മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാണംകെട്ട തോല്‍വി

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാണംകെട്ട തോല്‍വി

ലണ്ടന്‍: യുവേഫ യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പരാജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ടര്‍ക്കിഷ് ക്ലബായ ഫെനര്‍ബാഷെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ചത്. അതേസമയം, പരാജയം ഏറ്റുവാങ്ങിയതിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനായ ഹോസെ മൗറീഞ്ഞോ കളിക്കാര്‍ക്കെതിരെ രംഗത്തെത്തി.

മത്സരത്തിന്റെ രണ്ടാം മിനുറ്റില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഞെട്ടിച്ച് ഫെനര്‍ബാഷെ മുന്നിലെത്തി. ഓവര്‍ ഹെഡര്‍ കിക്കിലൂടെ മൗസ സോയാണ് പന്ത് ലക്ഷ്യത്തിലെത്തിച്ചത്. അന്‍പത്തൊന്‍പതാം മിനുറ്റില്‍ ഫെനര്‍ബാഷെ വീണ്ടും ലീഡുയര്‍ത്തി. ജെറമെയ്ന്‍ ലെന്‍സാണ് ഇത്തവണ ഗോള്‍ നേടിയത്.

എന്നാല്‍ പിന്നീട് ഏകപക്ഷീയമായ തോല്‍വി ഒഴിവാക്കാന്‍ പൊരുതിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 89 ാം മിനുറ്റില്‍ ലക്ഷ്യം കണ്ടു. ടീം നായകന്‍ വെയ്ന്‍ റൂണിയുടെ കാലില്‍ നിന്നായിരുന്നു ഗോള്‍. പരാജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്.

ഗ്രൂപ്പ് എയില്‍ ഏഴ് പോയിന്റുള്ള ഫെനര്‍ബാഷെയാണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആറ് പോയിന്റാണ്. ഫെനര്‍ബാഷെക്കെതിരെ പരാജയം ഏറ്റുവാങ്ങിയതിനാല്‍ യൂറോപ്പ ലീഗിന്റെ അടുത്ത റൗണ്ടിലേക്ക് കടക്കുന്നതിന് ബാക്കിയുള്ള മത്സരങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നിര്‍ണായകമാണ്.

ശാരീരികയും മാനസികമായും യാതൊരുവിധ തയാറെടുപ്പുമില്ലാതെയാണ് കളിക്കാര്‍ ഫൈനര്‍ബാഷെക്കെതിരെ കളത്തിലിറങ്ങിയതെന്നാണ് മത്സരത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഹോസെ മൗറീഞ്ഞോ പറഞ്ഞത്. ജയപരാജയങ്ങള്‍ കളിയുടെ ഭാഗമാണെന്നും എന്നാല്‍ ജയത്തിന് വേണ്ടി പരിശ്രമിക്കുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എതിര്‍ ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.

Comments

comments

Categories: Sports