ഇംഗ്ലണ്ട് ടീമിന്റെ ചെലവ് വഹിക്കാനാകില്ലെന്ന് ബിസിസിഐ; പരമ്പര അനിശ്ചിതത്വത്തിലാകുമോയെന്ന് സംശയം

ഇംഗ്ലണ്ട് ടീമിന്റെ ചെലവ് വഹിക്കാനാകില്ലെന്ന് ബിസിസിഐ;  പരമ്പര അനിശ്ചിതത്വത്തിലാകുമോയെന്ന് സംശയം

 

മുംബൈ: ഇന്ത്യയില്‍ ടെസ്റ്റ് പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ യാത്രാ ചെലവ്, ഹോട്ടല്‍ ബില്ല് തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള പണം തങ്ങള്‍ക്ക് വഹിക്കാനാകില്ലെന്ന് ഇംഗ്ലണ്ട്-വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനോട് ബിസിസിഐ വ്യക്തമാക്കി. ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെ ഇംഗ്ലീഷ് ക്രിക്കറ്റ് മാനേജര്‍ ഫില്‍ നീലിന് കൈമാറിയ ഔദ്യോഗിക സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സുപ്രീം കോടതി ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് അതിഥികളോട് ഇത്തരത്തില്‍ കടുത്ത തീരുമാനം എടുക്കേണ്ടി വന്നതെന്ന് അജയ് ഷിര്‍ക്കെ പറഞ്ഞു. വളരെ വേദനയോടെയാണ് തങ്ങള്‍ ഇക്കാര്യം അറിക്കുന്നതെന്നും ഇംഗ്ലണ്ട് ടീമിന് നേരിടേണ്ടി വന്ന അസൗകര്യത്തിന് മാപ്പ് ചോദിക്കുന്നുവെന്നും സന്ദേശത്തിലൂടെ ബിസിസിഐ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്ന സുപ്രീം കോടതി നിയോഗിച്ച ലോധ കമ്മിറ്റിയെ ഇംഗ്ലണ്ട് താരങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ആവശ്യങ്ങള്‍ക്കായി രണ്ട് തവണ ബന്ധപ്പെട്ടുവെന്നും എന്നാല്‍ വിഷയത്തില്‍ ലോധ സമിതി ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ബിസിസിഐ സെക്രട്ടറി സന്ദേശത്തിലൂടെ ചൂണ്ടിക്കാട്ടി.

ലോധ കമ്മിറ്റിയില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതിഥികളെ അറിയിക്കുമെന്നും ഇംഗ്ലീഷ് ടീം മാനേജര്‍ക്കയച്ച സന്ദേശത്തിലൂടെ ഷിര്‍ക്കെ പറഞ്ഞു. അതേസമയം, തീരുമാനിച്ച പ്രകാരം പരമ്പര മാറ്റമില്ലാതെ നടത്താമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ബിസിസിഐയുടെ സന്ദേശത്തിന് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം, ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ബിസിസിഐയ്ക്ക് ജസ്റ്റിസ് ലോധ സമിതി നിര്‍ദ്ദേശം നല്‍കിയിരുന്നു. പണമിടപാടുകള്‍ നടത്തുന്നതിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് മേല്‍ സുപ്രീം കോടതി നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ലോധ സമിതിയുടെ നടപടി.

സുപ്രീം കോടതി സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പണമിടപാടുകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെ ലോധ കമ്മിറ്റിക്ക് സന്ദേശം അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് നടത്താന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക ഇടപാടുകളുടെ വിശദ വിവരങ്ങള്‍ ലോധ സമിതി ആരാഞ്ഞത്.

ഇതോടൊപ്പം, പരമ്പരയുമായി ബന്ധപ്പെട്ട കരാറുകളുടെ മൂല്യം, അവയുടെ കാലാവധി, സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിനുള്ള സ്വതന്ത്ര ഓഡിറ്ററുടെ നിയമനം, ഐപിഎല്‍ കരാറുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങളും സമിതി ആവശ്യപ്പെട്ടു. സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ പാലിക്കാനും ബിസിസിഐയെ ലോധ സമിതി ഓര്‍മിപ്പിച്ചു.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങള്‍ക്ക് വേദിയൊരുക്കുന്ന അഞ്ച് സംസ്ഥാന അസോസിയേഷനുകളുടെ സാമ്പത്തിക സ്ഥിതി ബിസിസിഐ ആരാഞ്ഞിട്ടുണ്ട്. സ്വന്തം നിലയ്ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയുണ്ടോയെന്നാണ് സൗരാഷ്ട്ര, ആന്ധ്രപ്രദേശ്, പഞ്ചാബ്, മുംബൈ, തമിഴ്‌നാട് അസോസിയേഷനുകളോട് ബിസിസിഐ ചോദിച്ചത്.

ബിസിസിഐയില്‍ നിന്ന് സംസ്ഥാന അസോസിയേഷനുകള്‍ക്ക് അനുവദിച്ച ഫണ്ട് ഇനിയൊരു ഉത്തരവുണ്ടാകും വരെ ഉപയോഗിക്കാനാവില്ലെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബിസിസിഐ കാര്യങ്ങള്‍ വിലയിരുത്തിയത്. ക്രിക്കറ്റിനെ അഴിമതി രഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍എം ലോധയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ സുപ്രീം കോടതി നിയമിച്ചത്.

ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിനായി സ്വതന്ത്ര ഓഡിറ്ററെ നിയമിക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളായിരുന്നു ലോധ കമ്മിറ്റി ബിസിസിഐയ്ക്ക് നല്‍കിയത്. എന്നാല്‍ ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബിസിസിഐ തയാറായില്ല. ഇതിനെ തുടര്‍ന്നാണ് ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ ലോധ കമ്മിറ്റി മുഖേനയായിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.

Comments

comments

Categories: Slider, Sports