സ്മാര്‍ട്ട് വാച്ച് വില്‍പ്പന സ്മാര്‍ട്ട് തന്നെ

സ്മാര്‍ട്ട് വാച്ച് വില്‍പ്പന സ്മാര്‍ട്ട് തന്നെ

 
ന്യൂഡെല്‍ഹി: ആഗോളതലത്തില്‍ സ്മാര്‍ട്ട്‌വാച്ചുകളുടെ വിപണനത്തില്‍ 60 ശതമാനം വാര്‍ഷിക വളര്‍ച്ച ഉണ്ടായതായി ബ്രിട്ടിഷ് വിപണി നിരീക്ഷണ സ്ഥാപനമായി കാനലിസ്. സ്മാര്‍ട്ട്‌വാച്ചുകളുടെ വിപണനത്തില്‍ മൂന്നാമത്തെ സാമ്പത്തിക പാദത്തില്‍ ഇടിവ് സംഭവിച്ചുവെന്ന അമേരിക്കന്‍ വിപണി നിരീക്ഷണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷ(ഐഡിസി)ന്റെ നിരീക്ഷണത്തെ തള്ളിയാണ് കാനലിസ് ഈ വിലയിരുത്തല്‍ പുറത്തു വിട്ടിട്ടുള്ളത്.

2015ലെ മൂന്നാം സാമ്പത്തിക പാദത്തില്‍ ലഭിച്ച 56 ലക്ഷം സ്മാര്‍ട്ട്‌വാച്ച് വിതരണത്തില്‍ നിന്ന് 2016 ലെ മൂന്നാം സാമ്പത്തിക പാദം ആയപ്പോഴേക്കും 27 ലക്ഷമായി സ്മാര്‍ട്ട്‌വാച്ചുകളുടെ വിതരണം ചുരുങ്ങിയെന്നായിരുന്നു ഐഡിസി പറഞ്ഞിരുന്നത്. എന്നാല്‍ ഇതേ കാലയളവില്‍ 61 ലക്ഷം സ്മാര്‍ട്ട്‌വാച്ചുകള്‍ വിതരണം ചെയ്തിട്ടുള്ളതായി കാനലിസ് വാദിച്ചു.

ഇരു സ്ഥാപനങ്ങളും ആപ്പിള്‍ വാച്ചുകളെയാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ സ്മാര്‍ട്ട്‌വാച്ച് ഉല്‍പ്പന്നമായി കണക്കാക്കിയിട്ടുള്ളത്. മൊത്തം സ്മാര്‍ട്ട്‌വാച്ചുകളുടെ വിതരണത്തില്‍ ആപ്പിള്‍ വാച്ചുകള്‍ 41 ശതമാനമാണെന്ന് ഐഡിസി പറയുമ്പോള്‍ കാനലിസ് ഇത് 46 ശതമാനമാണെന്ന് പറയുന്നു. അടുത്ത സ്ഥാനങ്ങളില്‍ എത്തിയിട്ടുള്ള സ്മാര്‍ട്ട്‌വാച്ച് കമ്പനികളെ സംബന്ധിച്ച് ഇരു നിരീക്ഷകരും തമ്മില്‍ പ്രകടമായ അഭിപ്രായവ്യത്യാസമാണുള്ളത്. കാനലിസ് യഥാക്രമം സാംസംഗ് (18 ശതമാനം), ഫിറ്റ്ബിറ്റ് (17 ശതമാനം ), ഗാര്‍മിന്‍(മൂന്നു ശതമാനം), പെബ്ള്‍ (രണ്ടു ശതമാനം) എന്നീ കമ്പനികളെയാണ് തെരഞ്ഞെടുത്തത്. അതേസമയം, ഗാര്‍മിന്‍ (21 ശതമാനം ), സാംസംഗ്(14 ശതമാനം ), ലെനോവോ, പെബ്ള്‍ (മൂന്നു ശതമാനം വീതം) എന്നിങ്ങനെയാണ് കമ്പനികളെ തെരഞ്ഞെടുത്തിരുന്നത്.

ഐഫോണുകളുടെ വില്‍പ്പനയില്‍ ഉണ്ടായിട്ടുള്ള മാന്ദ്യം ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ സ്മാര്‍ട്ട്‌വാച്ചുകളുടെ കാര്യത്തില്‍ നിലനിന്നിരുന്ന താല്‍പ്പര്യത്തെ ബാധിച്ചതായി കാനലിസിലെ മുഖ്യനിരീക്ഷകന്‍ ജേസണ്‍ ലോ പറഞ്ഞു. ഇക്കാരണത്താല്‍ യുഎസിനു പുറമേ ചൈനയടക്കമുള്ള വിപണികളില്‍ കൂടുതല്‍ വളര്‍ച്ച നേടാന്‍ കമ്പനി ശ്രമിക്കുമെന്നും ജേസണ്‍ ലോ അഭിപ്രായപ്പെട്ടു. ചൈനയിലെ സ്മാര്‍ട്ട്‌വാച്ച് വിപണി വാര്‍ഷികമായി 42 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയതായും ജേസണ്‍ ലോ സൂചിപ്പിച്ചു.

Comments

comments

Categories: Branding

Related Articles