തുക ചെലവഴിക്കുന്നതില്‍ പിശുക്കാതെ വാഹന നിര്‍മാതാക്കള്‍

തുക ചെലവഴിക്കുന്നതില്‍ പിശുക്കാതെ വാഹന നിര്‍മാതാക്കള്‍

 

ലണ്ടന്‍: ഗവേഷണത്തിനും വികസനത്തിനും ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്ന നൂറ് കമ്പനികളില്‍ 17എണ്ണം വാഹന വിപണിയില്‍ നിന്നുള്ളത്. മലിനീകരണം കുറയ്ക്കുക, സുരക്ഷ, സ്വയം നിയന്ത്രിക്കുന്ന കാര്‍ എന്നിവയ്ക്കുള്ള ഗവേഷണത്തിനും വികസനത്തിനുമായാണ് വാഹന നിര്‍മാതാക്കള്‍ വന്‍ തുക ചെലവഴിക്കുന്നതെന്ന് ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എവര്‍കോര്‍ ഐഎസ്‌ഐ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
വര്‍ഷം 82 ബില്ല്യന്‍ ഡോളറാണ് ഈ 17 വാഹന നിര്‍മാതാക്കള്‍ ഗവേഷണങ്ങള്‍ക്കും വികസനത്തിനുമായി നടത്തുന്നത്. ഇതില്‍ ജര്‍മന്‍ കമ്പനി ഫോക്‌സ്‌വാഗണ്‍ ആണ് ഏറ്റവും ധാരാളി. 15.5 ബില്ല്യന്‍ ഡോളറാണ് ലോകത്തിലെ മുന്‍നിര കമ്പനിയായ ഫോക്‌സ്‌വാഗണ്‍ ഗവേഷണങ്ങള്‍ക്കും മറ്റും ചെലവഴിക്കുന്നത്. ലോക ടെക്‌നോളജി കമ്പനികളില്‍ ഏറ്റവും വരുമാനമുള്ള ആപ്പിള്‍ ചെലവഴിക്കുന്നതിനേക്കാള്‍ ഇരട്ടിയാണ് ഫോക്‌സ്‌വാഗണ്‍ ചെലവഴിക്കുന്നത്. അതേസമയം, ഫോക്‌സ്‌വാഗണ്‍ ഓപ്പറേറ്റിംഗ് മാര്‍ജിന്‍ ആറ് ശതമാനവും ആപ്പിള്‍ 28 ശതമാനവുമാണ്.
പുതിയ സാങ്കേതികത കണ്ടെത്തുന്നതിന് കൂടുതല്‍ ചെലവഴിക്കേണ്ടത് നിര്‍ബന്ധമാണെന്നാണ് ലോകത്തിലെ വിവിധ വാഹന കമ്പനികളുടെ മേധാവികള്‍ ചൂണ്ടിക്കാണിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള കര്‍ശന നടപടികള്‍ നിലവില്‍ വാഹനങ്ങളുടെ ഡ്രൈവ്‌ട്രെയ്ന്‍ ടെക്‌നോളജിയെ മാറ്റുന്നതിന് വഴിവെക്കും. ഒരു ദിവസം കംപ്യൂട്ടറുകള്‍ നിയന്ത്രിക്കുന്ന ടാക്‌സികള്‍ എത്തുന്നതോടെ സ്വന്തമായി കാര്‍ എന്ന ആവശ്യം മാറും. ഇത്തരം ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് കരുക്കള്‍ നീക്കാത്ത കമ്പനികള്‍ ഒരു പതിറ്റാണ്ടിനുള്ളില്‍ വിപണിയില്‍ നിന്നും പുറത്താകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
സിബി ഇന്‍സൈറ്റിന്റെ കണക്കനുസരിച്ച് ലോകത്ത് ഏകദേശം 33 കമ്പനികളാണ് സ്വയം നിയന്ത്രിത കാര്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം ഗവേഷണത്തിനും വികസനത്തിനുമായി വന്‍ചെലവുകള്‍ക്ക് പകരമായി പരസ്പരം സഹകരിച്ചാല്‍ ചെലവ് കുറയ്ക്കാമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നോക്കിയയുടെ ഡിജിറ്റല്‍ മാപ്പിംഗ് ഡിവിഷന്‍ ഔഡി, ബിഎംഡബ്ല്യു, ഡെയിംലര്‍ എന്നീ കമ്പനികള്‍ ചേര്‍ന്ന് സ്വന്താക്കിയത് ഇതിന് ഉദാഹരണമാണ്. സ്വയം നിയന്ത്രിത കാറുകള്‍ക്ക് മാപ് ടെക്‌നോളജി അത്യന്താപേക്ഷികമാണ്. ബാറ്ററിയടക്കമുള്ള കാര്യങ്ങളില്‍ ഈ സഹകരണം നടത്തിയാല്‍ ചെലവ് പകുതി ചുരുക്കാമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

Comments

comments

Categories: Auto