സേവന മേഖലയില്‍ കുതിപ്പ്

സേവന മേഖലയില്‍ കുതിപ്പ്

രാജ്യത്തെ സേവന മേഖലയില്‍ മികച്ച കുതിപ്പാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. നിക്കെയ് സര്‍വീസസ് ബിസിനസ് ആക്റ്റിവിറ്റി സൂചിക കഴിഞ്ഞ മാസത്തില്‍ 54.5 ലെത്തി. ഇത് ശുഭ സൂചനയാണ്. സേവന മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുകയാണെന്നാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്.

വില സ്ഥിരത, ആഭ്യന്തര-വിദേശ ആവശ്യകതയിലെ വര്‍ധന തുടങ്ങിയവ ഗുണകരമായെന്നാണ് നിക്കെയ്/മാര്‍ക്കിറ്റ് സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) റിപ്പോര്‍ട്ടില്‍ പറയുന്നത്. സെപ്റ്റംബര്‍ മാസത്തെ 52.0 എന്ന പിഎംഐ നിരക്കില്‍ നിന്നും സേവന മേഖല ഒക്‌റ്റോബറില്‍ 54.5 ആയാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.
2013 ജനുവരി മുതലുള്ള കാലയളവില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രമാണ് സേവന മേഖല ഇതിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാ ലക്ഷണങ്ങള്‍ പ്രകടമാക്കിയത്. 16 മാസത്തിനിടയില്‍ സൂചിക 50നു മുകളില്‍ വളര്‍ച്ച രേഖപ്പെടുത്തിയതും ഓഗസ്റ്റിലാണ്. ഉത്സവ സീസണിലെ വളര്‍ച്ചയ്ക്കു ശേഷം സേവന മേഖല താഴേക്കു പോയേക്കുമെന്ന ആശങ്കയും സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.
രാജ്യത്തെ ഫാക്റ്ററി പ്രവര്‍ത്തനങ്ങളിലും രണ്ടു വര്‍ഷത്തിനിടയിലെ മികച്ച പ്രകടനം നിരീക്ഷിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളിലൂടെ മാനുഫാക്ച്ചറിംഗ് മേഖലയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നതിനാല്‍ സേവന മേഖലയുടെ കാര്യം കഷ്ടത്തിലാകുമോയെന്ന ആശങ്ക നിലനിന്നിരുന്നു. വളര്‍ച്ചയുടെ വേഗത കുറഞ്ഞേക്കാമെങ്കിലും സേവന രംഗം മെച്ചപ്പെട്ട രീതിയില്‍ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാം. ചരക്കുസേവന നികുതി നിലവില്‍ വരുന്നതോടെ പ്രകടനത്തിലെ വ്യതിയാനങ്ങള്‍ കൂടുതല്‍ ദൃശ്യമാകും.

Comments

comments

Categories: Editorial