രാജ്യത്തെ സേവന മേഖലയില്‍ വലിയ മുന്നേറ്റം

രാജ്യത്തെ സേവന മേഖലയില്‍ വലിയ മുന്നേറ്റം

 

ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ മാസത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ സേവന മേഖലയില്‍ വലിയ മുന്നേറ്റമുണ്ടായതായി റിപ്പോര്‍ട്ട്. വില സ്ഥിരത ആഭ്യന്തര-വിദേശ ഡിമാന്റ് വര്‍ധിക്കുന്നതിന് സഹായിച്ചെന്നും നിക്കെയ്/മാര്‍ക്കിറ്റ് സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ മാസത്തെ 52.0 എന്ന പിഎംഐ നിരക്കില്‍ നിന്നും സേവന മേഖല ഒക്‌റ്റോബര്‍ മാസത്തില്‍ 54.5 ആയാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.

2013 ജനുവരി മുതലുള്ള കാലയളവില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രമാണ് സേവന മേഖല ഇതിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാ പ്രവണത കാണിച്ചത്. 16 മാസത്തിനിടയില്‍ സൂചിക 50നു മുകളില്‍ വളര്‍ച്ച രേഖപ്പെടുത്തിയതും ഓഗസ്റ്റിലാണ്. പക്ഷേ വളര്‍ച്ചയെ കുറിച്ചുള്ള ശുഭപ്രതീക്ഷ കുറയുകയാണെന്നാണ് നിക്കെയ്/മാര്‍ക്കിറ്റി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഉല്‍സവ സീസണിലെ വളര്‍ച്ചയ്ക്കു ശേഷം സേവന മേഖല താഴേക്കു പോയേക്കുമെന്നാണ് ഈ മേഖലയിലുള്ളവര്‍ ഭയക്കുന്നത്.

പുതിയ സംരംഭങ്ങളുടെ വിലയിരുത്തലിലും ഉയര്‍ച്ച പ്രകടമായിട്ടുണ്ട്. കഴിഞ്ഞ മാസത്തെ 52.1ല്‍ നിന്നും 54.3 ആയി ഒക്ടോബര്‍ മാസത്തെ പിഎംഐ ഉയര്‍ന്നു. രാജ്യത്തെ ഫാക്ടറി പ്രവര്‍ത്തനങ്ങളിലും രണ്ടു വര്‍ഷത്തിനുള്ളിലെ മികച്ച പ്രകടനം നിരീക്ഷിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ സുസ്ഥിരമായ വളര്‍ച്ച ഉറപ്പുവരുത്തുന്നതിന് ഉല്‍പ്പാദന രംഗവുമായി ചേര്‍ന്ന് മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് സേവന മേഖല ഓക്ടോബര്‍ മാസത്തില്‍ കാഴച വെച്ചത്. ഉല്‍പ്പാദന, സേവന മേഖലകളുടെ സംയോജിതമായ പിഎംഐ ഒക്‌റ്റോബറില്‍ 55.4 ആയിരുന്നു. 2013 ജനുവരിക്കു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Comments

comments

Categories: Slider, Top Stories