ഇസബെല്‍ കരാസ്‌കോയുടെ കൊലപാതകം: ഞെട്ടലില്‍നിന്നും മോചനം നേടാതെ സ്‌പെയ്ന്‍

ഇസബെല്‍ കരാസ്‌കോയുടെ കൊലപാതകം: ഞെട്ടലില്‍നിന്നും മോചനം നേടാതെ സ്‌പെയ്ന്‍

2014 മെയ് മാസം 12ലെ ഒരു സായാഹ്നം. മാന്യമായി വസ്ത്രം ധരിച്ച്, മധ്യവയസ്‌കരായ രണ്ട് സ്ത്രീകള്‍ വടക്ക്-പടിഞ്ഞാറന്‍ സ്‌പെയ്‌നിലുള്ള ലിയോണ്‍ എന്ന നഗരത്തിലെ ബെര്‍നെസ്ഗ പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ പടവുകള്‍ ചവിട്ടി കയറുന്നു. ഈ രണ്ട് സ്ത്രീകളില്‍ ഒരാള്‍ ഇസബെല്‍ കരാസ്‌കോ എന്ന ലിയോണ്‍ നഗരത്തിലെ പ്രശസ്തയായ രാഷ്ട്രീയ പ്രവര്‍ത്തകയാണ്. 59-കാരിയും 5 അടി പൊക്കവുമുള്ള ഇസബെല്‍ നടപ്പിലും നോട്ടത്തിലും പ്രസരിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇസബെല്ലാണ് ആദ്യം പാലം കയറിയത്. ഇവര്‍ക്ക് ഏതാനും മീറ്ററുകള്‍ പിറകിലാണ് രണ്ടാമത്തെ സ്ത്രീ.

ഇസബെല്‍ സ്‌പെയ്‌നിലെ കണ്‍സര്‍വേറ്റീവ് പീപ്പിള്‍സ് പാര്‍ട്ടിയുടെ(പിപി) പ്രാദേശിക കേന്ദ്രത്തിലേക്ക് ലക്ഷ്യം വച്ച് പോവുകയായിരുന്നു. ഇവരെ കൊണ്ടു പോകാന്‍ പാലത്തിനു സമീപം ഒരു മിനി ബസ് കാത്തുകിടപ്പുണ്ടായിരുന്നു. പ്രധാനമന്ത്രി മരിയാനോ റെജോയിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പീപ്പിള്‍സ് പാര്‍ട്ടിയുടെ കേന്ദ്രത്തിലേക്ക് ഇസബെല്‍ പോകുന്നത്. നിരവധി അഴിമതിയാരോപണങ്ങളില്‍ പ്രതിച്ഛായ തകര്‍ന്നിരിക്കുകയായിരുന്ന മരിയാനോ റെജോയിക്ക് നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാന്‍ വേണ്ടിയാണ് ജനകീയ മുഖമുള്ള ഇസബെല്ലിനെ റാലിയില്‍ പങ്കെടുപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ബെര്‍നെസ്ഗ പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ പടികള്‍ ചവിട്ടി കയറിയ ഇസെബല്ലിനു ഏതാനും മീറ്ററുകള്‍ പിറകിലായി കാണപ്പെട്ട സ്ത്രീയാകട്ടെ, തലയില്‍ ബേസ്‌ബോള്‍ ക്യാപ്പും കൈയില്‍ ലെതര്‍ ഗ്ലൗസും ധരിച്ചിരുന്നു. ഈ സ്ത്രീക്കും ഇസബെല്ലിനും സമീപമായി പെട്രോ മിഗല്ലോ എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനും പാലത്തിലൂടെ കടന്നുപോവുകയുണ്ടായി.ഈ സമയത്ത് ഒരു വെടി പൊട്ടി. പെട്രോ മിഗല്ലോ എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ആദ്യം കരുതിയത് ഏതോ ഒരാള്‍ പടക്കം പൊട്ടിച്ചതായിരിക്കുമെന്നാണ്. ഉടന്‍ അദ്ദേഹം തിരിഞ്ഞു നോക്കിയപ്പോള്‍ ഇസബെല്‍, സമീപം കണ്ട സ്ത്രീയുടെ ചുമലിലേക്ക് ചാഞ്ഞു നില്‍ക്കുന്നതാണ്. അല്‍പം മുന്‍പ് കണ്ട ലെതര്‍ ഗ്ലൗസ് അണിഞ്ഞ അതേ സ്ത്രീ. അവരുടെ കൈയില്‍ പക്ഷേ, ഇപ്പോള്‍ ഒരു പിസ്റ്റളുണ്ട്. ഇസബെല്ലിന്റെ തല ഉന്നം പിടിച്ച് ആ സ്ത്രീ വീണ്ടും മൂന്ന് തവണ നിറയൊഴിച്ചു. ഇതോടെ ഇസബെല്‍ ചോരയില്‍ കുളിച്ച് തറയിലേക്ക് വീണു. കൃത്യം നിര്‍വഹിച്ചതിനു ശേഷം ആ സ്ത്രീ ഷോള്‍ഡര്‍ ബാഗിലേക്ക് തോക്ക് എടുത്തുവച്ചു. എന്നിട്ട് ഒരു സ്‌കാര്‍ഫ് എടുത്ത് മുഖം മൂടിയതിനു ശേഷം ശാന്തമായി നടന്നു പോയി. സംഭവത്തിനു സാക്ഷിയായി നിന്ന പെട്രോ മിഗല്ലോയ്ക്കു മുന്‍പിലൂടെയാണ് ആ സ്ത്രീ തെല്ലും സങ്കോചമില്ലാതെ നടന്നുപോയത്.
കൊലപാതകിയായ സ്ത്രീയെ മിഗല്ലോ പിന്തുടര്‍ന്നു. പക്ഷേ, ഏറെ ജാഗ്രതയോടെയും കരുതലുള്ള അകലം പാലിച്ചുമാണ് പിന്തുടര്‍ന്നത്. എന്നാല്‍ അല്‍പം ദൂരം പിന്നിട്ടു കഴിഞ്ഞപ്പോള്‍ കൊളോണ്‍ എന്ന മാര്‍ക്കറ്റിനു സമീപം വച്ച് കൊലപാതകിയായ സ്ത്രീ അപ്രത്യക്ഷയായി. അവര്‍ രക്ഷപ്പെട്ടെന്നു കരുതിയപ്പോള്‍ അതാ വീണ്ടും അവരെ പോലൊരു സ്ത്രീ മുന്‍പില്‍ വന്നു. ഇവര്‍ സമീപം പാര്‍ക്ക് ചെയ്തിരിക്കുന്ന സില്‍വര്‍ ഗ്രേ നിറത്തിലുള്ള മെഴ്‌സിഡസ് എസ്എല്‍കെ 200 സ്‌പോര്‍ട്‌സ് കാറിലേക്ക് കയറി.
ഇതിനിടെ അതുവഴി കടന്നുപോയ പൊലീസ് കാറിനെ മിഗല്ലോ കൈ കാണിച്ചു നിറുത്തി. സംഭവം വിശദീകരിച്ചു. അവരുടെ കൈയ്യില്‍ തോക്കുണ്ട് സുക്ഷിക്കണമെന്നും പൊലീസിന് മിഗല്ലോ മുന്നറിയിപ്പ് കൊടുത്തു. ഉടന്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ കാറിനു സമീപമെത്തി. കാറിനകത്തിരുന്ന സ്ത്രീയോട് ഐഡന്റിറ്റി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടു. മൊണ്‍സെരാത്ത് ഗൊണ്‍സാലെസ്, 58 വയസ് എന്നായിരുന്നു ആ സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതിനിടെ ഒരു യുവതി കടന്നുവരികയും പൊലീസിനെ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. ട്രിയാന മാര്‍ട്ടിനെസ് എന്നാണ് പേരെന്നും 34 വയസ് പ്രായമുണ്ടെന്നും തന്റെ അമ്മയാണ് കാറിലിരിക്കുന്ന മൊണ്‍സെരാത്തെന്നും പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഉച്ചയ്ക്കു ശേഷം തന്നോടൊപ്പമായിരുന്നു അമ്മ ഇതുവരെയുള്ള സമയം ചെലവഴിച്ചതെന്നും പൊലീസിനോട് അവര്‍ പറഞ്ഞു.
ഇതിനു ശേഷം പൊലീസ് ഇവരുടെ കാര്‍ പരിശോധിച്ചെങ്കിലും ആയുധങ്ങളൊന്നും കണ്ടെടുത്തില്ല. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ വിലാസം പൊലീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന അസ്‌തോര്‍ഗ എന്ന നഗരത്തിനു സമീപമായിരുന്നു. മൊണ്‍സെരാത്ത് എന്ന 58കാരിയുടെ ഭര്‍ത്താവ് അസ്‌തോര്‍ഗ നഗരത്തിന്റെ മുന്‍ പൊലീസ് മേധാവി പാബ്ലോ മാര്‍ട്ടിനെസാണ്.
സംഭവത്തിന് വലിയൊരു ട്വിസ്റ്റ് കൈവന്നെങ്കിലും പൊലീസ് ഇവരെ രണ്ടു പേരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ചോദ്യം ചെയ്യലില്‍ മൊണ്‍സെരാത്തും മകള്‍ 34കാരിയായ ട്രിയാനയും കൊല്ലപ്പെട്ട ഇസബെല്ലിന്റെ പീപ്പിള്‍സ് പാര്‍ട്ടിയംഗങ്ങളാണെന്നും പൊലീസിനു വിവരം ലഭിച്ചു. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇരുവരും സജീവ സാന്നിധ്യമായിരുന്നു. ഇസബെല്ലിന്റെ ശിഷ്യരിലൊരാള്‍ കൂടിയാണ് ട്രിയാന.
സ്‌പെയ്‌നിലെ ഏറ്റവും ജനകീയയായ രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ട് രണ്ട് വര്‍ഷം പിന്നിട്ടിട്ടും കുറ്റം തെളിയിക്കാനാവാതെ കഷ്ടപ്പെടുകയാണ് പൊലീസ്.
തെളിവുകള്‍ എല്ലാം മൊണ്‍സെരാത്തിന് എതിരാണ്. ഇവര്‍ താമസിച്ചിരുന്ന ലിയോണ്‍ നഗരത്തിലെ അപാര്‍ട്ട്‌മെന്റില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ഒരു ചെറിയ തോക്ക് കണ്ടെടുത്തിരുന്നു. എന്നാല്‍ ഇത് കൃത്യം നിര്‍വഹിക്കാന്‍ ഉപയോഗിച്ചതല്ലെന്ന് പരിശോധനയില്‍ വ്യക്തമാവുകയും ചെയ്തു. ഇവര്‍ വീടിനു പിറകിലുള്ള ഒഴിഞ്ഞ സ്ഥലത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നു. ഈ ചെടികള്‍ക്ക് മുന്‍പിലിരുന്ന് എടുത്ത ഫോട്ടോ ലാപ് ടോപില്‍ സൂക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇസബെല്ലിനെ വകവരുത്താന്‍ മൊണ്‍സെരാത്ത് വര്‍ഷങ്ങളായി തയാറെടുത്തിരുന്നതായി സമ്മതിച്ചിരുന്നു. എന്നാല്‍ പലവട്ടം ശ്രമം പാളി.
ഇസബെല്ലിനെ കൊല ചെയ്യാന്‍ ഉപയോഗിച്ച തോക്ക് കൃത്യം നിര്‍വഹിച്ച് ഒരു ദിവസത്തിനു ശേഷം കണ്ടെടുത്തിരുന്നു. 39 കാരിയും നഗരസഭ ജീവനക്കാരിയുമായ റക്വല്‍ ഗാഗോയുടെ കാറില്‍ സംശയാസ്പദമായി തോക്ക് കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ഗാഗോ തന്നെയാണ് പൊലീസിനെ അറിയിച്ചത്. ഗാഗോയുടെ സുഹൃത്താണ് ട്രിയാന. ഇസബെല്‍ കൊല്ലപ്പെട്ടതിനു പത്ത് മിനിറ്റുകള്‍ക്കു ശേഷം ഗാഗോയെയും ട്രിയാനയെയും ഒരുമിച്ച് കണ്ടതായി പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ വെളിപ്പെടുത്തുകയുണ്ടായി.
കൊലപാതകത്തില്‍ മൊണ്‍സെരാത്തിനു പങ്കുണ്ടെന്ന കാര്യം പൊലീസ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ കൃത്യം നിര്‍വഹിച്ചത് മൊണ്‍സെരാത്ത് തനിയെ അല്ലെന്നും കൂട്ടുപ്രതിയുണ്ടെന്നുമാണ് പൊലീസിന്റെ നിഗമനം. ഇത് ഗാഗോയാണെന്നും പൊലീസ് ബലമായി സംശയിക്കുന്നു.
2016 ജനുവരിയില്‍ ലിയോണിലെ സെന്‍ട്രല്‍ കോടതിയില്‍ വിചാരണ നടന്നു. മൊണ്‍സെരാത്തും മകള്‍ ട്രിയാനയും 20 മാസം ജയിലില്‍ റിമാന്‍ഡ് ചെയ്യപ്പെട്ടിരുന്നു.ഇതിനു ശേഷമാണ് ജനുവരിയില്‍ വിചാരണ നടന്നത്. ഗാഗോയ്‌ക്കെതിരേയും സമാന കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ജാമ്യത്തിലിറങ്ങി. മൊണ്‍സെരാത്തിനും മകള്‍ ട്രിയാനയ്ക്കും കോടതി യഥാക്രമം 22,20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ഇവര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. കോടതിക്ക് പുറത്തിറങ്ങിയാല്‍ കൊല്ലപ്പെട്ട ഇസബെല്ലിനെ കുറിച്ചുള്ള യാഥാര്‍ഥ്യങ്ങള്‍ പുറത്തുപറയാമെന്നാണ് മൊണ്‍സെരാത്ത് പറയുന്നത്.
സ്‌പെയ്‌നില്‍ തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്രവും രൂക്ഷമായിരിക്കുന്ന സാഹചര്യമാണിപ്പോള്‍. ഭരണാധികാരികളുടെ ഉറ്റവരും സുഹൃത്തുക്കളും അധികാരത്തിന്റെ ആനുകൂല്യം നേടി സുഖജീവിതം നയിക്കുന്നത് പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും സാധാരണക്കാരെയും ആശങ്കപ്പെടുത്തുന്നുണ്ട്. അഴിമതിക്കെതിരേ ശബ്ദമുയര്‍ത്താന്‍ വെമ്പല്‍ കൊള്ളുന്ന ഒരു ജനവിഭാഗത്തെ സ്‌പെയ്‌നില്‍ കാണാം. ഇവര്‍ക്ക് രാഷ്ട്രീയക്കാരോട് തീര്‍ത്താല്‍ തീരാത്ത പകയുണ്ട്. സ്‌പെയ്‌ന്റെ ഈ ദുരവസ്ഥയ്ക്കു കാരണം രാഷ്ട്രീയക്കാരുടെ നിലപാടാണെന്ന അഭിപ്രായമാണ് ഭൂരിഭാഗം ജനങ്ങള്‍ക്കുമുള്ളത്.
സ്‌പെയ്‌നിലെ തൊഴില്‍രഹിത സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നതല്ല മെഴ്‌സിഡെസ് ബെന്‍സ് കാറില്‍ സഞ്ചരിച്ച കൊലയാളി. എന്നാല്‍ പൊതുഖജനാവ് കൊള്ളയടിക്കുന്നത് സര്‍വസാധാരണമായൊരു സമൂഹത്തിനെ തീര്‍ച്ചയായും ആ കൊലയാളി പ്രതിനിധാനം ചെയ്യുന്നുണ്ട്. അഴിമതി പണത്തിന്റെ ഒരു പങ്ക് തങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നു വിശ്വസിക്കുന്നുണ്ട് അവര്‍. അതു ലഭിച്ചില്ലെങ്കില്‍ അത് പങ്കിട്ടെടുക്കുന്നവരെ കൊലപ്പെടുത്താന്‍ അവകാശമുണ്ടെന്നും അവര്‍ കരുതുന്നു.

Comments

comments

Categories: Slider, World