തുര്‍ക്കിയെ നടുക്കി കാര്‍ ബോംബ് സ്‌ഫോടനം

തുര്‍ക്കിയെ നടുക്കി കാര്‍ ബോംബ് സ്‌ഫോടനം

അങ്കാറ: തുര്‍ക്കിയെ നടുക്കി വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ എട്ടിന് കാര്‍ ബോംബ് സ്‌ഫോടനം. രാജ്യത്തെ ദക്ഷിണകിഴക്കന്‍ പ്രദേശത്താണ് 9  ജീവനെടുത്ത സ്‌ഫോടനം നടന്നത്. 100പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി(പികെകെ)യാണ് സംഭവത്തിന് പിന്നിലെന്നു പ്രൊവിന്‍ഷ്യല്‍ ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.
തീവ്രവാദ കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി കുര്‍ദിഷ് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി(എച്ച്ഡിപി)യുടെ 11 നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കു ശേഷമാണു സ്‌ഫോടനം അരങ്ങേറിയത്. ബഗ്ലര്‍ ജില്ലയിലെ ദിയാര്‍ബാക്കിറിലുള്ള പൊലീസ് സ്റ്റേഷനു സമീപമാണ് സ്‌ഫോടനം നടന്നത്.
സ്‌ഫോടനം അരങ്ങേറിയ തുര്‍ക്കിയിലെ ദക്ഷിണ-കിഴക്കന്‍ പ്രദേശത്ത് കഴിഞ്ഞ ഒരു വര്‍ഷമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. പികെകെ പാര്‍ട്ടിയുമായി സര്‍ക്കാര്‍ ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടതോടെയാണ് സംഘര്‍ഷാവസ്ഥ അരങ്ങേറിയത്.
കഴിഞ്ഞ ജുലൈയില്‍ പ്രസിഡന്റ് എര്‍ദോഗനെതിരേ സൈനിക അട്ടിമറി നീക്കം നടന്നിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് എര്‍ദോഗന്റെ നേതൃത്വത്തില്‍ ശുദ്ധീകരണ പ്രക്രിയ നടക്കുകയാണ്. നിരവധി സൈനിക മേധാവികളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കഴിഞ്ഞ മാസങ്ങളില്‍ എര്‍ദോഗന്‍ പിരിച്ചുവിടുകയും ചെയ്തു. മാത്രമല്ല, സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് ഐഎസിനെതിരേ തുര്‍ക്കി സൈനിക നീക്കം ആരംഭിക്കുകയും ചെയ്തു. ഇതില്‍ പ്രകോപനം കൊണ്ടവരായിരിക്കാം സ്‌ഫോടനത്തിനു പിന്നിലെന്നു കരുതുന്നു.

Comments

comments

Categories: World