വിരമിക്കല്‍ സൂചന നല്‍കി സൈന നെഹ്‌വാള്‍

വിരമിക്കല്‍ സൂചന നല്‍കി സൈന നെഹ്‌വാള്‍

 

ഡല്‍ഹി: പ്രൊഫഷണല്‍ മത്സരങ്ങളില്‍ നിന്നും വിരമിക്കാറായെന്ന സൂചന നല്‍കി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍. ഒരുപക്ഷേ ഇതി തന്റെ കരിയറിന്റെ അവസാന കാലമായേക്കാമെന്നാണ് സൈന പറഞ്ഞത്. താന്‍ ലക്ഷ്യം വയ്ക്കുന്നത് അടുത്ത ഒരു വര്‍ഷത്തെ മത്സരങ്ങളിലാണെന്ന് അറിയിച്ച സൈന 5-6 വര്‍ഷങ്ങളിലേക്കുള്ള നീണ്ട കരിയറിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും വ്യക്തമാക്കി.

തന്റെ കരിയര്‍ അവസാനിക്കാറായെന്നും തിരിച്ച് വരവ് സാധ്യമല്ലെന്നുമാണ് പലരും വിലയിരുത്തുന്നതെന്നും സൈന നെഹ്‌വാള്‍ പറഞ്ഞു. അത്തരത്തില്‍ ജനങ്ങള്‍ ചിന്തിച്ചു തുടങ്ങുന്നതില്‍ വിഷമമില്ലെന്ന് പ്രതികരിച്ച സൈന നെഹ്‌വാള്‍ ഇങ്ങനെയെങ്കിലും പലരും തന്നെ ഒര്‍ക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ജയപരാജയങ്ങളെക്കുറിച്ച് കൂടുതല്‍ ആകുലപ്പെടാറില്ലെന്ന് പറഞ്ഞ സൈന ഇപ്പോള്‍ വിരമിക്കലിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ടെന്നും അറിയിച്ചു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് 2012 ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ സൈന നെഹ്‌വാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പരിക്കിനെ തുടര്‍ന്ന് ശാസ്ത്രക്രിയക്ക് വിധേയയായി വിശ്രമത്തിലായിരുന്ന സൈന നെഹ്‌വാള്‍ ഈ മാസം 15ന് തുടങ്ങാനിരിക്കുന്ന ചൈന സൂപ്പര്‍ സീരീസ് പ്രീമിയറിലൂടെ കോര്‍ട്ടില്‍ തിരിച്ചെത്തുവാന്‍ തയാറെടുക്കുകയാണ്. എന്നാല്‍ പരിശീലനം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടിട്ടും സൈനയ്ക്ക് പൂര്‍ണമായ ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ല.

കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് സൈന നെഹ്‌വാളിന് കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. അന്ന് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തന്നെ താരം പുറത്താവുകയും ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഇരുപതാം തിയതി മുതലാണ് സൈന നെഹ്‌വാള്‍ മത്സരങ്ങളില്‍ നിന്നും മാറി നിന്നത്.

Comments

comments

Categories: Sports