ബോര്‍ഡുകളില്‍ നിന്ന് സൈറസ് മിസ്ട്രിയെ ഉടന്‍ നീക്കും; നിയമയുദ്ധത്തിനൊരുങ്ങി മിസ്ട്രി

ബോര്‍ഡുകളില്‍ നിന്ന് സൈറസ് മിസ്ട്രിയെ ഉടന്‍ നീക്കും; നിയമയുദ്ധത്തിനൊരുങ്ങി മിസ്ട്രി

 

മുംബൈ: ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ട സൈറസ് മിസ്ട്രിയെ ഗ്രൂപ്പിനു കീഴിലുള്ള വിവിധ കമ്പനികളുടെ നേതൃസ്ഥാനത്തു നിന്നും ബോര്‍ഡുകളില്‍ നിന്നും ഉടന്‍ നീക്കുമെന്ന് സൂചന. അതേസമയം മിസ്ട്രിക്ക് സ്വയം ബോര്‍ഡ് അംഗത്വങ്ങളില്‍ നിന്ന് ഒഴിയാനുള്ള അവസരം ടാറ്റ സ്ട്രാറ്റജിയും ടാറ്റ സണ്‍സും നല്‍കുമെന്നും അദ്ദേഹം അതിനു തയാറായില്ലെങ്കില്‍ നീക്കംചെയ്യുമെന്നുമാണ് ടാറ്റാ ഗ്രൂപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍.

ഗ്രൂപ്പിലെ വിവിധ കമ്പനികളുടെ ഉന്നതതല യോഗങ്ങള്‍ ഒരു മാസത്തിനുള്ളില്‍ നടക്കും. മിസ്ട്രിയുടെ പുറത്തുപോകലിനു ശേഷമുള്ള ഭാവി പരിപാടികളെക്കുറിച്ചായിരിക്കും പ്രധാനമായും ഈ യോഗങ്ങള്‍ ചര്‍ച്ച ചെയ്യുക. ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ ഉന്നതതല യോഗം ഇന്നലെ ചേര്‍ന്നിരുന്നു. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് ടാറ്റ കെമിക്കല്‍സ് ബോര്‍ഡ് മീറ്റിംഗ് നവംബര്‍ 9ന് നടക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ടാറ്റാഗ്രൂപ്പിലെ ഒരു കമ്പനിയുടെയും ചെയര്‍മാന്‍ പദവിയില്‍ നിന്നും ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്നും സ്വയം ഒഴിയേണ്ടതില്ലെന്നും ആവശ്യമെങ്കില്‍ ടാറ്റാഗ്രൂപ്പുമായി ഇക്കാര്യത്തില്‍ ഒരു നിയമയുദ്ധത്തിന് തയാറാണെന്നുമാണ് മിസ്ട്രിയുടെ നിലപാടെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Slider, Top Stories