മൂന്നാം പാദത്തില്‍ റെക്കോര്‍ഡ് വില്‍പ്പന നേടി എല്‍’ഒറിയല്‍

മൂന്നാം പാദത്തില്‍ റെക്കോര്‍ഡ് വില്‍പ്പന നേടി എല്‍’ഒറിയല്‍

 

പാരിസ്: കോസ്‌മെറ്റിക്‌സ് ഭീമന്‍ എല്‍’ഒറിയല്‍ 2016ന്റെ മൂന്നാം പാദത്തില്‍ മികച്ച വില്‍പ്പന വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ വില്‍പ്പന 5.6 ശതമാനം വര്‍ധിച്ച് 6.82 ബില്യണ്‍ ഡോളറിലെത്തി. ഈ പാദത്തില്‍ 4.5 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു കമ്പനിയുടെ പ്രവചനം. എന്നാല്‍ പ്രതീക്ഷിച്ചതിലും വലിയ വളര്‍ച്ച രേഖപ്പെടുത്താനായെന്ന് കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു. 6.15 ബില്യണ്‍ യൂറോയുടെ വില്‍പ്പനയാണ് ഈ പാദത്തില്‍ നടന്നത്.

എല്‍’ഒറിയലിന്റെ ആഡംബര കോസ്‌മെറ്റിക് ശ്രേണിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളായ ലാന്‍കം ക്രീം, വിക്ടോര്‍ & റോള്‍ഫ് പെര്‍ഫ്യൂം എന്നിവയ്ക്കാണ് മൂന്നാം പാദത്തില്‍ കൂടുതല്‍ വില്‍പ്പയുണ്ടായിട്ടുള്ളത്. ഈ വിഭാഗത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ 9.3 ശതമാനം വളര്‍ച്ച നേടാനായതായും കമ്പനി നിരീക്ഷിച്ചു. വിപണിയില്‍ നിന്നുള്ള സൂചനയനുസരിച്ച് ലാന്‍കം ക്രീം, വിക്ടോര്‍ & റോള്‍ഫ് ബ്രാന്‍ഡ് പ്രൊഡക്ടുകളുടെ വില്‍പ്പനയില്‍ 6.5 ശതമാനം വര്‍ധനയുണ്ടാകുമെന്നായിരുന്നു കമ്പനിയുടെ വിലയിരുത്തല്‍.

ഇവയ്ക്കുപുറമെ കോസ്‌മെറ്റിക് ശ്രേണിയില്‍ മുന്‍പന്തിയിലുള്ള ലാ റോകെ-പോസെ, റോഗര്‍ & ഗാലറ്റ് ബ്രാന്‍ഡിലും ഗാര്‍നിയര്‍ ഷാംപു, മേബെല്ലിന്‍ മേക്ക് അപ് തുടങ്ങിയ ഉപഭോക്തൃ ഉല്‍പ്പന്ന ശ്രേണിയിലും കമ്പനിയുടെ പ്രവചനത്തിനതീതമായ വില്‍പ്പന നേടാനായതായാണ് റിപ്പോര്‍ട്ട്. ആഡംബര വിഭാഗത്തില്‍ ചൈന, യുഎസ് വിപണികളിലാണ് കൂടുതല്‍ വിജയം നേടാനായതെന്ന് എല്‍’ഒറിയല്‍ സിഇഒ ജീന്‍ പോള്‍ ആഗണ്‍ പറഞ്ഞു. വടക്കേ അമേരിക്കയിലാണ് കമ്പനിക്ക് ത്വരിതഗതിയിലുള്ള വളര്‍ച്ച ഉണ്ടായിട്ടുള്ളതെന്നും കമ്പനിയുടെ വിപണി കൂടുതല്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Branding