മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കരുത്

മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കരുത്

ഹിന്ദി വാര്‍ത്താ ചാനലായ എന്‍ഡിടിവി ഇന്ത്യയുടെ സംപ്രേഷണം ഒരു ദിവസത്തേക്ക് തടഞ്ഞിരിക്കുകയാണ് മന്ത്രിതല സമിതി. നവംബര്‍  ഒമ്പതാംതിയതി ചാനല്‍ സംപ്രേഷണമുണ്ടാകില്ല. ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ മന്ത്രിതല സമിതിയുടേതാണ് മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തീരുമാനം. രാജ്യത്തിന്റെ ‘സ്ട്രാറ്റജിക്കലി സെന്‍സിറ്റിവ്’ വിവരങ്ങള്‍ 2016 ജനുവരിയില്‍ നടന്ന പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ കവറേജിന്റെ ഭാഗമായി സംപ്രേഷണം ചെയ്തതിനുള്ള ശിക്ഷയാണ് ഒരു ദിവസത്തേക്കുള്ള വിലക്ക്.

ന്യൂസ് കവറേജിന്റെ പേരില്‍ ആദ്യമായാണ് ഒരു ടെലിവിഷന്‍ ചാനലിനെതിരെ ഇത്തരമൊരു നടപടി വരുന്നത്. എയര്‍ബേസില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന യുദ്ധോപകരണങ്ങളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയെന്ന് പറഞ്ഞാണ് ചാനലിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ പ്രിന്റ്, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ പബ്ലിക് ഡൊമെയ്‌നുകളില്‍ ലഭ്യമാണെന്നും എന്‍ഡിടിവിക്കെതിരെ മാത്രം ഇത്തരത്തില്‍ നടപടിയെടുക്കുന്നതില്‍ യുക്തിയില്ലെന്നുമാണ് പലരും വിമര്‍ശിക്കുന്നത്. അടിയന്തരാവസ്ഥയുടെ ഭീകരതയ്‌ക്കെതിരെ പോരാട്ടം നയിച്ച ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായ പാര്‍ട്ടി അധികാരത്തിലിരുന്ന്, സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത് വിരോധാഭാസമാണ്.
സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം ആരോഗ്യകരമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ അനിവാര്യമാണ്. അതാണ് വികസനത്തിന്റെ പ്രധാന അളവുകോല്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇത് മറന്നു പോകരുത്. സ്വതന്ത്ര മാധ്യമ സംസ്‌കാരത്തെക്കുറിച്ച് അദ്ദേഹം അടുത്തിടെ സംസാരിച്ചതും ഈയവസരത്തില്‍ ചേര്‍ത്ത് വായിക്കുക. എന്‍ഡിടിവി ഇന്ത്യക്ക് പുറകിലെ രാഷ്ട്രീയം നോക്കിയാകരുത് സര്‍ക്കാര്‍ നടപടികള്‍. തുറന്ന അഭിപ്രായപ്രകടനത്തിനുള്ള അവസരമില്ലെങ്കില്‍ എത്ര വലിയ ജിഡിപി വളര്‍ച്ചയുണ്ടായിട്ടും കാര്യമില്ല. ചൈനയെപ്പോലുള്ള രാജ്യങ്ങള്‍ നേരിടാന്‍ തുടങ്ങിയിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി അതാണ്. ഒരു സുപ്രഭാതത്തില്‍ തകര്‍ന്നടിയും വികസനമെന്ന പേരില്‍ കെട്ടിപ്പൊക്കിയ സകലതും. അതോര്‍ത്താകണം ഇത്തരത്തിലുള്ള നിരോധനങ്ങള്‍ ചുമത്തുന്നത്.

Comments

comments

Categories: Editorial