അഞ്ചു വര്‍ഷത്തിനുള്ളില്‍ 24,000 കിലോമീറ്റര്‍ റെയ്ല്‍വെ ലൈന്‍ വൈദ്യുതീകരിക്കും: സുരേഷ് പ്രഭു

അഞ്ചു വര്‍ഷത്തിനുള്ളില്‍ 24,000 കിലോമീറ്റര്‍  റെയ്ല്‍വെ ലൈന്‍ വൈദ്യുതീകരിക്കും: സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: അഞ്ചു വര്‍ഷത്തിനുള്ളില്‍ 24,000 കിലോമീറ്റര്‍ ദൂരത്തിലെ റെയ്ല്‍വെ ലൈനുകള്‍ വൈദ്യുതീകരിക്കുമെന്ന് കേന്ദ്ര റെയ്ല്‍ മന്ത്രി സുരേഷ് പ്രഭു. ട്രെയ്‌നുകള്‍ക്ക് വേഗത്തിലും സുഗമമായും സഞ്ചരിക്കാന്‍ ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ലൈനുകള്‍ വൈദ്യുതീകരിക്കുന്നത് ഊര്‍ജ്ജത്തിന്റെ വകയിലെ ചെലവ് നിയന്ത്രിക്കുന്നതിന് റെയ്ല്‍വെയെ സഹായിക്കും. ശമ്പളവും പെന്‍ഷനും കഴിഞ്ഞാല്‍ റെയ്ല്‍വെയ്ക്ക് ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത് ഊര്‍ജ്ജ വിഭാഗത്തിലാണ്- സുരേഷ് പ്രഭു പറഞ്ഞു. മിഷന്‍ ഇലക്ട്രിഫിക്കേഷന്‍ ആന്‍ഡ് ഡികാര്‍ബണൈസേഷന്‍ ഓഫ് ഇന്ത്യന്‍ റെയ്ല്‍വെ എന്ന വിഷയത്തില്‍ ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിച്ച ആഗോള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ഒരു വര്‍ഷം ഏകദേശം 2000 കിലോമീറ്റര്‍ ട്രാക്കുകള്‍ വൈദ്യുതീകരിക്കുന്നുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 4000 കിലോമീറ്ററും തൊട്ടടുത്ത വര്‍ഷം 6000 കിലോമീറ്ററും വൈദ്യുതീകരിക്കുകയാണ് ലക്ഷ്യം.
റൂട്ടുകളിലെ വൈദ്യുതീകരണം വിപുലപ്പെടുത്തുന്നതിന് റെയ്ല്‍വെ മൂന്ന് പൊതുമേഖല കമ്പനികളുമായി സഹകരിക്കുന്നുണ്ടെന്ന് മിഷന്‍ ഇലക്ട്രിഫിക്കേഷനെക്കുറിച്ച് പ്രതിപാദിക്കവെ പ്രഭു വ്യക്തമാക്കി.
എന്‍ജിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഐആര്‍സിഒഎന്‍, എന്‍ജിനീയറിംഗ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് സ്ഥാപനം ആര്‍ഐറ്റിഇഎസ്, ഇലക്ട്രിക്ക് യൂട്ടിലിറ്റി കമ്പനിയായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (പിജിസിഐഎല്‍) എന്നിവയുമായി സഹകരിച്ചാണ് റെയ്ല്‍വെ ട്രാക്കുകള്‍ വൈദ്യുതീകരിക്കുന്നത്. പ്രധാന റൂട്ടുകള്‍ വൈദ്യുതീകരിക്കുന്നതിലൂടെ ഇന്ധന ബില്ലില്‍ പ്രതിവര്‍ഷം 10,000 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്ന് റെയ്ല്‍വെ കണക്കുകൂട്ടുന്നു.

Comments

comments

Categories: Branding