പ്രകൃതി സംരക്ഷണത്തിന് മുന്നിട്ടിറങ്ങി ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനിയറിംഗ് കോളെജ്

പ്രകൃതി സംരക്ഷണത്തിന് മുന്നിട്ടിറങ്ങി ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനിയറിംഗ് കോളെജ്

 

തിരുവനന്തപുരം: ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനിയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാണ്. അവര്‍ പ്രകൃതി സ്‌നേഹികളാണ്. അതിനാലാണ് പ്രകൃതി സംരക്ഷണത്തിനായി കോളെജും വിദ്യാര്‍ത്ഥികളും മുന്നിട്ടിറങ്ങിയത്. വഴിയിടങ്ങളില്‍ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങള്‍ സംസ്‌കരിച്ച് വാര്‍ഡിനെ മാലിന്യവിമുക്തമാക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും.

‘മുക്തി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെയാണ് കോളെജ് മാലിന്യ സംസ്‌കരണത്തിനുള്ള സ്രമം ആരംഭിക്കുന്നത്. ആദ്യപടിയായി കുന്നുകുഴി പഞ്ചായത്തിലാണ് മുക്തിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക. പഞ്ചായത്തിനെ പ്രകൃതി സൗഹാര്‍ദമാക്കാനും അതുവഴി സ്മാര്‍ട്ട് വാര്‍ഡ് എന്ന നേട്ടത്തിലേക്കെത്തിക്കുകയുമാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. കോളെജിലെ ട്രാന്‍സ്‌ലേഷനല്‍ റിസര്‍ച്ച് ആന്‍ഡ് പ്രൊഫഷണല്‍ ലീഡര്‍ഷിപ്പ് സെന്ററിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. റിസര്‍ച്ച്, പ്രാക്ടീസ് എന്നിവയുടെ ഒത്തുചേരാണ് ഈ പദ്ധതിയിലൂടെ സാധ്യമാക്കുന്നത്.

റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍, റിക്കവറി എന്ന ആപ്തവാക്യവുമായി പ്രവര്‍ത്തിക്കുന്ന മുക്തി കുന്നുകുഴി പ്രദേശത്ത് പരിസ്ഥിതി അവലോകനം നടത്തും. നിലവിലെ സാഹചര്യത്തില്‍ എങ്ങനെ മാലിന്യം സംസ്‌കരണം സാധ്യമാകുമെന്നും പഠനം നടത്തും. ഖര മാലിന്യ സംസ്‌കരണമാണ് മുക്തി നടപ്പിലാക്കുക.

പദ്ധതിയുടെ ഭാഗമായി ഖരമാലിന്യങ്ങള്‍ ശേഖരിച്ച് വ്യത്യസ്ത ഇനങ്ങളിലായി തിരിക്കും. പ്ലാസ്റ്റിക്, പേപ്പറുകള്‍, ഭക്ഷണാവശിഷ്ടങ്ങള്‍, മറ്റ് അവശിഷ്ടങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചതിനു ശേഷം മാലിന്യം സംസ്‌കരിക്കാനുള്ള രീതി അവലംബിക്കും. ഖരമാലിന്യങ്ങള്‍ സുരക്ഷിതമായ രീതിയില്‍ പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കാത്ത തരത്തില്‍ സംസ്‌കരിക്കും. പുനരുപയോഗത്തിനു സാധ്യതയുള്ള മാലിന്യങ്ങള്‍ സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കും.

കോളെജിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് മുക്തി എന്ന പദ്ധതി അവതരിപ്പിക്കുന്നതെന്ന് കൊളേജ് അധികൃതര്‍ പറയുന്നു. കുന്നുകുഴി പഞ്ചായത്തിലെ വാര്‍ഡ് കൗണ്‍സിലര്‍, ഗ്രാമവാസികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരും കോളെജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും, എന്‍എസ്എസ് അംഗങ്ങളുമാണ് മുക്തിയുടെ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്താന്‍ മുന്നോട്ടിറങ്ങിയിരിക്കുന്നത്.

Comments

comments

Categories: Education