സ്റ്റാര്‍ബക്‌സിന്റെ ലാഭം 23 ശതമാനം വര്‍ധിച്ചു

സ്റ്റാര്‍ബക്‌സിന്റെ ലാഭം 23 ശതമാനം വര്‍ധിച്ചു

 

ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോഫി കമ്പനിയായ സ്റ്റാര്‍ബക്‌സിന്റെ ലാഭത്തില്‍ സാമ്പത്തിക വര്‍ഷത്തിന്റെ (യുഎസ് സാമ്പത്തിക വര്‍ഷം) നാലാം പാദത്തില്‍ 23 ശതമാനം വളര്‍ച്ച. സ്റ്റാര്‍ബക്‌സിന്റെ കോഫി ഷോപ്പുകളിലെ വില്‍പ്പന വര്‍ധിച്ചതുതന്നെയാണ് ലാഭവര്‍ധനയുടെ അടിസ്ഥാനം. വിപണിയുടെ പ്രതീക്ഷയ്ക്കപ്പുറത്തുള്ള വളര്‍ച്ചയാണ് കമ്പനി നേടിയിരിക്കുന്നത്. ഇതോടെ ഓഹരിയുടമകള്‍ക്കുള്ള ലാഭവിഹിതം സ്റ്റാര്‍ബക്‌സ് വര്‍ധിപ്പിച്ചു.

നാലാം പാദത്തില്‍ തെക്കേ അമേരിക്കയിലെയും വടക്കേ അമേരിക്കയിലെയും ഷോപ്പുകളിലൂടെയുള്ള വില്‍പ്പന അഞ്ച് ശതമാനം വര്‍ധിച്ചതായി സിയാറ്റില്‍ ആസ്ഥാനമായ സ്റ്റാര്‍ബക്‌സ് അറിയിച്ചു. വിപണി വിദഗ്ധര്‍ 4.9 ശതമാനം വില്‍പ്പന വര്‍ധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ആഗോളതലത്തില്‍ ഇതേ കാലയളവില്‍ സ്റ്റാര്‍ബക്‌സിന്റെ ഷോപ്പുകളിലൂടെയുള്ള വില്‍പ്പന നാല് ശതമാനം വര്‍ധിച്ചിട്ടുണ്ട്. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ സ്റ്റോറുകളില്‍ വില്‍പ്പന ഒരു ശതമാനം കുറഞ്ഞപ്പോള്‍ ചൈന, ഏഷ്യ പസഫിക് മേഖലകളില്‍ ഒരു ശതമാനം വര്‍ധിച്ചു.

ഓണ്‍ലൈന്‍ ഷോപ്പിംഗ് വര്‍ധിച്ചതാണ് ചിലയിടങ്ങളില്‍ സ്റ്റാര്‍ബക്‌സിന് വില്‍പ്പന കുറയാന്‍ കാരണമെന്ന് സിഇഒ ഹൊവാര്‍ഡ് ഷുള്‍സ് നിരീക്ഷിച്ചു. ജനങ്ങള്‍ ഇപ്പോള്‍ തെരുവിലിറങ്ങുകയോ മാളുകളില്‍ പോവുകയോ ചെയ്യാതെ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുകയാണ്. ഇവരെല്ലാം പുറത്തിറങ്ങിയിരുന്നെങ്കില്‍ സ്റ്റാര്‍ബക്‌സ് ഷോപ്പ് കണ്ടാല്‍ അവിടെ നിര്‍ത്തുമായിരുന്നുവെന്ന് ഹൊവാര്‍ഡ് ഷുള്‍സ് കൂട്ടിച്ചേര്‍ക്കുന്നു.

ചൈനയില്‍ സ്റ്റാര്‍ബക്‌സിന്റെ വിപുലീകരണം അത്യന്താപേക്ഷിതമാണ്. ചൈനയിലെ സ്റ്റോറുകളാണ് ഏറ്റവും കാര്യക്ഷമമായും ലാഭത്തിലും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. 2021ഓടെ ചൈനയിലെ സ്റ്റാര്‍ബക്‌സ് സ്‌റ്റോറുകളുടെ എണ്ണം ഇരട്ടിയായി 5,000 ത്തിനടുത്ത് എത്തിക്കുമെന്ന് കമ്പനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. യുഎസ്സില്‍ സ്റ്റാര്‍ബക്‌സിന് 13,000 സ്റ്റോറുകളാണ് ഉള്ളത്.

Comments

comments

Categories: Branding