുകെയിലേക്ക് സ്ഥലം മാറ്റുന്ന പ്രക്രിയ) വിഭാഗത്തില്‍ യുകെ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കുള്ള തുടക്ക ശമ്പള പരിധി 20,800 പൗണ്ടില്‍ നിന്നും 30,000 പൗണ്ടാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഐസിടി മാര്‍ഗ്ഗം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് ബ്രിട്ടനിലുള്ള ഇന്ത്യന്‍ ഐടി കമ്പനികളാണ്. ഐസിടി വിഭാഗത്തില്‍ അനുവദിക്കപ്പെട്ട വിസകളില്‍ ഏകദേശം 90 ശതമാനംവും ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കു വേണ്ടിയുള്ളതാണെന്ന് യുകെ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി (മാക്) ഈ വര്‍ഷം ആദ്യം വ്യക്തമാക്കിയിരുന്നു.

ഇന്റിപെന്‍ഡന്റ് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിയുടെ വിശകലനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ടയര്‍ 2 ഐസിടിയിലെ രണ്ട് ഘട്ടങ്ങളിലെ മാറ്റങ്ങള്‍ നവംബര്‍ 24നോ അതിനുശേഷമോ വിസയ്ക്ക് അപേക്ഷിക്കുന്നവരെ ബാധിക്കുമെന്ന് യുകെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ടയര്‍ 2 ജനറല്‍ വിഭാഗത്തില്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കുള്ള ശമ്പള പരിധി 25,000 പൗണ്ട് ആക്കിയിട്ടുണ്ട്. ടയര്‍ 2 ഐസിടി വിസയിലൂടെയെത്തുന്ന ട്രെയ്‌നികളുടെ കുറഞ്ഞ ശമ്പളം 23,000 പൗണ്ട ആയിരിക്കണം.

ടയര്‍ 4 വിസകളുടെ കാര്യത്തിലും യൂറോപ്യന്‍ യൂണിയനു പുറത്തുള്ളവരെ ബാധിക്കുന്ന നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. യുകെയില്‍ കുടുംബത്തോടൊപ്പം സ്ഥിര താമസത്തിന് ശ്രമിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം സംബന്ധിച്ച പുതിയ നിബന്ധനകള്‍ ഉറപ്പാക്കേണ്ടി വരും.

Comments

comments

Categories: Slider, Top Stories