ഇന്ത്യയും ചൈനയും ഉടന്‍ ഭീകര വിരുദ്ധ കരാര്‍ ഒപ്പുവെച്ചേക്കും

ഇന്ത്യയും ചൈനയും ഉടന്‍ ഭീകര വിരുദ്ധ കരാര്‍ ഒപ്പുവെച്ചേക്കും

 

ന്യൂഡെല്‍ഹി: സുരക്ഷാ സഹകരണത്തിനായുള്ള സുപ്രധാന കരാറില്‍ ഇന്ത്യയും ചൈനയും ഒപ്പുവെക്കാന്‍ സാധ്യ. അടുത്തയാഴ്ച്ച ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മെങ് ജിയാന്‍ഷുവുമായി ഇന്ത്യന്‍ പ്രതിനിധികള്‍ നടത്തുന്ന ചര്‍ച്ചയില്‍ ഭീകരതയും അന്താരാഷ്ട്ര കുറ്റകൃത്യങ്ങളും ചര്‍ച്ചയാകും. ചൈനയിലെ ഭരണകക്ഷിയില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് മെങ് ജിയാന്‍ഷു. നവംബര്‍ 8 നാണ് മെങ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പര നിയമ സഹായ സംവിധാന ഉടമ്പടിയും ഒപ്പുവെച്ചേക്കും.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മെങ് പൊതു-ആഭ്യന്തര സുരക്ഷാകാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ പാകിസ്ഥാനിലെ തീവ്രവാദ സംഘടനകള്‍, ഭീകരപ്രവര്‍ത്തനം, ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വരും. ഇസ്ലാമിക് സ്‌റ്റേറ്റ് ഉയര്‍ത്തുന്ന ഭീഷണിയും ചര്‍ച്ചാവിഷയമായേക്കും. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ-നിയമകാര്യ കമ്മീഷന്‍ സെക്രട്ടറി കൂടിയായ മെങ് ചൈനയിലെ ചില മന്ത്രിമാരേക്കാള്‍ ശക്തനാണ്. നയരൂപീകരണത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന നേതാവ് കൂടിയാണ് മെങ്.

മസൂദ് അസറിന് അനുകൂലമായ യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ ചൈനയുടെ വീറ്റോ കാലാവധി ഈ ഡിസംബറില്‍ അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ മസൂദ് അസറിനെതിരെ ശക്തമായി രംഗത്തുവരുന്നത്.

Comments

comments

Categories: Slider, Top Stories