തദ്ദേശ പങ്കാളിത്ത ബജറ്റ്: വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തണം

തദ്ദേശ പങ്കാളിത്ത ബജറ്റ്:  വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തണം

കൊച്ചി: തദ്ദേശ പങ്കാളിത്ത ബജറ്റില്‍ വനിതാ പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്ന് കൊച്ചിയില്‍ തുടങ്ങിയ ബ്രിക്‌സ് സമ്മേളനം. പ്രാദേശികമായ പരിഗണന ഉറപ്പു വരുത്തണമെങ്കില്‍ വനിതാ പ്രാതിനിധ്യം ഒഴിച്ചു കൂടാനാകില്ലെന്ന് സമ്മേളനത്തിന്റെ ആദ്യ ദിനം നടന്ന സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബജറ്റില്‍ പ്രാതിനിധ്യം വേണമെന്ന് ശക്തമായ ആവശ്യമുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തില്‍ ഭൂരിഭാഗവും വനിതകളാണ്. അതിനാല്‍ തന്നെ വനിതകളുടെ അഭിപ്രായത്തിന് അര്‍ഹമായ പരിഗണന നല്‍കണമെന്ന് മൂന്നു ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

പങ്കാളിത്ത ബജറ്റില്‍ വനിതകള്‍ക്കും ആദിവാസികള്‍ക്കുമാണ് അഭിപ്രായമറിയിക്കാന്‍ പ്രഥമ അവകാശമുള്ളതെന്ന് പാറ്റ്‌നയിലെ സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ദുര്‍ഗാനന്ദ് ഝാ പറഞ്ഞു. രാജ്യത്തെ മിക്ക പഞ്ചായത്തിലെയും തലവന്മാര്‍ക്ക് വികസനന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ തങ്ങള്‍ക്കുള്ള അധികാരങ്ങളെക്കുറിച്ച് ഇവര്‍ ബോധവാന്മാരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് കുടുംബശ്രീ എന്ന് ഡയറക്ടര്‍ എസ് ഹരികിഷോര്‍ പറഞ്ഞു. എന്നാല്‍ വൈവിധ്യമാര്‍ന്ന നിരവധി മേഖലകളില്‍ കുടുംബശ്രീ വിജയം കൈവരിച്ചു കഴിഞ്ഞു. അതിന്റെ പ്രധാനകാരണം തീരുമാനങ്ങളെടുക്കുന്നതില്‍ വനിതകള്‍ക്ക് നല്‍കിയ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെട്ടിടങ്ങളോ റോഡുകളോ അല്ല, മനുഷ്യന്റെ കര്‍മ്മ ശേഷിയുടെ വികാസമാണ് യഥാര്‍ത്ഥ വികസനമെന്ന് സ്വാമി വിവേകാനന്ദ യൂത്ത് മൂവ്മന്റെ സ്ഥാപകന്‍ ഡോ. ആര്‍ ബാലസുബ്രഹ്മണ്യം പറഞ്ഞു. നഗരങ്ങളിലുള്ളവര്‍ സങ്കീര്‍ണമായ വികസന പ്രശ്‌നങ്ങളെപ്പറ്റിയും സാമൂഹ്യ വികസനത്തെക്കുറിച്ച് ഗ്രാമങ്ങളും ചര്‍ച്ച ചെയ്യണമെന്ന മനോഭാവം ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വനിതാ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണവുമായാണ് ഛത്തീസ്ഗഢിലെ ബേലാര്‍ഗാംവില്‍ നിന്നു വന്ന ഭുവനേശ്വരി നേതം എത്തിയത്. സ്വാശ്രയ സംഘങ്ങള്‍ വഴിയുള്ള പദ്ധതി വഴി ഗ്രാമത്തിന് ലഭിക്കുന്ന വാര്‍ഷികവരുമാനം 63 ലക്ഷത്തോളമാണെന്ന് ഭുവനേശ്വരി നേതം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Women