പ്രകൃതിവാതകം ചോര്‍ത്തല്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.55 ബില്യണ്‍ ഡോളര്‍ പിഴയടയ്ക്കണം

പ്രകൃതിവാതകം ചോര്‍ത്തല്‍:  റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.55 ബില്യണ്‍ ഡോളര്‍ പിഴയടയ്ക്കണം

 

ന്യൂഡെല്‍ഹി: കൃഷ്ണ-ഗോദാവരീ തടത്തില്‍ ഒഎന്‍ജിസിയുടെ കീഴിലുള്ള വാതകപ്പാടത്തുനിന്ന് കഴിഞ്ഞ ഏഴ് വര്‍ഷം പ്രകൃതി വാതകം ചോര്‍ത്തിയതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസും പങ്കാളികളും ചേര്‍ന്ന് 1.55 ബില്യണ്‍ യുഎസ് ഡോളര്‍ പിഴയൊടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ ആവശ്യമുന്നയിച്ച് പെട്രോളിയം മന്ത്രാലയം റിലയന്‍സ് ഇന്‍ഡസ്ട്രീസിന് നോട്ടീസയച്ചു.

ജസ്റ്റിസ് എപി ഷാ കമ്മിറ്റി ഓഗസ്റ്റ് 30ന് പെട്രോളിയം മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. കൃഷ്ണ-ഗോദാവരീ നദീതടത്തിലെ ഒഎന്‍ജിസിയുടെ ബ്ലോക്കിന് സമീപത്തുനിന്നാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി റിലയന്‍സ് പ്രകൃതി വാതകം ചോര്‍ത്തിക്കൊണ്ടിരുന്നത്.

2009 ഏപ്രില്‍ ഒന്ന് മുതല്‍ 2015 മാര്‍ച്ച് 31 വരെ ഒഎന്‍ജിസി ബ്ലോക്കില്‍നിന്ന് റിലയന്‍സ് ഇന്‍ഡസ്ടീസിന്റെ പാടങ്ങളിലേക്ക് പതിനൊന്ന് ബില്യണ്‍ ക്യൂബിക് മീറ്റര്‍ പ്രകൃതി വാതകം ചോര്‍ന്നതായി ഷാ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ കിട്ടിയ പ്രകൃതി വാതകത്തില്‍നിന്ന് 9 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ഉല്‍പ്പാദനം ഇതിനകം റിലയന്‍സ് നടത്തിക്കഴിഞ്ഞു. നഷ്ടപരിഹാരം ഒഎന്‍ജിസിക്കല്ല, കേന്ദ്ര സര്‍ക്കാരിനാണ് നല്‍കേണ്ടതെന്നും ഷാ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.

Comments

comments

Categories: Slider, Top Stories