പരിസ്ഥിതി സംരക്ഷണ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനവുമായി പേടിഎം തലവന്‍

പരിസ്ഥിതി സംരക്ഷണ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനവുമായി പേടിഎം തലവന്‍

ബെംഗളൂരു: ഓണ്‍ലൈന്‍ പേമെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ പരിസ്ഥിതി സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ 10 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. സമൂഹമാധ്യമമായ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വിജയ് ശേഖര്‍ ശര്‍മ വ്യക്തമാക്കിയത്. സ്റ്റാര്‍ട്ടപ്പുകളില്‍ മാത്രമല്ല പരിസ്ഥിതി സംരക്ഷണത്തിന് മുന്‍കൈയെടുത്തിറങ്ങുന്ന സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളെയും താന്‍ പ്രോത്സാഹിപ്പിക്കുമെന്നും അത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ചു വര്‍ഷം മുന്‍പ് ചൈന സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ പുകപടലം കണ്ട് താന്‍ ഞെട്ടിയതായി ശര്‍മ സൂചിപ്പിച്ചു. അന്ന് ഇത്ര മലിനമായ സ്ഥലത്ത് ആളുകളെന്തിനു താമസിക്കുന്നുവെന്ന ചോദ്യം താന്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇന്ന് അതേ അവസ്ഥയാണ് രാജ്യതലസ്ഥാനമായ ഡെല്‍ഹിയും നേരിടുന്നതെന്ന് ശര്‍മ ചൂണ്ടിക്കാട്ടി.

മകന് ആസ്ത്മ രോഗം ബാധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഡെല്‍ഹിയില്‍ നിന്ന് അടുത്തിടെ ബെംഗളൂരുവിലേക്ക് ശര്‍മയ്ക്ക് താമസം മാറ്റേണ്ടതായി വന്നിരുന്നു. അന്തരീക്ഷ മലിനീകരണം മരണ വാറണ്ടാണെന്നും അടിയന്തര നടപടി ആവശ്യപ്പെടുന്ന ആരോഗ്യപ്രശ്‌നമാണെന്നു പ്രമുഖ ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ശര്‍മ സൂചിപ്പിച്ചു. നിലവിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ മുംബൈ, ബെംഗളൂരു നഗരങ്ങളും ഡെല്‍ഹിയുടെ അവസ്ഥ നേരിടേണ്ടതായി വരുമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding

Related Articles