ടെസ്റ്റ് ഡ്രൈവ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുമായി പ്രശാന്ത് സിന്‍ഹ

ടെസ്റ്റ് ഡ്രൈവ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുമായി പ്രശാന്ത് സിന്‍ഹ

 

ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബീല്‍ കമ്പനിയില്‍ സോണല്‍ ഹെഡായി ജോലി ചെയ്യവേയാണ് 32 കാരനായ പ്രശാന്ത് സിന്‍ഹ കൗതുകകരമായ ആ വസ്തുത മനസിലാക്കുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷം ഓട്ടോമൊബീല്‍ മാധ്യമങ്ങളും ഉപഭോക്താക്കള്‍ക്ക് വാഹനം ഓടിക്കുന്നതിലൂടെ ലഭിക്കുന്ന സംതൃപ്തിയെ അത്ര കാര്യമായി കണക്കാക്കുന്നില്ല. വാഹനത്തിന്റെ സാങ്കേതിക വിവരണങ്ങളില്‍ മാത്രമാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏകദേശം 85 ശതമാനം ആളുകളും വാഹനം വാങ്ങിക്കുന്നതിനു മുന്‍പ് ടെസ്റ്റ് ഡ്രൈവ് നടത്തുന്നതായും പ്രശാന്ത് സിന്‍ഹ ചൂണ്ടിക്കാട്ടി.

ഇത്ര വലിയ ഡിമാന്‍ഡ് ഉണ്ടായിരുന്നിട്ടും വാഹനം ഓടിച്ചു നോക്കി കൃത്യമായ വിലയിരുത്തല്‍ നടത്തുന്ന പ്ലാറ്റ്‌ഫോമുകള്‍ ഒന്നും തന്നെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നില്ല. ചൈന കഴിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വാഹന വിപണിയുള്ള ഇന്ത്യയില്‍ ടെസ്റ്റ് ഡ്രൈവ് സൗകര്യങ്ങള്‍ ഒരുക്കുന്ന പോര്‍ട്ടലിന്റെ ആവശ്യം പ്രശാന്ത് സിന്‍ഹ മനസിലാക്കി. തുടര്‍ന്ന് 2016 ജൂണില്‍ ‘ഫസ്റ്റ് ടെസ്റ്റ് ഡ്രൈവ്’ എന്ന സ്ഥാപനം പ്രശാന്ത് സിന്‍ഹ സ്ഥാപിച്ചു.

ഞങ്ങളുടെ പ്ലാറ്റ്‌ഫോം വ്യത്യസ്തമായ ബ്രാന്‍ഡുകളില്‍ പെട്ട നിരവധി കാറുകള്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അവസരം ഒരുക്കുന്നു. ഇതിനായി അവര്‍ക്ക് ഓരോ കാറുകളുടേയും ഷോറൂമുകളില്‍ അലഞ്ഞു തിരിയേണ്ട ആവശ്യം വരുന്നില്ല. കാറുകള്‍ അവരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നു. ഇത് അവരുടെ സമയവും അധ്വാനവും വളരെയധികം കുറയ്ക്കുന്നു- പ്രശാന്ത് സിന്‍ഹ വിശദമാക്കി. രാജ്യത്തെ ഇതര ഓട്ടോമൊബീല്‍ പോര്‍ട്ടലുകളേക്കാള്‍ വളരെയധികം സാങ്കേതിക വിവരങ്ങളും ‘ഫസ്റ്റ് ടെസ്റ്റ് ഡ്രൈവ്’ നല്‍കുന്നതായി പ്രശാന്ത് സിന്‍ഹ സൂചിപ്പിച്ചു.

ഇതുവരെ 40 ലക്ഷം രൂപ ഫസ്റ്റ് ടെസ്റ്റ് ഡ്രൈവ് നിക്ഷേപിച്ചിട്ടുണ്ട്. നിലവില്‍ 11 അംഗ ടീമാണ് ഫസ്റ്റ് ടെസ്റ്റ് ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്നത്. ഡെല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 130 ഓളം കാര്‍ ഷോറൂമുകളുമായി ധാരണാ പത്രം ഒപ്പുവെക്കാന്‍ ഫസ്റ്റ് ടെസ്റ്റ് ഡ്രൈവിനു സാധിച്ചിട്ടുണ്ട്. 250 ടെസ്റ്റ് ഡ്രൈവുകളാണ് ഇതുവരെ സംഘടിപ്പിക്കാന്‍ ഫസ്റ്റ് ടെസ്റ്റ് ഡ്രൈവിനു കഴിഞ്ഞിട്ടുള്ളത്. വ്യത്യസ്ത ബ്രാന്‍ഡുകളില്‍പ്പെട്ട 102 കാറുകളുടെ വില്‍പ്പന നടത്താനും സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോ മൊബീല്‍ പോര്‍ട്ടലായി വളരുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രശാന്ത് സിന്‍ഹ പറഞ്ഞു.

വരുമാന മാതൃക

കമ്മിഷന്‍ അടിസ്ഥാനത്തിലാണ് ഫസ്റ്റ് ടെസ്റ്റ് ഡ്രൈവ് പ്രവര്‍ത്തിക്കുന്നത്. ടെസ്റ്റ് ഡ്രൈവുകള്‍ സൗജന്യമായാണ് സംഘടിപ്പിക്കുന്നതെങ്കിലും വാഹനങ്ങള്‍ വിറ്റു പോയാല്‍ ഷോറൂമുകള്‍ ഫസ്റ്റ് ടെസ്റ്റ് ഡ്രൈവിന് കമ്മിഷന്‍ നല്‍കും. 0.75 ശതമാനം മുതല്‍ ഒരു ശതമാനം വരെയാണ് കമ്മിഷനായി വാഹനവില്‍പ്പനക്കാര്‍ നല്‍കുന്നത്.

പദ്ധതികള്‍

വാഹനം വാങ്ങുന്നതിന് വായ്പാസൗകര്യമൊരുക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഫസ്റ്റ് ടെസ്റ്റ് ഡ്രൈവ് പദ്ധതിയിടുന്നുണ്ട്. രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളുമായി യോജിച്ച് വാഹനം വാങ്ങുന്നവര്‍ക്ക് മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കാനും ഫസ്റ്റ് ടെസ്റ്റ് ഡ്രൈവ് ശ്രമിക്കുന്നുണ്ട്.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്‌ചേഴ്‌സി(സയാം)ന്റെ കണക്കുകള്‍ പ്രകാരം മുന്‍വര്‍ഷത്തേക്കാള്‍ 2.68 ശതമാനമാണ് ഇന്ത്യയിലെ യാത്രാ വാഹന വിപണി വികസിച്ചിട്ടുള്ളത്. ഈ സന്ദര്‍ഭത്തില്‍ ടെസ്റ്റ് ഡ്രൈവ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് വന്‍ വളര്‍ച്ചാ അവസരമാണ് നിലവിലുള്ളത്.

Comments

comments

Categories: Auto