ജിയോ നേരിടുന്നത് കടുത്ത മത്സരമെന്ന് ഫിച്ച്

ജിയോ നേരിടുന്നത്  കടുത്ത മത്സരമെന്ന് ഫിച്ച്

ന്യൂഡെല്‍ഹി: ടെലികോം സേവന രംഗത്തെ പുതുമുഖങ്ങളായ റിലയന്‍സ് ജിയോ നേരിടുന്നത് കടുത്ത മത്സരമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ വിലയിരുത്തല്‍. സാമ്പത്തികമായി നല്ല അടിത്തറയുള്ള എയര്‍ടെല്ലിനെപ്പോലുള്ള കമ്പനികള്‍ റിലയന്‍സ് ജിയോയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നതായും കമ്പനിയുടെ ഭാവിയിലെ മൂലധന ചെലവ് ഉപയോക്താക്കളുടെ എണ്ണത്തിലെ വളര്‍ച്ചയെ ആശ്രയിച്ചിരിക്കുമെന്നും ഫിച്ച് റേറ്റിംഗ്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി.

ജിയോയ്ക്കുവേണ്ടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ഇതിനകം 1.6 ലക്ഷം കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു. ഭാവിയിലെ മൂലധന ചെലവ് ജിയോയുടെ ഉപയോക്താക്കളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും- ഫിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞു. പശ്ചാത്തല സൗകര്യങ്ങള്‍ക്കായി വന്‍ നിക്ഷേപം നടത്തിയ ആര്‍ഐഎല്ലിന് ഇന്ത്യന്‍ ടെലികോം വിപണിയുടെ വളര്‍ച്ചാ സാധ്യതകളെ മുതലെടുക്കാന്‍ സാധിക്കും. വമ്പന്‍മാരായ എതിരാളികളില്‍ നിന്ന് ജിയോയ്ക്ക് ശക്തമായ മത്സരത്തെ നേരിടേണ്ടിവരും. എങ്കിലും മികച്ച നിക്ഷേപവും താങ്ങാനാവുന്ന നിരക്കിലെ 4ജി സേവനവും ജിയോയുടെ വളര്‍ച്ചയ്ക്ക് പിന്‍ബലമേകും. മീഡിയ, എന്റര്‍ടെയ്ന്‍മെന്റ് കണ്ടന്റുകള്‍ അടക്കം ജിയോ നല്‍കുന്ന വിപുലമായ സേവനങ്ങള്‍ റിലയന്‍സിന് വരുമാനം നേടിക്കൊടുക്കും- ഫിച്ച് ചൂണ്ടിക്കാട്ടി.
ഓയില്‍, ഗ്യാസ് ബിസിനസുകളിലും ആര്‍ഐഎല്‍ പ്രതിബന്ധങ്ങളെ നേരിടുന്നത് തുടരുമെന്നാണ് ഫിച്ചിന്റെ മറ്റൊരു നിഗമനം. എണ്ണ, വാതക വിലയിലെ ഇടിവും ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും കാരണം കുറച്ചു കാലത്തേക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമായി തുടരും. ഇപ്പോള്‍ നടത്തുന്ന നിക്ഷേപങ്ങള്‍ കമ്പനിയുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ ബാധ്യതകള്‍ ഉയര്‍ത്തും. എന്നാല്‍ റിഫൈനിംഗ്, പെട്രോക്രമിക്കല്‍ വിഭാഗങ്ങളിലെ ധനവരവിന്റെ കരുത്തില്‍ 2017-18 കാലയളവില്‍ ആര്‍ഐഎല്‍ നില മെച്ചപ്പെടുത്തുമെന്നും ഫിച്ച് പ്രതീക്ഷ പ്രകടിപ്പിച്ചു. ടെലികോം സേവന മേഖലയില്‍ കുറച്ചുകാലത്തേക്ക് ധനവരവ് കുറഞ്ഞാലും അതിനെ അതിജീവിക്കാന്‍ റിഫൈനിംഗ്, പെട്രോകെമിക്കല്‍ ബിസിനസുകളിലെ മികച്ച പ്രകടനവും നിക്ഷേപ ആവശ്യകതകളിലെ കുറവും ആര്‍ഐഎല്ലിനെ സഹായിക്കുമെന്നും ഫിച്ച് കൂട്ടിച്ചേര്‍ക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ ബിബിബി-മൈനസ് റേറ്റിംഗിലും ഫിച്ച് നിലനിര്‍ത്തിയിട്ടുണ്ട്.

Comments

comments

Categories: Branding