ലക്ഷ്വറി ചോക്ലേറ്റ് വിപണനത്തിന് പാര്‍ലെ

ലക്ഷ്വറി ചോക്ലേറ്റ്  വിപണനത്തിന് പാര്‍ലെ

 

ന്യൂഡെല്‍ഹി: ബിസ്‌കറ്റ്, മധുരപലഹാര വിപണന രംഗത്തെ പ്രമുഖരായ പാര്‍ലെ ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ബ്രാന്‍ഡായ ഫ്രീബെര്‍ഗുമായി ചോക്ലേറ്റ് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നു.
ഇന്ത്യയില്‍ ലക്ഷ്വറി ചോക്ലേറ്റിന്റെ ആവശ്യകത വര്‍ധിക്കുന്നത് പരിഗണിച്ചാണ് പുതിയ ബ്രാന്‍ഡ് ലോഞ്ച് ചെയ്യുന്നത്. ഉത്സവ സീസണില്‍ സമ്മാനം നല്‍കുന്നതിന് പരമ്പരാഗത മധുരപലഹാരങ്ങളേക്കാള്‍ പ്രീമിയം ചോക്ലേറ്റുകള്‍ക്കാണ് ഉപഭോക്താക്കള്‍ മുന്‍ഗണന നല്‍കുന്നത്. രുചി വൈവിധ്യം തേടുന്ന ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഇഷ്ടം മനസിലാക്കി വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ കമ്പനി ശ്രമിക്കാറുണ്ടെന്ന് പാര്‍ലെ പ്രൊഡക്റ്റ് ബ്രാന്‍ഡ് മാനേജര്‍ കൈസീന്‍ റൈട്ടര്‍ പറഞ്ഞു.
ബെല്‍ജിയത്തിലെ വാഫര്‍ (ഒരു തരം മധുര ബിസ്‌കറ്റ്) മാതൃകയിലുള്ള ചോക്ലേറ്റ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്നത് പാര്‍ലെയാണ്. ലൈറ്റ് സൂസെ ചോക്ലേറ്റ്, നോയിര്‍ സൂസെ ചോക്ലേറ്റ്, ലൈറ്റ് കാരമല്‍ ചോക്ലേറ്റ് എന്നിങ്ങനെ ബാര്‍ മാതൃകയിലെ മൂന്നു സ്വിസ് രുചികള്‍ പ്രീമിയം ചോക്ലേറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടും. 125 ഗ്രാമിലുള്ള വാഫര്‍ മാതൃകയ്ക്കും 90 ഗ്രാമിലുള്ള ബാര്‍ മാതൃകയ്ക്കും 350 രൂപയാണ് വില. മുംബൈ, ഡെല്‍ഹി, ബെംഗളൂരു, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത സ്റ്റോറുകളില്‍ ഫ്രീബെര്‍ഗ് ആദ്യമായി ലോഞ്ച് ചെയ്യും. മൊണാക്കോ, ക്രാക്ക് ജാക്ക്, ഹൈഡ് ആന്‍ഡ് സീക്ക്, മിലാനോ, മാംഗോ ബൈറ്റ്, മെലഡി തുടങ്ങിയ ബ്രാന്‍ഡുകളില്‍ ബിസ്‌കറ്റ്, മധുരപലഹാരം, സ്‌നാക്‌സ് വിഭാഗങ്ങളില്‍ പാര്‍ലെ ഉല്‍പ്പന്നങ്ങളുടെ സാന്നിധ്യമുണ്ട്. ഫ്രിബെര്‍ഗിന്റെ ലോഞ്ചോടെ പ്രീമിയം ചോക്ലേറ്റ് വിഭാഗവും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
2020 ഓടെ ഇന്ത്യന്‍ ചോക്ലേറ്റ് വിപണിക്ക് 17 ബില്ല്യണ്‍ ഡോളറിന്റെ മൂല്യമുണ്ടാകുമെന്ന് വ്യവസായ വിദഗ്ധര്‍ വിലയിരുത്തുന്നു. വരുമാനം ഉയര്‍ന്നതും ജീവിതശൈലിയിലെ വ്യതിയാനവും യുവ ജനങ്ങളുടെ ഇഷ്ടവുമെല്ലാം ലോകത്തില്‍ ഏറ്റവും വേഗം വളര്‍ച്ച കൈവരിക്കുന്ന ചോക്ലേറ്റ് വിപണിയായി ഇന്ത്യയെ മാറ്റിക്കഴിഞ്ഞു.

Comments

comments

Categories: Branding