കോഹ്‌ലിയെ ജോ റൂട്ടുമായി താരതമ്യം ചെയ്യരുതെന്ന് പീറ്റേഴ്‌സണ്‍

കോഹ്‌ലിയെ ജോ റൂട്ടുമായി താരതമ്യം ചെയ്യരുതെന്ന് പീറ്റേഴ്‌സണ്‍

 

ലണ്ടന്‍: ടീം ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കായി തയാറെടുക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇംഗ്ലീഷ് മുന്‍ ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും സ്പിന്‍ ബൗളറായ രവിചന്ദ്ര അശ്വിനെയും ശ്രദ്ധിക്കണമെന്നാണ് പീറ്റേഴ്‌സണ്‍ പറഞ്ഞത്. ആര്‍ അശ്വിന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ക്ക് കടുത്ത വെല്ലുവിളിയാകാന്‍ സാധ്യതയുണ്ടെന്നും പീറ്റേഴ്‌സണ്‍ വ്യക്തമാക്കി.

രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര എന്നീ താരങ്ങളുടെ സ്പിന്‍ മികവിനെ തരണം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് ടീമിന് വിജയം നേടുകയെന്നത് ശ്രമകരമായിരിക്കുമെന്ന് പീറ്റേഴ്‌സണ്‍ അറിയിച്ചു. ബൗണ്ടറികളിലൂടെ ഇന്ത്യന്‍ സ്പിന്നര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രദ്ധിക്കണമെന്നും ഇംഗ്ലണ്ട് മുന്‍ ടീമംഗമായിരുന്ന കെവിന്‍ പീറ്റേഴ്‌സണ്‍ ഉപദേശം നല്‍കി.

അതേസമയം, ടീം ഇന്ത്യ താരം വിരാട് കോഹ്‌ലിയെയും ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനെയും തമ്മില്‍ താരതമ്യം ചെയ്യുന്നത് അപ്രസക്തമാണെന്ന് പീറ്റേഴ്‌സണ്‍ ചൂണ്ടിക്കാട്ടി. ഓരോ കളികള്‍ കഴിയുന്തോറും മികവ് വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് കോഹ്‌ലിയെന്നറിയിച്ച പീറ്റേഴ്‌സണ്‍ കണക്കുകളില്‍ പിന്നിലായ ജോ റൂട്ടുമായി ഇന്ത്യന്‍ താരത്തെ വിലയിരുത്തേണ്ടതില്ലെന്നും വ്യക്തമാക്കി.

എതിരാളിയെ പരാജയപ്പെടുത്താന്‍ പാകത്തില്‍ വലിയ സ്‌കോര്‍ നേടുന്നതിലുള്ള കോഹ്‌ലിയുടെ കഴിവ് അപാരമാണെന്ന് പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. കളിയുടെ ഗതിക്കനുസരിച്ച് ശൈലി മാറ്റാന്‍ കോഹ്‌ലിക്ക് സാധിക്കുന്നുണ്ടെന്ന് പറഞ്ഞ പീറ്റേഴ്‌സണ്‍ ഇന്ത്യന്‍ താരത്തിന്റെ ഒരേ സമയം സ്‌ട്രൈക്ക് കൈമാറി കളിക്കാനും ബൗണ്ടറികള്‍ നേടാനുമുള്ള കഴിവ് ശ്രദ്ധേയമാണെന്നും കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Sports