ഇന്ത്യന്‍ പരസ്യ വിപണി 13% വാര്‍ഷിക വളര്‍ച്ച കൈവരിക്കും

ഇന്ത്യന്‍ പരസ്യ വിപണി 13% വാര്‍ഷിക വളര്‍ച്ച കൈവരിക്കും

മുംബൈ: രാജ്യത്തെ പരസ്യ മേഖലയില്‍ വളരെ ശക്തമായ വാര്‍ഷിക വര്‍ധന രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. പരസ്യത്തിനു വേണ്ടിയുള്ള ചെലവഴിക്കല്‍ മറ്റ് വിപണികളെ അപേക്ഷിച്ച് ഇന്ത്യയില്‍ 13.3 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് മാര്‍ക്കറ്റിംഗ് ഇന്റലിജന്‍സ് സര്‍വീസായ വോര്‍സ് വിലയിരുത്തുന്നു. ഇന്ത്യന്‍ പരസ്യ വിപണി അടുത്ത വര്‍ഷവും ഈ വര്‍ഷത്തേതിനു സമാന വളര്‍ച്ചരേഖപ്പെടുത്തുമെന്ന സൂചനയും റിപ്പോര്‍ട്ട് പങ്കുവെക്കുന്നുണ്ട്.

പരസ്യ ഏജന്‍സികളിലെയും മാധ്യമ നിരീക്ഷണ സ്ഥാപനങ്ങളിലെയും അനലിസ്റ്റുകളുടെയും, വാര്‍സിന്റെ തന്നെ ടീമിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പരസ്യത്തിനു വേണ്ടി ചെലവഴിക്കുന്ന തുക വലിയതോതില്‍ വര്‍ധിക്കുമെന്ന് വിലയിരത്തുന്നത്. കാരറ്റ്, ഇമാര്‍ക്കെറ്റര്‍, ഗ്രൂപ്പ്എം, മാഗ്ന ഗ്ലോബല്‍, നിക്കെയ് അഡൈ്വസിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പിച്ച് മാഡിസണ്‍, പിവോട്ടല്‍ റിസര്‍ച്ച് ഗ്രൂപ്പ്, സെനിത് ഒപ്റ്റിമീഡിയ തുടങ്ങിയ കമ്പനികളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.

ആഗോളതലത്തില്‍ സ്ഥിതിഗതികള്‍ പരിശോധിച്ചാല്‍ ഈ വര്‍ഷം 4.5 ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ 2017ഓടെ വളര്‍ച്ച 4.2 ശതമാനമായി കുറയുമെന്നും സര്‍വേ പ്രവചിക്കുന്നു. അതേസമയം മാധ്യമരംഗത്ത് പരസ്യത്തിനു വേണ്ടി ചെലവഴിക്കുന്ന തുക ഈ വര്‍ഷവും അടുത്ത വര്‍ഷവും റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തുമെന്നാണ് മാഗസസിനുകളുടെയും, പത്രങ്ങളുടെയും വിലയിരുത്തല്‍. 2015ലെ റിപ്പോര്‍ട്ടില്‍ നിന്നും ടെലിവിഷന്‍ രംഗത്ത് 2.8 ശതമാനം വാര്‍ഷിക വര്‍ധന പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്റര്‍നെറ്റ് രംഗം ഈ വര്‍ഷം 14.6 ശതമാനം വര്‍ധന രേഖപ്പെടുത്തുമെങ്കിലും അടുത്ത വര്‍ഷം 13 ശതമാനമായി പരസ്യത്തിനു വേണ്ടിയുള്ള ചെലവ് കുറയുമെന്നും സൂചനയുണ്ട്. ഇതേ രീതിയില്‍ ശുഭകരമല്ലാത്ത റിപ്പോര്‍ട്ടാണ് മൊബീല്‍ പരസ്യ രംഗത്തുനിന്നുമുള്ളത്. വളരെ പെട്ടെന്ന് വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന മേഖലയായിരുന്നു മൊബീല്‍ പരസ്യ രംഗം. എന്നാല്‍ ഈ വര്‍ഷം 47.1 ശതമാനം വര്‍ധന രേഖപ്പെടുത്തുമെങ്കിലും അടുത്ത വര്‍ഷം ഇത് 34.2 ശതമാനമായി കുറയുമെന്നാണ് റിപ്പോര്‍ട്ട്.

സര്‍വേ നടത്തിയ 13 വിപണികളിലും സാമൂഹിക-സാമ്പത്തിക വൈരുധ്യങ്ങള്‍ക്കപ്പുറം വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ പരസ്യത്തിനായുള്ള ചെലവിടലില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടാകുമെന്ന് വാര്‍സ് സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് ജെയിംസ് മക്‌ഡൊണാള്‍ഡ് പറഞ്ഞു. 13 വിപണികളിലും പരസ്യ രംഗത്തേക്കുള്ള നിക്ഷേപം ഈ വര്‍ഷവും അടുത്ത വര്‍ഷവും വര്‍ധിക്കുമെന്നും എന്നാല്‍ ചൈന, സ്‌പെയിന്‍, യുകെ, യുഎസ്, ബ്രസീല്‍, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നീ വിപണികളില്‍ അടുത്ത വര്‍ഷം വര്‍ധന നിരക്ക് നേരിയ തോതില്‍ കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments